യാത്രക്കാരുടെ പരാതികൾ ഏറ്റവും കൂടുതൽ ജിദ്ദ വിമാനത്താവളത്തിൽ
text_fieldsജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം
റിയാദ്: യാത്രക്കാർ സമർപ്പിച്ച പരാതികളുടെ എണ്ണത്തിൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. 2024 ൽ 289 പരാതികളാണ് ലഭിച്ചത്. ഈ പരാതികളിന്മേൽ നടപടി സ്വീകരിച്ചതിന്റെ നിരക്ക് 94 ശതമാനമാണ്. യാംബു അമീർ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് ഏറ്റവും കുറഞ്ഞ പരാതികൾ രേഖപ്പെടുത്തിയത്. 100 ശതമാനമാണ് പരാതി പരിഹാര നിരക്ക്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ റിപ്പോർട്ട് പ്രകാരം വിമാനത്താവളങ്ങളിലെ യാത്രക്കാരിൽനിന്നുള്ള ഏറ്റവും സാധാരണമായ പരാതികളുടെ പട്ടികയിൽ പൊതുസേവനങ്ങളും സൗകര്യങ്ങളുമാണ് മുന്നിൽ, 461 പരാതികൾ.
ഗതാഗത വിഷയത്തിൽ 137 പരാതികളാണ് ലഭിച്ചത്. യാത്രാനടപടിക്രമങ്ങൾ സംബന്ധിച്ച 126 പരാതികളുമുണ്ടായി. സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചുള്ള 125 പരാതികളും ബാഗേജ് സംബന്ധിച്ച് 48 പരാതികളുമാണ് ലഭിച്ചത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് പരാതികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് (172). ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം (121 പരാതികൾ), മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം (64), ജിസാൻ കിങ് അബ്ദുല്ല വിമാനത്താവളം (50), അബഹ അന്താരാഷ്ട്ര വിമാനത്താവളം (47), ത്വാഇഫ് അന്താരാഷ്ട്ര വിമാനത്താവളം (32), തബൂക്ക് അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളം (31), അൽജൗഫ് വിമാനത്താവളം (31), ഹാഇൽ വിമാനത്താവളം (21), നജ്റാൻ വിമാനത്താവളം (21), ഖസീം അമീർ നാഇഫ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം (20), അറാർ വിമാനത്താവളം (13), അൽബാഹ കിങ് സഊദ് വിമാനത്താവളം (10) എന്നിങ്ങനെയാണ് പരാതികളുടെ എണ്ണത്തിൽ മറ്റ് വിമാനത്താവളങ്ങളുടെ സ്ഥാനക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

