പി.സി.ഡബ്ല്യു.എഫ് അർധ വാർഷിക ജനറൽ ബോഡി
text_fieldsപൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് കമ്മിറ്റി അർധ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുത്തവർ
റിയാദ്: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് കമ്മിറ്റി 2024-25ലെ അർധ വാർഷിക ജനറൽ ബോഡി ചേർന്നു. ബത്ഹ അൽ ഷായ സെൻറർ ഹാളിൽ ചേർന്ന യോഗം സൗദി നാഷനൽ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അൻസാർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതം പറഞ്ഞു. ഈ കാലഘട്ടത്തിൽ സംഘടനകളുടെയും കൂട്ടായ്മകളുടെയും അനിവാര്യതയെ കുറിച്ച് മുഖ്യ പ്രഭാഷണത്തിൽ ഉപദേശക കമ്മിറ്റി ചെയർമാൻ സലിം കളക്കര വിശദീകരിച്ചു.
ഈ കാലയളവിൽ റിയാദ് കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ട് സെക്രട്ടറി ആഷിഫ് ചങ്ങരംകുളം അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഷമീർ മേഘ അവതരിപ്പിച്ചു. റിപ്പോർട്ടുകളിന്മേൽ കാര്യപ്രസക്തമായ ചർച്ചകൾ നടന്നു. ജനസേവന വിഭാഗം കൺവീനർ റസാഖ് പുറങ്ങ് തെൻറ കീഴിൽ നടന്ന സേവനപ്രവർത്തനങ്ങളെയും ചെയർമാൻ എം.എ. ഖാദർ സാന്ത്വനം പദ്ധതിയെയും കുറിച്ച് വിശദീകരിച്ചു. തുടർന്ന് പരിചയപ്പെടൽ, ചോദ്യോത്തര വേളയിലും സംശയനിവാരണ സദസ്സിലും മുഴുവൻ ആളുകളും പങ്കെടുത്തു.
ആബിദ് പൊന്നാനി, വിഷ്ണു തുടങ്ങിയവരുടെ ഗാനാലാപനത്തോടെ തുടങ്ങിയ രണ്ടാം സെഷൻ അംഗങ്ങളെ ആവേശത്തിലാക്കി. റിയാദ് പൊതുസമൂഹത്തിനിടയിൽ പൊന്നാനിയെ അടയാളപ്പെടുത്തുന്ന രീതിയിൽ വാർഷിക പരിപാടി നടത്താൻ തീരുമാനിച്ചു. അതിനുവേണ്ടി ആദ്യഘട്ട സ്വാഗതസംഘം രൂപവത്കരിക്കുകയും ചെയ്തു. റിയാദിലെ പൊന്നാനി താലൂക്ക് നിവാസികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ സംഘടനാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ ഒഴിവുകളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു. ബക്കർ കളിയിൽ, പി.വി. ഫാജിസ്, അൻവർഷാ, മുക്താർ, ജാഫർ വെളിയങ്കോട്, അനസ് എം. ബാവ, ഷഫീക്ക് ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. ഡിജിറ്റൽ മെംബർഷിപ് അപ്ഡേറ്റിന് ഐ.ടി വിഭാഗം ചെയർമാൻ സംറൂദ് അയിങ്കലം, അൽതാഫ് കളക്കര തുടങ്ങിയവർ നേതൃത്വം നൽകി. വൈസ് പ്രസിഡൻറ് അസ്ലം കളക്കര ആമുഖവും പ്രോഗ്രാം കൺവീനർ വി. അഷ്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

