പി.സി.ഡബ്ല്യു.എഫ് ‘അഹ്‌ലൻ പൊന്നാനി’ മെഗാ ഇവൻറ് നാളെ
text_fieldsപൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ഭാരവാഹികൾ റിയാദിൽ വാർത്തസമ്മേളനത്തിൽ
റിയാദ്: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) റിയാദ് ഘടകം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘അഹ്‌ലൻ പൊന്നാനി’ മെഗാ ഇവൻറ് വെള്ളിയാഴ്ച റിയാദ് ഉമ്മുൽ ഹമാമിലെ ഡൽഹി പബ്ലിക് സ്കൂളിൽ നടക്കും. പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, സിനിമ പിന്നണി ഗായകനും മ്യൂസിക് ആർട്ടിസ്റ്റുമായ മണികണ്ഠൻ പെരുമ്പടപ്പ്, ഖവാലി ഗായകൻ ജാഫർ ആഷിക് എന്നിവരടക്കം നിരവധി വിശിഷ്ട വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കും.
കുട്ടികൾക്കായി ക്ലേ മോഡലിങ്, വനിതകൾക്കായി പായസ മത്സരം, കുരുന്നോത്സവം എന്ന ശീർഷകത്തിൽ കുട്ടികളുടെ കലാപരിപാടികൾ, അംഗങ്ങളുടെ മ്യൂസിക് ഷോ, ബിസിനസ് രംഗത്ത് പ്രഗല്ഭരായവരെയും 30 വർഷം പൂർത്തിയാക്കിയ പൊന്നാനിക്കാരായ പ്രവാസികളെയും ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. ഡൽഹി പബ്ലിക് സ്കൂളിലെ 1500-ഓളം ആളുകൾക്ക് പങ്കെടുക്കാവുന്ന വിശാലമായ ഓഡിറ്റോറിയത്തിലാണ് ആഘോഷം.
പൊന്നാനിയുടെ കലയും സംസ്കാരവും പൈതൃകവും അടുത്തറിയാനും റിയാദിലെ മലയാളി പൊതു സാംസ്കാരിക രംഗത്ത് ഒരു പുതിയ ചരിത്രത്തിന് തുടക്കം കുറിക്കാനും കഴിയുന്ന മഹാ ഇവൻറായിരിക്കും ‘അഹ്‌ലൻ പൊന്നാനി’ എന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാടിന്റെ സാമൂഹിക പുരോഗതിയെ ലക്ഷ്യമാക്കി 17 വർഷം മുമ്പാണ് പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ രൂപവത്കരിക്കുന്നത്. ലോകമെമ്പാടുമുള്ള പൊന്നാനിക്കാരെ ഒരുമിപ്പിച്ചു നിർത്തുകയാണ് സംഘടന. എല്ലാ ജി.സി.സി രാജ്യങ്ങളിലും മറ്റ് വിദേശരാജ്യങ്ങളിലും സംഘടനക്ക് യൂനിറ്റുകളുണ്ട്. എജ്യുസമിതി, മെഡിക്കെയർ, സ്വാശ്രയ തൊഴിൽ സംരംഭങ്ങൾ, എവർഗ്രീൻ കലാസാംസ്കാരിക–സാഹിത്യ വിഭാഗം എന്നിവ ഉൾപ്പെടെ വിവിധ സമിതികളിലൂടെ നിരവധി പദ്ധതികൾ നടപ്പാക്കുന്നു.
സ്ത്രീധനരഹിത വിവാഹങ്ങൾ, ഭവനരഹിതരായ നിർധന അംഗങ്ങൾക്ക് വീടൊരുക്കുന്നതിനായി ‘കൂടെയുള്ളവർക്ക് കൂടൊരുക്കാം’ പദ്ധതി എന്നിവയും നടപ്പാക്കിവരുന്നു. റിയാദ് കമ്മിറ്റി രണ്ടു വർഷം മുമ്പാണ് നിലവിൽവന്നത്. വനിതാ വിഭാഗം, വണ്ടർ കിഡ്സ്, സ്പോർട്സ് വിങ് എന്നീ ഉപഘടകങ്ങളും റിയാദിൽ പ്രവർത്തിക്കുന്നു. ഹജ്ജ് സീസൺ ഭാഗമായി എല്ലാ വർഷവും 100-ലധികം ആളുകളെ ഉൾപ്പെടുത്തി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് അൻസാർ നൈതല്ലൂർ, ജനറൽ സെക്രട്ടറി കബീർ കാടൻസ്, ട്രഷറർ ഷമീർ മേഘ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അൻവർ ഷാ, പ്രോഗ്രാം കോഓഡിനേറ്റർ ആഷിഫ് മുഹമ്മദ്, പ്രോഗ്രാം പബ്ലിസിറ്റി ചെയർമാൻ ലബീബ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

