Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൈദരലി ശിഹാബ്​...

ഹൈദരലി ശിഹാബ്​ തങ്ങളുടെ വിയോഗം: ജിദ്ദയിൽ നിന്ന്​ അനുശോചന പ്രവാഹം

text_fields
bookmark_border
ഹൈദരലി ശിഹാബ്​ തങ്ങളുടെ വിയോഗം: ജിദ്ദയിൽ നിന്ന്​ അനുശോചന പ്രവാഹം
cancel

ജിദ്ദ: അന്തരിച്ച മുസ്​ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രവാസികളുടെ അഭയകേന്ദ്രമായിരുന്നുവെന്നും തങ്ങളുടെ വിയോഗം ഏറ്റവും വലിയ നഷ്ടമുണ്ടാക്കുക പ്രവാസി സമൂഹത്തിനായിരിക്കുമെന്നും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ്​ അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രവാസികൾക്ക് എന്ത് പ്രയാസം വന്നാലും ജിദ്ദ കെ.എം.സി.സി അടക്കം എല്ലാവരും തങ്ങളെയാണ് ആദ്യം ബന്ധപ്പെടാറുള്ളത്. സൗദി പ്രവാസികൾ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു നിതാകാത്ത്. അന്ന് പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാറിൽ ഏറ്റവും വലിയ സമ്മർദ്ധ ശക്തിയായത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ്. പ്രശ്ന പരിഹാരത്തിന് മന്ത്രിതല സംഘത്തെ സൗദിയിലേക്ക് അയക്കണമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ തങ്ങൾ നേരിട്ട് വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. യുക്രൈയിനിൽ ഒരു അന്താരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്ന വിദേശകാര്യ മന്ത്രി ഇ. അഹമ്മദിനെ വിളിച്ച് അടിയന്തിരമായി മടങ്ങി വരണമെന്നും സൗദിയിലെ പ്രവാസികളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നും തങ്ങൾ പറഞ്ഞത് ജിദ്ദ കെ.എം.സി.സി.ക്ക് നേരിട്ട് അറിയാവുന്ന വിഷയമാണ്. സൗദിയിലെത്തിയ മന്ത്രിമാരായ ഇ. അഹമ്മദിനെയും വയലാർ രവിയെയും പിന്നെയും പല തവണ തങ്ങൾ നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതിന് തങ്ങളൊക്കെ സാക്ഷികളാണെന്ന് ഭാരവാഹികൾ അനുസ്‌മരിച്ചു.

കോവിഡിന്‍റെ തുടക്കത്തിൽ പ്രവാസ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ എന്ത് വില കൊടുത്തും പ്രവാസികളെ സഹായിക്കാൻ കെ.എം.സി.സിക്ക് കൽപ്പന നൽകിയത് തങ്ങളായിരുന്നു. ഓരോ ആഴ്ചയിലും അന്ന് പാണക്കാടിരുന്ന് തങ്ങളുടെ അധ്യക്ഷതയിൽ വിവിധ ലോകരാജ്യങ്ങളിലെ കെ.എം.സി.സി നേതാക്കളുടെ കോവിഡ് സഹായ അവലോകന യോഗങ്ങൾ നടക്കുമായിരുന്നു. ഓരോ യോഗത്തിലും വിവിധ രാജ്യങ്ങളിലെ അവസ്ഥകളും അവിടത്തെ പ്രവർത്തനങ്ങളും തങ്ങൾ തന്നെ നേരിട്ട് ചോദിക്കുകയും വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ തങ്ങൾ എത്ര ജാഗ്രതയോടെ പ്രവർത്തിച്ചു എന്നതിന് ഏറ്റവും വലിയ തെളിവായിരുന്നു കെ.എം.സി.സിയുടെ ഒന്നാം ഘട്ട കോവിഡ് റിലീഫിന്‍റെ 110 കോടി രൂപയുടെ കണക്ക് തങ്ങൾ തന്നെ അദ്ധേഹത്തിന്‍റെ ഫെസ്ബുക് പേജിലൂടെ പ്രസിദ്ധീകരിച്ചത്.

പ്രവാസ ലോകത്ത് ജയിലിലകപ്പെട്ടവരുടെയും മറ്റ് പ്രശ്നങ്ങളിൽപ്പെട്ടവരുടെയും രക്ഷിതാക്കളും ഭാര്യമാരുമൊക്കെ ആവലാതികളുമായി തങ്ങളെ സമീപിക്കാറുണ്ട്. അപ്പോഴൊക്കെ ആ പ്രദേശത്തെ കെ.എം.സി.സി നേതാക്കളെ ഉടൻ തന്നെ തങ്ങൾ നേരിട്ട് വിളിക്കുമായിരുന്നു. ജിദ്ദ കെ.എം.സി.സിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയ തങ്ങൾ ഞങ്ങളോട് പറഞ്ഞത് ഓഫീസിൽ സഹായം തേടി വരുന്ന ഒരാളെയും നിരാശയോടെ മടക്കി അയക്കരുത് എന്നായിരുന്നു. കെ.എം.സി.സിയുടെ ഹജ്ജ് സേവന പ്രവർത്തനങ്ങളെയും തങ്ങൾ വളരെ ഗൗരവമായി അന്വേഷിക്കുകയും അതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ടായിരുന്നു. മതേതരത്വത്തിന്‍റെ കാവൽക്കാരനായ തങ്ങളുടെ സാനിധ്യം സർവ്വ മത സൗഹൃദത്തിന് അനിവാര്യമായിരുന്നു. മുസ്​ലിം സമുദായത്തിന്‍റെ അഭ്യന്തര ഐക്യം ഊട്ടി ഉറപ്പിക്കാറുള്ളതും തങ്ങളായിരുന്നു. പാവപ്പെട്ടവർക്ക് ഒരു അത്താണിയാണ് അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ നഷ്ടമായത്. തങ്ങളുടെ വിയോഗം പ്രവാസികൾക്ക് നികത്താനാവാത്ത നഷ്ടമായിരുക്കും എന്നുറപ്പാണെന്ന് കെ.എം.സി.സി നേതാക്കൾ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച വൈകീട്ട് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്ങളുടെ പേരിൽ മയ്യിത്ത് നമസ്കാരവും അനുശോചന യോഗവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

ജിദ്ദ സര്‍ഗ്ഗ വേദി

ജിദ്ദ: മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അനിഷേധ്യ നേതാക്കളില്‍ ഒരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ജിദ്ദ സര്‍ഗ്ഗ വേദി അനുശോചനം രേഖപ്പെടുത്തി. നിര്‍ണ്ണയാക ഘട്ടത്തില്‍ കേരളത്തില്‍ മുസ്​ലിം പിന്നോക്ക രാഷ്ട്രീയത്തിന് കരുത്ത് പകരുകയും ധീരമായ നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്നു അനുശോചന കുറിപ്പില്‍ പറഞ്ഞു. കേരളത്തില്‍ മത സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതിലും സമുദായ ഐക്യം കെട്ടിപ്പടുക്കുന്നതിലും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കിയ സംഭവാനകള്‍ കേരളീയ സമൂഹം എക്കാലത്തും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നതാണ്. സൗമ്യമായ സംഭാഷണം കൊണ്ടും ലളിത ജീവിതം കൊണ്ടും ശ്രയേമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ആയിരങ്ങള്‍ക്ക് പ്രാര്‍ത്ഥനകളിലൂടെയും സാമീപ്യത്തിലൂടെയും ആശ്വാസം നല്‍കിയ അശണരുടെ അത്താണിയായിരുന്നു അദ്ദേഹം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം നികത്താനാവാത്ത നഷ്ടമാണ് കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് സര്‍ഗ്ഗ വേദി രക്ഷാധികാരി സി.എച്ച് ബഷീര്‍, പ്രസിഡന്റ് അഡ്വ. ശംസുദ്ദീന്‍, കണ്‍വീനര്‍ അബ്ദുലതീഫ് കരിങ്ങനാട് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി

ജിദ്ദ: മുസ്​ലിംലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി അനുശോചിച്ചു. തങ്ങളുടെ മരണം കേരളക്കരയെ പോലെ തന്നെ പ്രവാസ ലോകവും വലിയ വേദനയാടെയാണ് അറിഞ്ഞത്. പ്രവാസ ലോകത്തെ വിസ്മയമായ കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി 21 വർഷം മുമ്പ് നടപ്പിൽ വരുത്തുമ്പോൾ പ്രസ്തുത ട്രസ്റ്റിന്‍റെ മുഖ്യരക്ഷാധികാരിയായ തങ്ങൾ നൽകിയ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയുംപദ്ധതിയെ ഉച്ഛൈസ്തിയിൽ എത്തിക്കുന്നതിന് സഹായിച്ചതായും രാഷ്ട്രീയ, സാമുദായിക, ആത്മീയ നേതൃസ്ഥാനം അലങ്കരിച്ച തങ്ങൾ മത സൗഹാർദ്ദത്തിനും സാമുദായ ഐക്യത്തിനും വലിയ വില കല്പിച്ചിരുന്നുവെന്നും ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നതായി ജില്ല കമ്മറ്റി പ്രസിഡന്റ് ഗഫൂർ പട്ടിക്കാടും ജനറൽ സെക്രട്ടറി ഹബീബ് കല്ലനും അറിയിച്ചു.

പ്രവാസി സാംസ്‌കാരിക വേദി

ജിദ്ദ: മുസ്​ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ സമുദായ നേതാവ് എന്നതിനേക്കാൾ രാഷ്ട്രീയ ആത്മീയ രംഗങ്ങളിൽ കരുത്തുറ്റ നേതൃത്വത്തെയാണ് കേരളീയ സമൂഹത്തിന് നഷ്ടമായതെന്ന് പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേൻ പ്രൊവിൻസ് എക്‌സിക്യൂട്ടീവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. തങ്ങളുടെ വിയോഗം കേരളീയ സമൂഹത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. മുസ്​ലിം സമുദായത്തിന്‍റെ ഐക്യത്തിലും രാഷ്ട്രീയ മുന്നേറ്റങ്ങളിലും വിശാലതയോടു കൂടിയുള്ള നിലപാടുകൾ സ്വീകരിച്ച സൗമ്യമായ വ്യക്തിത്വമായിരുന്നു ഹൈദരാലി തങ്ങളെന്ന് പ്രവാസി സാംസ്‌കാരിക വേദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഐ.എം.സി.സി സൗദി

ജിദ്ദ: മുസ്​ലിംലീഗ്‌ സംസ്ഥാന അധ്യക്ഷനും സമസ്ഥ ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാദിയുമായ ഏവരാലും ആദരിക്കപ്പെട്ടിരുന്ന ഹൈദരലി ശിഹാബ്‌ തങ്ങൾ സൗമ്യതയുടെ ഉദാത്തമായ അടയാളവും പ്രതീകവുമായിരുന്നുവെന്ന് ഐ.എം.സി.സി സൗദി കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഏതു കലുഷിത സാഹചര്യത്തിലും വളരെ സൗമ്യതയിലും സ്നേഹവായ്‌പ്പോടെയും ഇടപെടുന്ന തങ്ങളുടെ ശൈലി കേരള സമൂഹം എന്നും ആദരവോടെ സ്മരിക്കും. സമൂഹത്തിലെ ആശരണർക്ക് എന്നും എന്ത് വിഷയത്തിന്നായാലും ഒരു പരിഹാര സ്രോതസ്സായിരുന്നു തങ്ങൾ. സ്നേഹവും കാരുണ്യവും വഴി ഒരു സമൂഹത്തിന് ദിശാബോധം നൽകിയ തങ്ങളുടെ വിയോഗം കേരളീയ സമൂഹത്തിനു വലിയ നഷ്ടമാണ്. തങ്ങളുടെ വേർപാടിൽ സൗദി ഐ.എം.സി.സി അഗാതമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഐ.എം.സി.സി സൗദി പ്രസിഡന്റ് എ.എം അബ്ദുള്ളക്കുട്ടി അറിയിച്ചു.

സൗദി ഇന്ത്യൻ ഇസ്​ലാഹി സെന്‍റർ

ജിദ്ദ: മുസ്​ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മതേതര കേരളത്തിനും മുസ്​ലിം സമുദായത്തിനും വലിയ നഷ്ടമാണെന്ന് സൗദി ഇന്ത്യൻ ഇസ്​ലാഹി സെന്റർ നാഷനൽ കമ്മിറ്റി അനുസ്‌മരണ സന്ദേശത്തിൽ അറിയിച്ചു. മിതഭാഷിയും സൗമ്യനുമായിരുന്ന അദ്ദേഹം രാജ്യത്ത് മതസൗഹാർദ്ദം നിലനിർത്തുന്നതിൽ വഹിച്ച പങ്ക് നിസ്തുലമായിരുന്നുവെന്നും ജാതിമത രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും സ്നേഹവും ആദരവും ലഭിച്ച ഹൈദരലി ശിഹാബ് തങ്ങൾ സമുദായ സംഘടനകളുടെ ഐക്യത്തിനായി ഏറെ പ്രവർത്തിച്ച വ്യക്തിത്വമായിരുന്നെന്നും അനുസ്മരണ സന്ദേശത്തിൽ അറിയിച്ചു.

ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി

ജിദ്ദ: മതേതര പ്രസ്ഥാനങ്ങളുടെ നായകനെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിലൂടെ കേരളത്തിന് നഷ്ടമായതെന്നും പാവങ്ങളുടെ ആശ്രയവും അത്താണിയുമായിരുന്നു അദ്ദേഹമെന്നും ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. തങ്ങളുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബത്തിന്‍റെ വേദനയിൽ പങ്ക് ചേരുന്നതായും കമ്മിറ്റി കൂട്ടിച്ചേർത്തു.

ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം

ജിദ്ദ: സ്നേഹം കൊണ്ടും സൗഹാർദ്ദപൂർണ്ണമായ സഹവർത്തിത്വം കൊണ്ടും മതനിരപേക്ഷതയുടെ സുവർണ്ണ പാതയിൽ നിലകൊണ്ട ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം നാടിന് വലിയ നഷ്ടമാണെന്ന് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് അനുശോചന സന്ദേശത്തിൽ അറിയിച്ചു

ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ ജിദ്ദ

ജിദ്ദ: സൗമ്യനായ രാഷ്ട്രീയ നേതാവിനെയും പ്രഗത്ഭനായ മതനേതാവിനെയുമാണ് തങ്ങളുടെ വിയോഗത്തിലൂടെ കൈരളിക്ക് നഷ്ടമായതെന്ന് ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) ജിദ്ദ കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. അനേകം മഹല്ലുകളുടെ ഖാളി പദവിയോടൊപ്പം തന്നെ മുസ്​ലിംലീഗിന്‍റെ അധ്യക്ഷൻ കൂടിയായിരുന്ന തങ്ങൾ ഏവർക്കും സ്വീകാര്യനും മതസൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തിയ നേതാവുമായിരുന്നുവെന്ന് ഐവ സെക്രട്ടറിയേറ്റ് അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

അല്‍ അന്‍വാര്‍ ജസ്റ്റീസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍

ജിദ്ദ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അല്‍ അന്‍വാര്‍ ജസ്റ്റീസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ് വ) ജിദ്ദ ഘടകം പ്രസിഡന്റ് മനാഫ് മൗലവി അല്‍ ബദരി പനവൂര്‍, സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍, രക്ഷാധികാരി ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ആത്മീയരംഗത്തും രാഷ്ട്രീയരംഗത്തും ഒരു പോലെ ശോഭിച്ചു നിന്ന തങ്ങളുടെ വിയോഗം മുസ്​ലിം കൈരളിക്ക് തീരാനഷ്ടമാണ്. ഉമ്മത്തിന് നഷ്ടപ്പെട്ടത് പകരം വെക്കാനില്ലാത്ത ഒരു നേതാവിനെയാണ്. തങ്ങള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കുകയും മറ്റു സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി അജ് വ കമ്മിറ്റി അറിയിച്ചു.

ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല

ജിദ്ദ: മുസ്​ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. സൗമ്യതയും കാരുണ്യവും മുഖമുദ്രയാക്കിയ തങ്ങളുടെ വേർപാട് കേരളീയ സമൂഹത്തിനും യു.ഡി.എഫിനും അപരിഹാര്യമായ നഷ്ടമാണെന്നും ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ

ജിദ്ദ: പൊതുജീവിതത്തിലെ സൗമ്യ സാന്നിധ്യമാണ് മറഞ്ഞു പോകുന്നത്. രാഷ്ട്രീയ, സാമൂഹിക ,ആത്മീയ രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. പക്വതയിലും പാണ്ഡിത്യത്തിലും നേതൃപാടവത്തിലും സംഘാടന ശേഷിയിലും മഹാ മാതൃകയായ അദ്ദേഹത്തിനെ വിയോജിക്കുന്നവർ പോലും ബഹുമാനിച്ചിരുന്നു. തങ്ങളുടെ വിയോഗത്തിൽ അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നതായും കുടുംബത്തിനും മുസ്​ലിംലീഗ് പ്രസ്ഥാനത്തിനും ഉണ്ടായിട്ടുള്ള പ്രയാസത്തിലും ദുഃഖത്തിലും പങ്കുചേരുന്നതായും ഇന്ത്യൻ സോഷ്യൽ ഫോറം കേരള കമ്മിറ്റി ജിദ്ദ ഭാരവാഹികൾ അറിയിച്ചു.

പി.സി.എഫ് സൗദി നാഷനൽ കമ്മിറ്റി

ജിദ്ദ: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പി.സി. എഫ് സൗദി നാഷനൽ കമ്മിറ്റി അനുശോചിച്ചു. കേരള രാഷ്ട്രീയത്തിൽ മതേതര മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന സൗമ്യനായ രാഷ്ട്രീയ നേതാവിനെയും പ്രഗത്ഭനായ മതനേതാവിനെയുമാണ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് പി.സി.എഫ് സൗദി നാഷനൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. കേരളത്തിൽ അനേകം മഹല്ലുകളുടെ ഖാളി പദവിയോടൊപ്പം തന്നെ സംസ്ഥാന മുസ്​ലിംലീഗിന്‍റെ അധ്യക്ഷൻ കൂടിയായിരുന്ന തങ്ങൾ ജാതിമത ഭേദമന്യേ നിരവധി അശരണർക്ക് അത്താണിയും മതസൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിൽ അതീവ ജാഗ്രതയും പുലർത്തിരുന്ന പണ്ഡിതശ്രേഷ്ഠനുമായിരുന്നു. മഹാനായ ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ പി.സി.എഫ് സൗദി നാഷനൽ കമ്മിറ്റി അനുശോചനവും ദുഃഖവും രേഖപെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.

യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി

യാംബു: ഇന്ത്യൻ യൂണിയൻ മുസ്​ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അഗാധമായ ദു:ഖം രേഖപ്പെടുത്തി. മതനിരപേക്ഷ ജനാധിപത്യ കേരളത്തിനും മുസ്​ലിംലീഗ് പ്രസ്ഥാനത്തിനും നികത്താനാവാത്ത നഷ്ടമാണ് തങ്ങളുടെ വിയോഗം കൊണ്ട് ഉണ്ടായിട്ടുള്ളതെന്ന് യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ അയ്യൂബ് എടരിക്കോട്, പ്രസിഡന്റ് നാസർ നടുവിൽ, ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

യാംബുവിലെ എല്ലാ രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികളെയും ഉൾപ്പെടുത്തി ഉടൻ തന്നെ അനുശോചന യോഗം ചേരുമെന്ന് നേതാക്കൾ അറിയിച്ചു.

കൊണ്ടോട്ടി കെ.എം.സി.സി

ജിദ്ദ: പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി അനുശോചിച്ചു. കേരളത്തിലെ മത, സാമുദായിക സൗഹാർദത്തിന്‍റെ സൗമ്യ സാന്നിധ്യവും പാവങ്ങളെ ചേർത്ത് പിടിച്ച നേതാവുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ. എം സി.സി ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panakkad Hyder Ali Shihab ThangalKMCC Jeddah
News Summary - Panakkad Hyder Ali Shihab Thangal was a refuge for expatriates KMCC Jeddah
Next Story