പക്ഷാഘാതം ബാധിച്ച മലയാളിയെ നാട്ടിലെത്തിച്ചു
text_fieldsനാട്ടിലേക്കു കൊണ്ടുപോകാൻ നവാസ് ഖാനെ ആംബുലൻസിൽ റിയാദിലെത്തിച്ചപ്പോൾ
ബുറൈദ: പക്ഷാഘാതം ബാധിച്ച് ഖസീം പ്രവിശ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു. 30 വർഷമായി അൽഅസിയ മുനിസിപ്പാലിറ്റിയിൽ (ബലദിയ) ജീവനക്കാരനായിരുന്ന തിരുവനന്തപുരം സ്വദേശി നവാസ് ഖാനെയാണ് ഏഴു മാസത്തെ ചികിത്സക്കൊടുവിൽ സാമൂഹിക പ്രവർത്തകർ ഇടപെട്ട് കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചത്. ജോലിക്കിടെ ഏഴു മാസം മുമ്പ് പക്ഷാഘാതമുണ്ടായതിനെ തുടർന്ന് അൽഅസിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം കിങ് ഫഹദ് ആശുപത്രിയിലേക്കു മാറ്റി അടിയന്തര ശസ്ത്രക്രിയ നടത്തി.
വീണ്ടും അൽഅസിയ ആശുപത്രിയിലേക്കു തന്നെ മാറ്റി ചികിത്സയിൽ തുടർന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് അയക്കാൻ ശ്രമിച്ചെങ്കിലും സ്ട്രെച്ചർ സൗകര്യം ലഭിക്കാതിരുന്നതും േകാവിഡ് സാഹചര്യവും കാരണം യാത്ര വൈകുകയായിരുന്നു. ബുറൈദ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്മാന് ഫൈസൽ ആലത്തൂരിെൻറ നിരന്തര ഇടപെടലാണ് നവാസ് ഖാന് തുണയായത്. ഞായറാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കൊല്ലം സ്വദേശികളായ നൗഫൽ മൻസൂർ, അമീർ എന്നിവരും ഇദ്ദേഹത്തിന് സഹായവുമായി കൂടെയുണ്ടായിരുന്നു. ദീർഘകാലത്തെ ആശുപത്രിവാസത്തിൽ അൽ അസിയ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് ഷീബയുടെ നേതൃത്വത്തിൽ മറ്റ് നഴ്സുമാരുടെ പരിചരണവും നവാസ് ഖാന് വളരെ ആശ്വാസമായിരുന്നു. ബലദിയ ഏർപ്പാടാക്കിയ ആംബുലൻസിലാണ് അൽഅസിയയിൽനിന്നു റിയാദിലേക്ക് കൊണ്ടുപോയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഇദ്ദേഹത്തെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

