ഇന്ന് പാലിയേറ്റീവ് കെയർ ദിനം; സാന്ത്വനത്തിന്റെ ‘കേരള മോഡൽ’
text_fieldsമരുന്നുകൾക്കും ചികിത്സകൾക്കും അപ്പുറം മനുഷ്യത്വത്തിന്റെ കരുതലും അയൽപക്കങ്ങളുടെ സാമീപ്യവുമാണ് യഥാർഥ മരുന്നെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത വിപ്ലവമാണ് കേരളത്തിലെ പാലിയേറ്റിവ് കെയർ പ്രസ്ഥാനം. ഇന്ന് (ജനുവരി 15) പാലിയേറ്റിവ് കെയർ ദിനം ആചരിക്കുമ്പോൾ, ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു മാതൃകയായി കേരളം വളർന്നു കഴിഞ്ഞു. ‘സാർവത്രിക പരിചരണം അയൽപക്ക കൂട്ടായ്മയിലൂടെ’ എന്നതാണ് ഈ വർഷത്തെ സാന്ത്വന പരിചരണ ദിന സന്ദേശം.
ഒറ്റമുറിയിൽ നിന്ന് തുടങ്ങിയ വിപ്ലവം
തൊണ്ണൂറുകളുടെ തുടക്കത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു ചെറിയ ഒറ്റമുറിയിൽ നിന്നാണ് ഈ പ്രസ്ഥാനത്തിന്റെ തുടക്കം. ഇന്ത്യയിലെ പാലിയേറ്റിവ് കെയറിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. എം.ആർ. രാജഗോപാലും ഡോ. സുരേഷ് കുമാറും ചേർന്ന് രൂപവത്കരിച്ച ‘പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി’ കേരളത്തിെൻറ ആരോഗ്യ ചരിത്രത്തിലെ നാഴികക്കല്ലായി. ശാരീരിക വേദനകൾക്കപ്പുറം രോഗി അനുഭവിക്കുന്ന സാമൂഹികവും മാനസികവും ആത്മീയവുമായ ദുരിതങ്ങൾക്കും പരിഹാരം വേണമെന്ന തിരിച്ചറിവാണ് ഇതിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയത്. 1995ൽ ലോകാരോഗ്യ സംഘടന ഈ സംരംഭത്തെ വികസ്വര രാജ്യങ്ങൾക്കുള്ള മാതൃകാ പദ്ധതിയായി അംഗീകരിച്ചു.
ജനകീയമായ ‘കേരള മോഡൽ’
പാശ്ചാത്യ രാജ്യങ്ങളിൽ പാലിയേറ്റിവ് കെയർ എന്നത് ആശുപത്രികളിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ കേരളം അതിനെ ജനങ്ങളിലേക്ക് എത്തിച്ചു. 1999ൽ രൂപവത്കരിക്കപ്പെട്ട ‘നൈബർ ഹുഡ് നെറ്റ് വർക്ക് ഇൻ പാലിയേറ്റിവ് കെയർ (എൻ.എൻ.പി.സി)’ ഈ രംഗത്ത് വലിയ മാറ്റമുണ്ടാക്കി. വളൻറിയർമാരുടെ പങ്ക്: രോഗികളുടെ ഉത്തരവാദിത്തം അയൽവാസികളും വിദ്യാർഥികളും സന്നദ്ധപ്രവർത്തകരും ഏറ്റെടുക്കുന്ന രീതിയാണിത്. ആയിരക്കണക്കിന് സാധാരണക്കാർക്ക് നഴ്സിങ് പരിചരണത്തിലും വൈകാരിക പിന്തുണ നൽകുന്നതിലും പരിശീലനം നൽകി. വലിയ ഫണ്ടുകൾക്ക് പകരം നാട്ടുകാരിൽ നിന്നും വിദ്യാർഥികളിൽനിന്നും ശേഖരിക്കുന്ന ചെറിയ വിഹിതങ്ങൾ ഈ പ്രസ്ഥാനത്തിന്റെ നട്ടെല്ലായി.
2008ൽ പാലിയേറ്റിവ് കെയറിനായി ഒരു ഔദ്യോഗിക നയം രൂപവത്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി. ഇതോടെ സാന്ത്വന പരിചരണം പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി. പഞ്ചായത്തുകളുടെ കീഴിലുള്ള പ്രൈമറി കെയർ, ബ്ലോക്ക് തലത്തിലെ സെക്കൻഡറി കെയർ, സബ് സെന്ററുകൾ വഴിയുള്ള എം.എൽ.എസ്.പി സേവനങ്ങൾ എന്നിങ്ങനെ മൂന്ന് തലങ്ങളിൽ ഇന്ന് പരിചരണം ലഭ്യമാണ്.
ഓരോ പഞ്ചായത്തും തങ്ങളുടെ ബജറ്റിന്റെ ഒരു നിശ്ചിത വിഹിതം പാലിയേറ്റിവ് കെയറിനായി നീക്കിവെക്കുന്നു. സംസ്ഥാനത്തെ 1.3 ലക്ഷത്തിലധികം കിടപ്പുരോഗികൾക്ക് മികച്ച സേവനം ഉറപ്പാക്കാൻ സർക്കാർ ആധുനിക ഡിജിറ്റൽ പോർട്ടലും വികസിപ്പിച്ചുവരുന്നു.
കരുതലാവണം അയൽപക്കങ്ങൾ
രോഗം ഭേദമാക്കാൻ കഴിയാത്ത ഘട്ടത്തിലും രോഗിയുടെ അന്തസ്സ് നിലനിർത്തിക്കൊണ്ട്, വേദനയില്ലാത്ത ശിഷ്ടകാലം ഉറപ്പാക്കുക എന്നതാണ് പാലിയേറ്റീവ് കെയറിന്റെ ലക്ഷ്യം. ഒറ്റപ്പെടലിന്റെ നോവറിയിക്കാതെ, വൃത്തിയുള്ള സാഹചര്യത്തിൽ രോഗിയെ പരിചരിക്കാൻ വീടുകൾക്കൊപ്പം സമൂഹവും കൈകോർക്കണം. പണമില്ലാത്തതിന്റെ പേരോ പരിശീലനം ലഭിച്ചവരുടെ അഭാവമോ കാരണം ഒരാൾക്ക് പോലും പരിചരണം നിഷേധിക്കപ്പെടരുത് എന്ന വലിയ സന്ദേശമാണ് ഈ പാലിയേറ്റിവ് ദിനം മുന്നോട്ട് വെക്കുന്നത്. അയൽപക്ക കൂട്ടായ്മകൾ സജീവമായാൽ മാത്രമേ ‘സാർവത്രിക പരിചരണം’ എന്ന ലക്ഷ്യം പൂർണതയിലെത്തുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

