യാമ്പുവിൽ പാസ്പോർട്ട് സേവനം താൽകാലികമായി നിർത്തിയത് പ്രവാസികളെ വലക്കുന്നു
text_fieldsയാമ്പു: പാസ്പോർട്ട് സേവാകേന്ദ്രമായ യാമ്പു ടൗണിലെ ‘വേഗ’ ഓഫീസിൽ ഇന്ത്യൻ കോൺസുലാർ മാസാന്ത സന്ദർശം നടത്തുമ്പോൾ മാത്രം പാസ്പോർട്ട് അപേക്ഷ സ്വീകരിച്ചാൽ മതിയെന്ന തീരുമാനം പ്രവാസികളെ വലക്കുന്നു. യാമ്പുവിലെ പ്രവാസികൾക്ക് പുറമെ ഉംലജ്, അൽ റൈസ്, ബദ്ർ, റാബിഖ്, മദീന തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ധാരാളം പേർ പാസ്പോർട്ട് സംബന്ധമായ അപേക്ഷ സമർപ്പിക്കാൻ ദിവസവും ഇവിടെ എത്താറുണ്ട്. അപേക്ഷ സ്വീകരിച്ച് രണ്ടോ മൂന്നോ ആഴ്ചകൾക്കകം പാസ്പോർട്ട് ലഭ്യമാക്കാൻ കഴിയുമായിരുന്നു. പുതിയ തീരുമാനപ്രകാരം അപേക്ഷ സമർപ്പിക്കാൻ ഒരുമാസം കാത്തിരിക്കേണ്ട അവസ്ഥയാണ്.
എല്ലാമാസവും ആദ്യ വെള്ളിയാഴ്ചയാണ് ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ യാമ്പുവിലെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പാസ്പോർട്ട് അപേക്ഷക്കും കുട്ടികളുടെ ടി.സി അറ്റസ്റ്റ് ചെയ്യുന്നതിനുമായി നിരവധി പേർ ഇവിടെ എത്തിയിരുന്നു. അഭൂതപൂർവമായ തിരക്ക് കാരണം കുടുസ്സായ ഈ ഓഫീസ് വീർപ്പുമുട്ടിയ സ്ഥിതിയായിരുന്നു അന്ന്. കാലാവധി തീരാനായ പാസ്‌പോർട്ടുകൾ പുതുക്കാനും നാട്ടിലേക്ക് മടങ്ങാനും ഒരുങ്ങുന്ന യാമ്പു മേഖലയിലെ പ്രവാസികൾക്ക് ഈ തീരുമാനം ഇരുട്ടടിയായി മാറിയിരിക്കുകയാണ്. ദിവസവും പാസ്‌പോർട്ടിന് അപേക്ഷ സ്വീകരിക്കാൻ കഴിയുന്ന അവസ്ഥ പുനഃസ്ഥാപിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. ഇന്ത്യൻ എംബസി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
