ചരിത്രം കുറിച്ച്​ പാത്രിയാർക്കീസ്​ ബിശാറ റിയാദിൽ

സൗദി അറേബ്യൻ സന്ദർശനത്തിനെത്തിയ ലെബനാനിലെ മാരനെറ്റ്​ സഭയുടെ പാത്രിയാർക്കീസ്​​​ ബിശാറ ബുത്രൂസ്​ അൽ റാഹിയെ ജി.സി.സി കാര്യ മന്ത്രി സാമിർ അൽ സബ്​ഹാൻ വരവേറ്റപ്പോൾ.

റിയാദ്​: ചരിത്രം സൃഷ്​ടിച്ച്​ പാത്രിയാർക്കീസ്​ ബിശാറ ബുത്രൂസ്​ അൽ റാഹി സൗദിയിലെത്തി​. പശ്​ചിമേഷ്യയിലെ പ്രബല ക്രൈസ്​തവ സഭയായ ലെബനാനിലെ മാരനെറ്റ്​ സഭയുടെ പാത്രിയാർക്കീസായ​​ ബിശാറ തിങ്കളാഴ്​ച രാത്രിയോടെയാണ്​ റിയാദിലെത്തിയത്​. കിങ്​ സൽമാൻ ​എയർബേസിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയ അദ്ദേഹത്തെ ജി.സി.സി കാര്യ മന്ത്രി സാമിർ അൽ സബ്​ഹാ​​െൻറ  നേതൃത്വത്തിൽ സ്വീകരിച്ചു. എയർബേസ്​ മേധാവി സാലിഹ്​ ബിൻ അബ്​ദുല്ല ബിൻ താലിബ്​, റിയാദിലെ ലെബനാൻ അംബാസഡർ അബ്​ദുസ്സത്താർ ഇൗസ എന്നിവരും എത്തിയിരുന്നു. 

സൗദി ഭരണാധികാരി സൽമാൻ രാജാവി​​െൻറ പ്രത്യേക ക്ഷണപ്രകാരമാണ്​ അദ്ദേഹം എത്തിയത്​. ഇതാദ്യമായാണ്​ ഇത്രയും ഉന്നതനായ ഒരു ക്രൈസ്​തവ പുരോഹിതൻ സൗദിയിലെത്തുന്നത്​. വരുംദിവസങ്ങളിൽ സൽമാൻ രാജാവിനെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനെയും അദ്ദേഹം സന്ദർശിക്കും. ലെബനാൻ പ്രധാനമന്ത്രി പദം രാജിവെച്ച്​ നിലവിൽ റിയാദിൽ കഴിയുന്ന സഅദ്​ ഹരീരിയെ സന്ദർശിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്​. ലെബനാനിലെ നിലവിലെ ആഭ്യന്തര പ്രശ്​നങ്ങളിൽ നിഷ്​പക്ഷ നിലപാട്​ സ്വീകരിക്കുന്നയാളാണ്​ പാത്രിയാർക്കീസ്​ ബിശാറ. ഇൗമാസം ആദ്യമാണ്​ അദ്ദേഹത്തെ സൗദി അറേബ്യയിലേക്ക്​ ക്ഷണിച്ചത്​. ലെബനാനിലെ സൗദി ഉപസ്​ഥാനപതി വലീദ്​ ബുഖാരി നേരിട്ടാണ്​ സൽമാൻ രാജാവി​​െൻറ ക്ഷണക്കത്ത്​ അദ്ദേഹത്തിന്​ കൈമാറിയത്​. പാത്രിയാർക്കീസുമായി  ഏറെ അടുപ്പമുള്ള ലെബനീസ്​ പാർലമ​െൻറ്​ അംഗം ബുത്രൂസ്​ ഹാർബ്​ ലെബനീസ്​ ^ സൗദി ബന്ധവും ക്രിസ്​ത്യൻ^ സൗദി ബന്ധവും ഇതുവഴി ശക്​തിപ്പെടുമെന്ന്​ സൂചിപ്പിച്ചു. 77 കാരനായ ബിശാറ ബുത്രൂസ്​ അൽ റാഹി 2011 ലാണ്​ സ്​ഥാനാരോഹണം ചെയ്​തത്​. 77ാമത്​ മാരനൈറ്റ്​ പാത്രിയാർക്കീസാണ്​ അദ്ദേഹം. 

COMMENTS