പഹൽഗാം; സൗദി വിദേശകാര്യമന്ത്രി ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു
text_fieldsസൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
ജിദ്ദ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വഷളായ ഇന്ത്യ-പാക് ബന്ധം പഴയ നിലയിലേക്ക് തിരിച്ചെത്തിക്കാനുള്ള പരിഹാരമാർഗങ്ങൾ ആരാഞ്ഞ് സൗദി അറേബ്യയുടെ ഇടപെടൽ. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ, പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ എന്നിവരെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വെള്ളിയാഴ്ച ഫോണിൽ വിളിച്ചു സംസാരിച്ചു. നിലവിലുള്ള സംഭവവികാസങ്ങൾ അവലോകനം ചെയ്തും പരിഹാര മാർഗങ്ങൾ ആരാഞ്ഞുമാണ് സംഭാഷണം നടന്നത്.
രണ്ട് ദക്ഷിണേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പ്രാദേശിക സംഭവവികാസങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചും വിശദമായി ചർച്ച ചെയ്തു. മേഖലയിലെ സമാധാനത്തിന്റെയും സ്ഥിരതയുടെയും സുരക്ഷയുടേയും പ്രാധാന്യം സൗദി വിദേശ കാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. ചൊവ്വാഴ്ച കശ്മീരിലെ പ്രകൃതിരമണീയമായ പെസാരംഗ് താഴ്വരയിലെ പഹൽഗാമിന് സമീപം നടന്ന ഭീകരമായ തീവ്രവാദ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു.
ഇതുമൂലം ഇരു രാജ്യങ്ങളും തമ്മിൽ വിച്ഛേദിച്ച നയതന്ത്ര ബന്ധം ഏറെ പ്രതിസന്ധി ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്ന പശ്ചാത്തലത്തിലാണ് സൗദി അടക്കമുള്ള വിദേശ രാജ്യങ്ങൾ പ്രശ്നപരിഹാരവുമായി രംഗത്തിറങ്ങിയത്.
സൗദി വിദേശ കാര്യമന്ത്രി പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദറും സമൂഹമാധ്യമ അകൗണ്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

