ലിഫ്റ്റ് കുഴിയിൽ വീണ് ജിദ്ദയിൽ യുവാവിന് ദാരുണാന്ത്യം
text_fieldsജിദ്ദ: തുറന്നുവെച്ച ലിഫ്റ്റിന്റെ കുഴിയിൽ വീണ് ജിദ്ദയിൽ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചിറ്റാർ സ്വദേശി കടലാടിമറ്റത്ത് സനൂപ് കെ. സുരേന്ദ്രൻ (28) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനായി ഇദ്ദേഹം ജോലി ചെയ്യുന്ന അൽഫുർസാൻ ലോജിസ്റ്റിക്സ് കമ്പനി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം.
കേടുപാടുകൾ തീർക്കാനായി തുറന്നുവെച്ച ലിഫ്റ്റിന്റെ വാതിൽ തുറന്ന് അകത്ത് കയറിയ ഉടൻ ഇദ്ദേഹം നേരെ താഴെക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടര വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഇതുവരെ നാട്ടിൽ പോയിട്ടില്ലായിരുന്നു.
അവിവാഹിതനാണ്. പിതാവ്: സുരേന്ദ്രൻ, മാതാവ്: ഗീത, സഹോദരങ്ങൾ: സംഗീത്, സൗഭാഗ്യ. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടു പോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

