‘പാസ്‌പോർട്ട് ടു ദ വേൾഡ്’ പ്രവാസി ഉത്സവം ജിദ്ദയിലും
text_fieldsജിദ്ദ: സൗദി ജനറൽ എൻറർടെയ്മെൻറ് അതോറിറ്റി (ജി.ഇ.എ) രാജ്യത്തെ പ്രവാസികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ‘പാസ്‌പോർട്ട് ടു ദ വേൾഡ്’ ജിദ്ദയിലും. ഏപ്രിൽ 30 മുതൽ മെയ് 24 വരെ നീണ്ടുനിൽക്കുന്നതാണ് പരിപാടികൾ. 30 മുതൽ മെയ് മൂന്ന് വരെ ഫിലിപ്പീൻസ് ഫെസ്റ്റാണ്. മെയ് ഏഴ് മുതൽ 10 വരെ ബംഗ്ലാദേശി പ്രവാസികൾക്കും 14 മുതൽ 17 വരെ ഇന്ത്യൻ പ്രവാസികൾക്കും 21 മുതൽ 24 വരെ സുഡാനി പ്രവാസികൾക്കുമാണ് പരിപാടികൾ.
ജിദ്ദ ശറഫിയ്യക്കടുത്ത് അൽവുറുദ് ഡിസ്ട്രിക്ടിലാണ് ഉത്സവത്തിന് അരങ്ങൊരുങ്ങുന്നത്. പ്രവേശനം പൂർണമായും സൗജന്യമാണ്. സൗജന്യ പാസിന് webook.com എന്ന ആപ്പിൽ രജിസ്റ്റർ ചെയ്യണം. സൗദി അറേബ്യയിലെ പ്രവാസി സമൂഹങ്ങൾക്കായി ജി.ഇ.എ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണിത്. ഓരോ രാജ്യത്തിെൻറയും നാടോടി കലാരൂപങ്ങൾ, തുണിത്തരങ്ങൾ, പ്രകൃതി ഘടകങ്ങൾ, വാസ്തുവിദ്യ എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ദൃശ്യ രൂപകൽപ്പനയും കലാപരമായ അടയാളപ്പെടുത്തലുകളും ‘പാസ്‌പോർട്ട് ടു ദ വേൾഡ്’ എന്ന പരിപാടിക്ക് പ്രത്യേക അനുഭവം നൽകും.
പരമ്പരാഗത വസ്ത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ, നൃത്ത പ്രകടനങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സാംസ്കാരിക ഘടകങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഓരോ പവലിയനിലും പ്രത്യേക സ്ഥലങ്ങളുണ്ടാകും. കൂടാതെ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള വിപണികൾ, തിയേറ്ററുകൾ, സംവേദനാത്മക പ്രദർശനങ്ങൾ എന്നിവയുമുണ്ടാകും.
എക്രോസ് കൾച്ചർ, ഗതറിങ്ങ് എന്നീ ഏജൻസികളുടെ സഹകരണത്തോടെയാണ് വിനോദപരിപാടികൾ. സൗദിയിലെ ജീവിത നിലവാരം വർധിപ്പിക്കാനുള്ള ‘വിഷൻ 2030’ ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ ഉത്സവത്തിന്റെ ആദ്യ ഘട്ടം ദമ്മാം അൽ ഖോബാറിലായിരുന്നു. കഴിഞ്ഞ ഒരുമാസമായി അൽ ഖോബാറിലെ ഇസ്കാൻ പാർക്കിലെ പരിപാടി ഈയാഴ്ച സമാപിക്കും. ഈ പരിപാടിയിലേക്ക് വൻ ജനാവലിയാണെത്തുന്നത്.
ഇന്ത്യൻ ഫെസ്റ്റിൽ ഒപ്പന, ബോളിവുഡ് ഡാൻസ്, മുട്ടിപ്പാട്ട്, കളരി, ഭാൻഗ്ര നൃത്തം എന്നീ നാടോടി കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള വർണശബളമായ ഘോഷയാത്രയാണ് നടക്കുക. കലാവിഷ്‌കാരങ്ങൾ, രുചി വൈവിധ്യങ്ങൾ, പരമ്പരാഗത കരകൗശല പ്രദർശനം തുടങ്ങി വ്യത്യസ്ത പരിപാടികളായിരിക്കും അരങ്ങേറുക. നാലു ദിവസവും വൈകീട്ട് നാലു മുതൽ 12 വരെയാണ് പരിപാടികൾ. കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

