പശ്ചിമേഷ്യൻ സുരക്ഷയുടെ അടിസ്ഥാനം ഫലസ്തീെൻറ സ്വാതന്ത്ര്യം: സൗദി വിദേശകാര്യ മന്ത്രി
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 81-ാമത് സമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: ഫലസ്തീൻ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതും അധിനിവേശം അവസാനിപ്പിച്ചു കൊണ്ടുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപവത്കരണവുമാണ് പശ്ചിമേഷ്യൻ മേഖലയുടെ സുസ്ഥിരതക്കും സുരക്ഷക്കും അടിസ്ഥാനമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രസ്താവിച്ചു.
ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 81-ാമത് സമ്മേളനത്തിൽ സൗദി പ്രതിനിധി സംഘത്തെ നയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീനികളുടെ അന്തസ്സും അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതുമായി ഇസ്രായേലിെൻറ സുരക്ഷ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
അധിനിവേശ ഫലസ്തീൻ ഭൂപ്രദേശങ്ങളുടെ അവിഭാജ്യ ഘടകമാണ് ഗസ്സ മുനമ്പ്. ഫലസ്തീൻ അതോറിറ്റിയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി സൗദി അറേബ്യ, യു.എസ് ഭരണകൂടവുമായും ഫലസ്തീൻ നേതൃത്വവുമായും ചേർന്ന് സജീവമായി പ്രവർത്തിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ന്യൂയോർക്കിൽ ഫ്രാൻസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളുമായി ചേർന്ന് സംഘടിപ്പിച്ച ‘മുന്നോട്ടുള്ള വഴി: ന്യൂയോർക്ക് പ്രഖ്യാപനത്തിന് ഒരു വർഷം - സമഗ്ര സമാധാന പദ്ധതി’ എന്ന വിഷയത്തിലെ ഉന്നതതല യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുകയും അനധികൃത കുടിയേറ്റങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്ത ഫ്രാൻസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ നിലപാടിനെ അദ്ദേഹം പ്രശംസിച്ചു.
ഇതുവരെ ഫലസ്തീനെ അംഗീകരിക്കാത്ത മറ്റ് രാജ്യങ്ങളും എത്രയും വേഗം ഈ ചരിത്രപരമായ ചുവടുവെപ്പ് നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിയമവിരുദ്ധ കുടിയേറ്റ വ്യാപനം, കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ, ഫലസ്തീൻ ഭൂമി കൈയ്യേറുന്ന നയങ്ങൾ എന്നിവ ഉടനടി പ്രതിരോധിക്കേണ്ടതിെൻറ ആവശ്യകത സൗദി വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.
മേഖലയിൽ സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള അന്തരീക്ഷം സംജാതമാക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളും പ്രകോപനപരമായ നിലപാടുകളിൽ നിന്നും വിദ്വേഷ പ്രചാരണങ്ങളിൽ നിന്നും പിന്തിരിയണമെന്നും വിശുദ്ധ ഖുദ്സിെൻറ (ജറൂസലം) ചരിത്രപരവും നിയമപരവുമായ ‘സ്റ്റാറ്റസ് ക്വോ’ പൂർണമായും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലയിലെ സംഘർഷങ്ങൾക്ക് അന്ത്യം കുറിക്കുന്നതിനായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമഗ്ര സമാധാന പദ്ധതി തടസ്സങ്ങളില്ലാതെ ഉടനടി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
കൂടാതെ, ഫലസ്തീൻ നാഷനൽ അതോറിറ്റിയുടെ കീഴിൽ ഗസ്സ മുനമ്പിനെയും വെസ്റ്റ് ബാങ്കിനെയും പുനരേകീകരിക്കേണ്ടതിെൻറ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിഭാഗത്തിെൻറ സുരക്ഷ മറ്റൊരു വിഭാഗത്തിെൻറ ചെലവിലാകരുതെന്നും, പരസ്പര ബഹുമാനത്തിലും പങ്കാളിത്തത്തിലുമാണ് സുസ്ഥിര സുരക്ഷ നിലനിൽക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

