പി.എ.എച്ച് ഇന്റലക്ട് സൗദി അറേബ്യയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsജിദ്ദയിൽ നടന്ന പി.എ.എച്ച് ഇന്റലക്ട് സൗദി ലോഞ്ചിങ് പരിപാടിയിൽനിന്ന്
ജിദ്ദ: കേരളം ആസ്ഥാനമായുള്ള പ്രമുഖ ഓഡിറ്റിങ് ആൻഡ് കൺസൾട്ടൻസി സ്ഥാപനമായ പി.എ.എച്ച് ഇന്റലക്ട് സൗദി അറേബ്യയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. സ്ഥാപനത്തിന്റെ ആഗോള വികസന പദ്ധതിയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ ഓഡിറ്റിങ് ആൻഡ് കൺസൾട്ടൻസി സ്ഥാപനമാണ് പി.എ.എച്ച് ഇന്റലക്ട്. സ്ഥാപനത്തിന്റെ മിഡിൽ ഈസ്റ്റ് പ്രവർത്തനങ്ങളുടെ ആസ്ഥാനം സൗദി അറേബ്യയാണ്. സമീപഭാവിയിൽ മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും ഓസ്‌ട്രേലിയയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.
കോഴിക്കോട് ആസ്ഥാനമായുള്ള പി.എ ഹമീദ് ആൻഡ് അസോസിയേറ്റ്സിന്റെ സ്ഥാപകനായിരുന്ന പരേതനായ പി. അബ്ദുൽ ഹമീദിന്റെ മകനായ റാസിഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ബിസിനസ് വിപുലീകരണത്തിന് ചുക്കാൻ പിടിക്കുന്നത്. 1984-ൽ സ്ഥാപിതമായ പി.എ.എച്ച് ഇന്റലക്ടിന് ഇന്ത്യയിൽ ബിസിനസ് ഉപദേശക, സാമ്പത്തിക ഓഡിറ്റിങ് സേവനങ്ങളിൽ 40 വർഷത്തെ പാരമ്പര്യമുണ്ട്. ഓഡിറ്റ്, ഗവേണൻസ്, ടാക്സ് മേഖലകളിൽ വൈദഗ്ധ്യമുള്ള സ്ഥാപനം വിശ്വാസ്യതയുള്ള റിസ്ക്, സാമ്പത്തിക, ബിസിനസ് ഉപദേശക സേവനങ്ങൾ നൽകുന്നു.
ജിദ്ദ വോക്കോ ഹോട്ടലിൽ നടന്ന സൗദി അറേബ്യ ലോഞ്ചിങ് ചടങ്ങിൽ ബിസിനസ് പ്രമുഖരും സംരംഭകരും മാധ്യമ പ്രവർത്തകരും പങ്കെടുത്തു. സ്ഥാപനം സുതാര്യവും നിയമപരവുമായ ഓഡിറ്റിങ് സേവനങ്ങളിലൂടെ സംരംഭങ്ങൾക്ക് ശക്തമായ അടിത്തറ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് പരിപാടിയിൽ സംസാരിച്ച റാസിഖ് അഹമ്മദ് പറഞ്ഞു. ഓഡിറ്റിങ്ങിലും അക്കൗണ്ടിങ്ങിലും കുറ്റമറ്റ പ്രൊഫഷനൽ നിലവാരം ഉറപ്പാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംയോജിപ്പിച്ചുള്ള നൂതന വിഭവങ്ങളുമായാണ് പി.എ.എച്ച്. ഇന്റലക്ട് വിപണിയിൽ പ്രവേശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'വൈവിധ്യമാർന്ന വ്യവസായങ്ങളിൽ വിദഗ്ദ്ധ സാമ്പത്തിക, ബിസിനസ് ഉപദേശക സേവനങ്ങൾ പി.എ.എച്ച് ഇന്റലക്ട് നൽകുന്നു. ആഗോള തലത്തിലെ 'ബിഗ് ഫോർ' കൺസൾട്ടൻസി സ്ഥാപനങ്ങളിൽ ഒന്നായി സ്ഥാനം നേടാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. എസ്.എം.ഇകൾ, കോർപ്പറേറ്റുകൾ, ഇടത്തരം കമ്പനികൾ എന്നിവയുടെ സാമ്പത്തിക നവീകരണത്തിനും വളർച്ചയ്ക്കുമായി എ.ഐ പിന്തുണയുള്ള കാര്യക്ഷമമായ പരിഹാരങ്ങൾ നൽകാൻ പ്രമുഖ ബിസിനസ് വിദഗ്ധരുമായി ഞങ്ങൾ സഹകരിക്കുന്നു' - പി.എ.എച്ച് ഇന്റലക്ട് പാർട്ണറും ഡയറക്ടറുമായ അഷ്റഫ് മൊയ്തീൻ പറഞ്ഞു.
ജിദ്ദ നാഷനൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ വി.പി മുഹമ്മദലി, അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് അലുങ്ങൽ മുഹമ്മദ്, ഫ്രാഗ്രൻസ് വേൾഡ് എം.ഡി പോളണ്ട് മൂസ, ഏഷ്യൻ പോളിക്ലിനിക് എം.ഡി വി.പി ഷറഫുദ്ദീൻ, വൈറ്റ് പെട്രോ വെഞ്ച്വേഴ്സ് ഡയറക്ടർ ഫഹീം അബ്ദുൾ മജീദ്, എം.വി.എ.എസ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒ.യുമായ മുല്ലവീട്ടിൽ അബ്ദുസലീം, ഉണ്ണീൻ തുടങ്ങിയ ബിസിനസ് പ്രമുഖരും പി.എ.എച്ച് ഇന്റലക്ട് ഡയറക്ടർ അബ്ദുറഹ്മാൻ ഖാലിദ്, പാർട്ണർ അബ്ദുൾറഹ്മാൻ സൈമൽദഹാർ, ഹെഡ് ഓഫ് ഫിനാൻസ് അമീർ ഇഹ്സാൻ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

