മേഖല സുസ്ഥിരമാകാനുള്ള ഏക പരിഹാരം ഫലസ്തീൻ രാഷ്ട്രം -സൗദി വിദേശകാര്യ മന്ത്രി
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
റിയാദ്: ഫലസ്തീൻ, ഇസ്രായേൽ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ളൊരു സുരക്ഷിത പാത ഉറപ്പാക്കേണ്ടത് ആവശ്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. ദ്വിരാഷ്ട്ര പരിഹാരം സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹം സമവായത്തിലേക്ക് അടുക്കുന്തോറും ഞങ്ങളും അതിനോട് അടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മ്യൂണിച്ച് സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സൗദി അറേബ്യക്ക് ഇസ്രായേലുമായി ഒരു ബന്ധവുമില്ല. ഞങ്ങൾ അവരോട് നേരിട്ട് സംസാരിക്കാറില്ല. ഇസ്രായേലുമായി ഏതെങ്കിലും തരത്തിലൊരു ബന്ധമുണ്ടാകൽ അറബ് സമാധാന ഉടമ്പടി നടപ്പാക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും സൗദി മന്ത്രി വ്യക്തമാക്കി.
സൗദി ഇപ്പോൾ വെടിനിർത്തലിലും ഗസ്സയിൽ നിന്ന് ഇസ്രായേലിന്റെ പിൻവാങ്ങലിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇസ്രായേലുൾപ്പെടെ മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കുമുള്ള ഏക പാത ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയാണ് എന്നതാണ് ഞങ്ങളുടെ പൂർണമായ ബോധ്യം. ഗസ്സയിൽ ഇസ്രായേൽ ചെയ്യുന്നത് സുരക്ഷയും സ്ഥിരതയും വർധിപ്പിക്കില്ല. മറിച്ച് ഒരു പുതിയ തലമുറയെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ബഹുഭൂരിപക്ഷം ഫലസ്തീനികളും ദ്വിരാഷ്ട്ര പരിഹാരപാത അംഗീകരിക്കുന്നുണ്ട്. അതിനുവേണ്ടിയുള്ള ഏതൊരു ശ്രമത്തെയും ഇസ്രായേൽ രാഷ്ട്രീയം തടസ്സപ്പെടുത്തുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിന് തടസ്സം നിൽക്കുന്ന എല്ലാവരെയും പ്രതിക്കൂട്ടിൽ നിർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഫലസ്തീനിലും ഇസ്രായേലിലും മേഖലയിൽ മുഴുവനും ആക്രമങ്ങൾ ഇല്ലാതെ സമാധാനവും സുസ്ഥിരതയും ഉണ്ടാകണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. അറബ്, ഇസ്ലാമിക രാജ്യങ്ങളെപ്പോലെ സൗദിയും അതിനെ പിന്തുണക്കുകയും അതു നേടാൻ ശ്രമിക്കുകയും ചെയ്യുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. എന്നിരുന്നാലും മധ്യപൗരസ്ത്യ മേഖലയിൽ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള ഏക മാർഗം ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയാണ്.
ഗസ്സയിലെ വിനാശകരമായ മാനുഷിക പ്രതിസന്ധി പരിഹരിക്കുക, ഗസ്സയിൽ നിന്ന് ഇസ്രായേൽ സേനയെ പിൻവലിക്കുക, സാധാരണക്കാരെ സംരക്ഷിക്കുക, ഗസ്സയിലേക്ക് മാനുഷിക സഹായത്തിന്റെ അടിയന്തര പ്രവേശനം ഉറപ്പാക്കുക, വെടിനിർത്തൽ എന്നിവയാണ് നിലവിൽ സൗദി മുന്നോട്ട്വെക്കുന്ന ആവശ്യങ്ങൾ. ഗസ്സയിലെ മാനുഷിക സാഹചര്യം അഭിസംബോധനംചെയ്യുന്നതിനും വെടിനിർത്തൽ കൈവരിക്കുന്നതിനുമാണ് സൗദിയുടെ മുൻഗണനയെന്ന് അമേരിക്കയെ അറിയിച്ചിട്ടുണ്ട്.
ഇതു പൂർത്തീകരിച്ചുകഴിഞ്ഞാൽ ഇസ്രായേലുമായുള്ള ബന്ധം നോർമലൈസ് ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കും. ഈ ചർച്ചകളിലെ പ്രധാന ഘടകം ഒരു സ്വതന്ത്ര ഫലസ്തീനിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇസ്രായേൽ ഉൾപ്പെടെ മേഖലയിലെ എല്ലാവർക്കും സുരക്ഷിതത്വവും സുസ്ഥിരതയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിലൂടെയാണ് വരുന്നതെന്ന സൗദിയൂടെ പൂർണ ബോധ്യം വിദേശകാര്യ മന്ത്രി ഉൗന്നിപ്പറഞ്ഞു. ഗസ്സയിലെ പോരാട്ടം അവസാനിപ്പിക്കാൻ ഒ.െഎ.സി ചട്ടക്കൂടിനുള്ളിൽ സൗദി അതിന്റെ ശേഷിക്കുള്ളിൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

