പാസ്‌പോർട്ട് സേവന പ്രതിസന്ധിയും ദമ്മാമിൽ ഇന്ത്യൻ കോൺസുലേറ്റും; സാധ്യമായത് ചെയ്യുമെന്ന് കേന്ദ്ര മന്ത്രി
text_fieldsഇന്ത്യൻ വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന സഹമന്ത്രി കീർത്തി വർദ്ധൻ സിങ് റിയാദിൽ സംസാരിക്കുന്നു, സമീപം ഇന്ത്യൻ അംബാസഡർ വിപുൽ
റിയാദ്: പ്രവാസികൾ നേരിടുന്ന പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും മറ്റ് പ്രധാന പ്രശ്നങ്ങളും അതീവ ഗൗരവമുള്ളതാണെന്ന് കേന്ദ്ര വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിങ്. റിയാദിൽ പ്രവാസിസമൂഹത്തെ അഭിസംബോധന ചെയ്യവേ സദസിൽനിന്നുയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
വി.എഫ്.എസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രവാസികൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അംബാസഡർ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളതാണ്. ദമ്മാമിൽ പുതിയൊരു കോൺസുലേറ്റ് ആരംഭിക്കുന്നതിനായി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, മറ്റ് രാജ്യങ്ങൾക്കും അനുമതി നൽകേണ്ടി വരുമെന്നതിനാൽ സൗദി അറേബ്യയുടെ ഭാഗത്തുനിന്ന് ചില തടസ്സങ്ങൾ നേരിടുന്നുണ്ട്. സൗദിയിൽ അമേരിക്കയ്ക്ക് പോലും ഒരു കോൺസുലേറ്റ് മാത്രമേ ഉള്ളൂ എന്ന കാര്യം ഇവിടെ പ്രസ്താവ്യമാണ്. എങ്കിലും ഈ വിഷയത്തിൽ അനുയോജ്യമായ തീരുമാനത്തിനായി ശ്രമങ്ങൾ തുടരുകയാണ്.
പ്രവാസികളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടതുണ്ടെന്ന കാര്യം നേരത്തെ തന്നെ തുറന്നുപറഞ്ഞിട്ടുള്ളതാണ്. സൗദി ഗവൺമെൻറുമായി ചർച്ച നടത്തിയപ്പോൾ അവർ എല്ലാ വിസകളും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും, ഇന്ത്യയ്ക്ക് അനുമതി നൽകിയാൽ മറ്റ് രാജ്യങ്ങൾക്കും നൽകേണ്ടി വരുമെന്ന ഭരണപരമായ ബുദ്ധിമുട്ടുകൾ നിലവിലുണ്ട്.
തൊഴിൽനഷ്ട വിഷയം പരിഗണിക്കും
സൗദിയിൽ നടപ്പാക്കുന്ന സ്വദേശിവൽക്കരണം കാരണം ബ്ലൂ കോളർ, പ്രഫഷനൽ വിഭാഗങ്ങളിൽ പെട്ട നിരവധി ഇന്ത്യൻ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം നിലവിലുണ്ടെന്നും ഓരോ രാജ്യവും സ്വന്തം പൗരന്മാർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നത് സ്വാഭാവികമാണെങ്കിലും, ഇത് പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സദസിൽനിന്ന് ഒരാൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഈ സാഹചര്യത്തിൽ, സൗദിയിലെ പ്രവാസികളായ ഇന്ത്യൻ തൊഴിലാളികൾക്കും പ്രഫഷനലുകൾക്കും സഹായകരമാകുന്ന രീതിയിൽ ഒരു മൊബൈൽ ആപ്ലിക്കേഷനോ ഓൺലൈൻ പ്ലാറ്റ്‌ഫോമോ നിർമിക്കണമെന്നും അയാൾ ആവശ്യപ്പെട്ടു. സൗദിയിലുള്ള വിവിധ ഇന്ത്യൻ കമ്പനികൾക്ക് ഈ പ്ലാറ്റ്‌ഫോം വഴി തൊഴിൽ നഷ്ടപ്പെട്ടവരുടെ പ്രൊഫൈലുകൾ പരിശോധിച്ച് പുതിയ തൊഴിലവസരങ്ങൾ നൽകാൻ സാധിക്കും.
നിലവിൽ വാമൊഴിയായും പ്രത്യേക ഫോറങ്ങൾ വഴിയുമാണ് എംബസി പിന്തുണ നൽകുന്നത്. എന്നാൽ ഈ സഹായം എംബസിയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് കൂടുതൽ സംഘടിതവും വ്യവസ്ഥാപിതവുമായി നടപ്പാക്കിയാൽ അത് പ്രവാസി സമൂഹത്തിന് വലിയാരു ആശ്വാസമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
തൊഴിലന്വേഷകരെയും ബിസിനസ് സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന നിർദ്ദേശം വളരെ മികച്ചതാണെന്ന് മന്ത്രി മറുപടി നൽകി. എല്ലാത്തരം വികസനങ്ങളുടെയും നട്ടെല്ലാണ് ഐ.ടി മേഖല. സർക്കാരിെൻറ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിൽ വിവരസാങ്കേതികവിദ്യ വലിയ പങ്കാണ് വഹിക്കുന്നത്. ഈ നിർദ്ദേശം പ്രായോഗികതലത്തിൽ നടപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

