വിമാനയാത്രക്കാർ ഷെഡ്യൂളുകൾ മുൻകൂട്ടി പരിശോധിക്കണം; ജാഗ്രത നിർദേശവുമായി ‘ഗാക’
text_fieldsറിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം (ഫയൽ ചിത്രം)
യാംബു: പശ്ചിമേഷ്യയിലെ നിലവിലെ സവിശേഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിമാനയാത്രക്കാർക്കായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക) പ്രത്യേക ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. മേഖലയിലെ സംഭവവികാസങ്ങൾ മൂലം വിമാന സർവീസുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് നിർബന്ധമായും പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു. അപ്ഡേറ്റ് ചെയ്ത ഫ്ലൈറ്റ് ഷെഡ്യൂളുകളെക്കുറിച്ചും ലഭ്യമായ യാത്രാ ഓപ്ഷനുകളെക്കുറിച്ചും അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൃത്യത വരുത്തണം. വിമാന കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, മറ്റ് ആശയവിനിമയ ചാനലുകൾ എന്നിവ വഴി ഏറ്റവും പുതിയ വിവരങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്ന് യാത്രക്കാരോട് അതോറിറ്റി ആവശ്യപ്പെട്ടു.
വിമാന ഗതാഗതത്തിെൻറ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സേവനങ്ങളുടെ കാര്യക്ഷമത നിലനിർത്താനുമാണ് ഈ മുൻകരുതൽ നടപടിയെന്ന് അതോറിറ്റി വക്താവ് വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കുന്നത് വിമാനത്താവളങ്ങളിലെ അനാവശ്യ തിരക്കും പ്രയാസങ്ങളും ഒഴിവാക്കാൻ സഹായിക്കും. ദേശീയ വിമാനക്കമ്പനികൾ വാഗ്ദാനം ചെയ്യുന്ന യാത്രാസൗകര്യങ്ങളും ഇളവുകളും പ്രയോജനപ്പെടുത്തുന്നതിനും ഷെഡ്യൂളുകൾ സ്ഥിരീകരിക്കുന്നതിനും എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. നിലവിലെ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വിമാനത്താവള പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ നൽകുന്ന നിർദേശങ്ങൾ യാത്രക്കാർ പൂർണമായും പാലിക്കണം. യാത്രക്കാരുടെ പരാതികളും അന്വേഷണങ്ങളും ഔദ്യോഗിക മാർഗങ്ങളിലൂടെ 24 മണിക്കൂറും സമർപ്പിക്കാവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

