റെഡ് സീ ഫിലിം ഫൗണ്ടേഷനും അമേരിക്കൻ സംഘടനയും തമ്മിലുള്ള പങ്കാളിത്തം പുതുക്കി
text_fieldsജിദ്ദ: ആഗോള ചലച്ചിത്ര രംഗത്ത് പുത്തൻ പ്രതിഭകളെ വാർത്തെടുക്കുന്നതിനും സിനിമാ നിർമാണത്തിന് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്നതിനുമായി റെഡ് സീ ഫിലിം ഫൗണ്ടേഷനും പ്രശസ്ത അമേരിക്കൻ സംഘടനയായ ഫിലിം ഇൻഡിപെൻഡൻറും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പുതുക്കി. റെഡ് സീ ലാബ്സിന്റെ ഫീച്ചർ ഫിലിം പ്രോഗ്രാമിന് കീഴിൽ തുടർച്ചയായ മൂന്നാം വർഷമാണ് ഈ സഹകരണം തുടരുന്നത്.
ചലച്ചിത്ര പ്രവർത്തകർക്ക് പ്രൊഫഷണൽ മാർഗനിർദേശങ്ങളും സർഗാത്മകമായ പിന്തുണയും നൽകിക്കൊണ്ട് അവരെ ആഗോള സിനിമയുടെ മുൻനിരയിലേക്ക് എത്തിക്കുകയെന്നതാണ് ഈ നീക്കത്തിലൂടെ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.ഈ പങ്കാളിത്തത്തിലൂടെ ചലച്ചിത്ര പ്രവർത്തകർക്ക് അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരുമായും മെൻറർമാരുമായും നേരിട്ട് സംവദിക്കാനും സിനിമകളുടെ പ്രാരംഭ ഘട്ടം മുതൽ നിർമാണം വരെയുള്ള കാര്യങ്ങളിൽ കൃത്യമായ പരിശീലനം നേടാനും സാധിക്കും. ആഗോള സിനിമാ വിപണിയുടെ പ്രവർത്തനരീതികൾ മനസ്സിലാക്കുന്നതിനും തങ്ങളുടെ സൃഷ്ടികൾക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭ്യമാക്കുന്നതിനും ഈ പ്രോഗ്രാം ഒരു വലിയ വേദിയായി മാറും.
വളർന്നുവരുന്ന പ്രതിഭകളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി 2026ലെ ഫീച്ചർ ഫിലിം പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്ത 12 പ്രോജക്ടുകളുടെ പട്ടിക ഫൗണ്ടേഷൻ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിൽ സൗദി അറേബ്യയിൽ നിന്നുള്ള മൂന്ന് പ്രോജക്ടുകളും അറബ് ലോകം, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് അന്താരാഷ്ട്ര പ്രോജക്ടുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
വൈവിധ്യമാർന്ന ആഖ്യാനശൈലികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സിനിമകളെ ആഗോളതലത്തിൽ എത്തിക്കുന്നതിനും ഈ തെരഞ്ഞെടുപ്പ് സഹായിക്കും. റെഡ് സീ ലാബ്സിന്റെ പ്രവർത്തനങ്ങളിലെ ഏറ്റവും നിർണായകമായ ഒന്നാണ് ഈ പ്രോഗ്രാമെന്ന് ലാബ്സ് ഡയറക്ടർ റയാൻ അഷൂർ അഭിപ്രായപ്പെട്ടു. ഫിലിം ഇൻഡിപെൻഡന്റുമായുള്ള സഹകരണം ആഗോള വൈദഗ്ധ്യവും അനുഭവപരിചയവും ഒന്നിപ്പിക്കാൻ സഹായിക്കുമെന്നും, ഇത് ചലച്ചിത്ര നിർമാതാക്കൾക്ക് തങ്ങളുടെ സൃഷ്ടികൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഗുണനിലവാരമുള്ള പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

