പത്തനംതിട്ട ജില്ലാ സംഗമം 16ാമത് വാർഷികാഘോഷം ‘അമൃതോത്സവം 2025’ വെള്ളിയാഴ്ച ജിദ്ദയിൽ
text_fieldsപത്തനംതിട്ട ജില്ലാ സംഗമം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിൽ 16 വർഷമായി പ്രവർത്തിച്ചുവരുന്ന പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ജിദ്ദ വാർഷികാഘോഷം ഈ മാസം 30ന് വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘അമൃതോത്സവം 2025’ എന്ന പേരിൽ തഹ്‌ലിയ റോഡിലുള്ള ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറു മുതൽ രാത്രി 12 മണി വരെയാണ് പരിപാടികൾ. ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും.
അജിത് നീർവിളാകന്റെ രചനയിൽ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് പി.ജെ.എസ് ഡ്രാമ ടീം അവതരിപ്പിക്കുന്ന ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ‘കഥാനായകൻ’ എന്ന നൃത്ത സംഗീത നാടകമാണ് ആഘോഷ പരിപാടികളിലെ പ്രധാന ഇനം. കൂടാതെ പി.ജെ.എസ് വനിതാ വിഭാഗം അവതരിപ്പിക്കുന്ന കൈ കൊട്ടിക്കളി, ഗുഡ് ഹോപ്പ് അക്കാദമിയുടെ ഫ്യൂഷൻ തീം ഡാൻസ്, ഫിനോം അക്കാദമി അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്, ഫൈസ ഗഫൂർ അണിയിച്ചൊരുക്കുന്ന ഒപ്പന, ശ്രീത അനിൽകുമാർ ഒരുക്കുന്ന ഇൻട്രഡക്ഷൻ ഡാൻസ് എന്നിവയും വിവിധ ഗായകരുടെ ഗാനങ്ങളും ഉണ്ടാവും.
എല്ലാ വാർഷികാഘോഷ പരിപാടികളോടനുബന്ധിച്ചും സമൂഹത്തിൽ വിവിധ സേവനങ്ങൾ നൽകുന്നവർക്ക് പി.ജെ.എസ് അവാർഡുകൾ നൽകിവരാറുണ്ട്. ഇത്തവണയും അവാർഡുകൾ നൽകുന്നതായി ഭാരവാഹികൾ അറിയിച്ചു. പി.ജെ.എസിന്റെ എക്സിക്യൂട്ടിവ് അംഗമായിരിക്കെ മരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാർത്ഥം നൽകുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡിനായി മാധ്യമപ്രവർത്തകൻ ജാഫറലി പാലക്കോടിനെ തിരഞ്ഞെടുത്തു.
പി.ജെ.എസ് സ്ഥാപക അംഗമായിരുന്ന ഷാജി ഗോവിന്ദിന്റെ സ്മരണ നിലനിർത്തുന്നതിനായി നൽകിവരുന്ന ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡ് ഇത്തവണ ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ഡോ. ഷിബു തിരുവനന്തപുരത്തിന് സമ്മാനിക്കും. പി.ജെ.എസ് അംഗങ്ങളുടെ മക്കളിൽ പന്ത്രണ്ടാം ക്ലാസ്സിൽ ഉയർന്ന മാർക്ക് നേടുന്ന വിദ്യാർഥിക്ക് നൽകുന്ന എജുക്കേഷൻ അവാർഡ് മുൻ എക്സിക്യൂട്ടിവ് അംഗമായിരുന്ന ആർട്ടിസ്റ്റ് അജയകുമാറിന്റെ മകൾ ആർദ്ര അജയകുമാറിന് നൽകും. അവാർഡുകൾ വാർഷികാഘോഷ പരിപാടിയിൽ വിതരണം ചെയ്യും. ജിദ്ദയിലെ ആതുര സേവനരംഗത്ത് നൽകിവരുന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് പി.ജെ.എസ് സ്ഥാപക അംഗവും മെഡിക്കൽ വിങ് കൺവീനറുമായ സജി കുറുങ്ങാടിനെയും മുൻ ലേഡീസ് വിങ് കൺവീനറായിരുന്ന ബിജി സജിയെയും ചടങ്ങിൽ ആദരിക്കും.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സന്തോഷ് നായർ (0508646093), പ്രോഗ്രാം കൺവീനർ മാത്യു തോമസ് (0509736558), നൗഷാദ് ഇസ്മായിൽ (0508350151), വിലാസ് കുറുപ്പ് (0551056087) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. സന്തോഷ് നായർ, ജോസഫ് വർഗീസ്, നൗഷാദ് ഇസ്മായിൽ, ജോർജ്ജ് വർഗീസ്, അയൂബ് ഖാൻ പന്തളം, മാത്യു തോമസ്, വിലാസ് കുറുപ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

