റിയാദ് നഗരത്തിലെ രണ്ട് ഡിസ്ട്രിക്റ്റുകളിൽ കൂടി പാർക്കിങ് നിയന്ത്രണം നാളെ മുതൽ
text_fieldsറിയാദ്: തലസ്ഥാന നഗരിയിലെ ഗതാഗത ക്രമീകരണവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി നടപ്പാക്കുന്ന നിയന്ത്രിത പാർക്കിങ് സംവിധാനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഞായറാഴ്ച മുതൽ അൽ മുഗ്രസാത്ത്, അൽ നുസ്ഹ എന്നീ ഡിസ്ട്രിക്റ്റുകളിൽ പുതിയ പാർക്കിങ് നിയമങ്ങൾ നിലവിൽ വരുമെന്ന് ‘റിയാദ് പാർക്കിങ്’ അധികൃതർ അറിയിച്ചു.
ഇതോടെ പദ്ധതി നടപ്പാക്കിയ ഡിസ്ട്രിക്റ്റുകളുടെ എണ്ണം 15 ആയി ഉയർന്നു. വാണിജ്യ മേഖലകളിലെ പാർക്കിങ് ക്രമീകരിക്കാനും, വാഹനങ്ങൾ അനധികൃതമായി പാർപ്പിട മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയാനുമാണ് ഈ നീക്കം. നേരത്തെ അൽ വുറൂദ്, അൽ റഹ്മാനിയ, അൽ മുറൂജ്, അൽ ഒലയ (ഈസ്റ്റ് ആൻഡ് വെസ്റ്റ്), സുലൈമാനിയ, അൽ മുഹമ്മദിയ, കിങ് അബ്ദുല്ല, കിങ് സൽമാൻ, അൽ മസീഫ്, മുർസലാത്ത്, അൽ ഖുദ്‌സ്, കിങ് ഫഹദ് എന്നീ ഡിസ്ട്രിക്റ്റുകളിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു.
തെരുവുകളിലെ ക്രമരഹിതമായ പാർക്കിങ് ഒഴിവാക്കി നഗരത്തിന്റെ ഭംഗി നിലനിർത്തുന്നതിനൊപ്പം, താമസക്കാർക്കും സന്ദർശകർക്കും പാർക്കിങ് സൗകര്യം ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാണിജ്യ സ്ഥാപനങ്ങളിൽ എത്തുന്നവർ പാർപ്പിട മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിലൂടെ കോളനികളിലെ സമാധാനവും സുഗമമായ വാഹനസഞ്ചാരവും ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഡിസ്ട്രിക്റ്റിലെ താമസക്കാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും (മാതാപിതാക്കൾ, മക്കൾ) ഒരു വർഷം കാലാവധിയുള്ള സൗജന്യ പാർക്കിങ് പെർമിറ്റുകൾ ലഭിക്കും. ‘റിയാദ് പാർക്കിങ്’ ആപ്പ് വഴി പെർമിറ്റുകൾ ലളിതമായി ഇഷ്യൂ ചെയ്യാവുന്നതാണ്. കൂടാതെ, താമസക്കാരുടെ അതിഥികൾക്കായി പ്രത്യേക സൗജന്യ വിസിറ്റർ പെർമിറ്റുകളും ആപ്പ് വഴി ലഭ്യമാകും.
പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പ്രദേശവാസികൾക്കിടയിൽ കൃത്യമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പെർമിറ്റുകൾ എടുക്കുന്നതിനായി താമസക്കാർക്ക് മൊബൈൽ സന്ദേശങ്ങൾ അയക്കുന്ന രീതിയാണ് നിലവിലുള്ളത്. പെർമിറ്റില്ലാത്ത വാഹനങ്ങൾ പാർപ്പിട മേഖലകളിൽ പാർക്ക് ചെയ്യുന്നത് നിരീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
2026 അവസാനത്തോടെ കൂടുതൽ ഡിസ്ട്രിക്റ്റുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് റിയാദ് പാർക്കിങ് ലക്ഷ്യമിടുന്നത്. ഈ പരിഷ്കാരം തലസ്ഥാന നഗരിയിലെ യാത്രാനുഭവം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

