ലണ്ടനിൽ ലാൻഡ് ചെയ്ത സൗദിയ വിമാനത്തിൽ യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിച്ചു
text_fieldsഅൽഖോബാർ: ലണ്ടൻ നഗരത്തിലുള്ള ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ, സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) യാത്രക്കാരൻ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. സൗദി അറേബ്യയുടെ നാഷനൽ ട്രാൻസ്പോർട്ട് സേഫ്റ്റി സെന്റർ (എൻ.ടി.എസ്.സി) ശനിയാഴ്ച 'എക്സ് ’ അക്കൗണ്ടിൽ നൽകിയ പ്രസ്താവനയിൽ ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതായി അറിയിച്ചു.
ജിദ്ദയിൽനിന്ന് ലണ്ടനിലേക്കുള്ള എസ്.വി 119 നമ്പർ വിമാനത്തിലായിരുന്നു സംഭവം. ജിദ്ദയിൽനിന്ന് പുറപ്പെട്ട സൗദിയ വിമാനം ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങി റൺവേയിൽ സഞ്ചരിക്കുന്ന സമയത്ത് ഒരാൾ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രത്യക്ഷത്തിൽ മാനസികാരോഗ്യപ്രശ്നങ്ങളുള്ളയാളാണെന്ന് കരുതപ്പെടുന്ന യാത്രക്കാരൻ വാതിലിന്റെ ഹാൻഡിൽ മാറ്റാൻ ശ്രമിച്ചപ്പോൾ വിമാന ജീവനക്കാർ സമയോചിതമായി ഇടപെട്ട് യാത്രക്കാരനെ വാതിലിൽ നിന്ന് മാറ്റിനിർത്തി.
ഇതുവഴി എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. സംഭവ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനായി സൗദി എയർലൈൻസും ബ്രിട്ടീഷ് അധികാരികളും ചേർന്ന് അന്വേഷണം തുടരുന്നതായും എൻ.ടി.എസ്.സി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

