Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 5:28 AM IST Updated On
date_range 14 Aug 2020 8:33 AM ISTഖത്തറിലേക്ക് മടക്കം; ഹമദ് വിമാനത്താവളത്തിൽ പുതിയ ക്രമീകരണങ്ങൾ
text_fieldsbookmark_border
ദോഹ: കോവിഡ് -19 നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുന്നതിൻെറ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് മറ്റു രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നാല് ഗ്രൂപ്പുകളായി തരംതിരിച്ചാണ് പുതിയ നടപടികൾ. രാജ്യത്തേക്കുള്ള മടക്കം സുഗമമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണിത്. ഗ്രൂപ് ഒന്ന്: ഖത്തരി പൗരന്മാർ, അവരുടെ ഭാര്യമാർ, കുട്ടികൾ, സ്ഥിരം താമസാനുമതി ഉള്ളവർ ഗ്രൂപ് രണ്ട്: സ്ഥിരം ആരോഗ്യ പ്രശ്നങ്ങളുള്ളവർ, 55 വയസ്സിന് മുകളിലുള്ളവർ ഗ്രൂപ് മൂന്ന്: കോവിഡ് -19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്നുള്ളവർ ഗ്രൂപ് നാല്: കോവിഡ് -19 അപകട സാധ്യത കൂടിയ രാജ്യങ്ങളിൽനിന്നുള്ളവർ എന്നിങ്ങനെയാണ് ഈ ഗ്രൂപ്പുകൾ. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ നിർബന്ധമായും ശരീരോഷ്മാവ് പരിശോധനക്ക് വിധേയമാകണം. യാത്രക്കാർ നിർബന്ധമായും മൊൈബൽ ഫോണിൽ ഇഹ്തിറാസ് ആപ് ഇൻസ്റ്റാൾ ചെയ്യുകയും പ്രവർത്തിപ്പിക്കുകയും വേണം. യാത്രക്കാർക്ക് ഇഹ്തിറാസ് ആപ്പുമായി ബന്ധപ്പെട്ട സഹായങ്ങൾക്കായി വിമാനത്താവളത്തിൽ സന്നദ്ധ പ്രവർത്തകരെ നിയമിച്ചിട്ടുണ്ട്. ഇഹ്തിറാസ് ആപ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ സിം കാർഡുകളും സ്മാർട്ട് ഫോണുകളും വിമാനത്താവളത്തിൽനിന്ന് വാങ്ങാൻ സാധിക്കുന്നതാണ്. ഓരോ യാത്രക്കാരനും ആരോഗ്യ സാഹചര്യം വിലയിരുത്തുന്ന അപേക്ഷ ഫോറം പൂരിപ്പിക്കണം. കൂടാതെ ക്വറൻറീൻ വ്യവസ്ഥകൾ പാലിക്കുമെന്ന കരാറിൽ ഒപ്പുവെച്ച് എമിേഗ്രഷനിൽ നൽകുകയും വേണം. കോവിഡ് -19 അപകട സാധ്യത കൂടുതലുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ നിർബന്ധമായും ഹോട്ടൽ ക്വാറൻറീൻ സംബന്ധിച്ച വിവരങ്ങൾ എമിേഗ്രഷൻ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാക്കണം. നടപടികൾ പൂർത്തിയാകുന്നതോടെ ഡിസ്കവർ ഖത്തറുമായി സഹകരിച്ച് ക്വാറൻറീൻ ഹോട്ടലിലേക്ക് കൊണ്ടുപോകും. കോവിഡ് -19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്നുള്ളവർ വിമാനത്താവളത്തിലെത്തിയാലുടൻ സ്രവ പരിശോധനക്ക് വിധേയമാകണം. പരിശോധനയും എമിേഗ്രഷൻ നടപടികളും പൂർത്തിയാക്കിയതിന് ശേഷം സ്വകാര്യ വാഹനത്തിലോ വിമാനത്താവള ടാക്സിയിലോ ഹോം ക്വാറൻറീനിലേക്ക് പോകാം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് കർശന നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകളുമാണ് സ്വീകരിച്ചിരിക്കുന്നത്. കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണുമുക്ത റോബോട്ടുകളുടെ സേവനവും ബാഗേജുകൾ അണുമുക്തമാക്കുന്നതിനുള്ള യു.വി ടെർമിനലുകളും നേരത്തേതന്നെ വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഓരോ 10 -15 മിനിറ്റുകളിലും വിമാനത്താവളവും ഹൈ കോൺടാക്ട് ഏരിയകളും അണുമുക്തമാക്കുക, പ്രധാന ഇടങ്ങളിലെല്ലാം സാനിറ്റൈസറുകൾ സ്ഥാപിക്കുക, യാത്രക്കാർക്കിടയിൽ 1.5 മീറ്റർ അകലത്തിൽ സാമൂഹിക അകലം നടപ്പാക്കുക തുടങ്ങിയവയെല്ലാം വിമാനത്താവളത്തിൽ കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യാത്രക്കാരുെടയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് നടപ്പാക്കി വരുന്നുണ്ട്. കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തർ പുതുക്കിയെങ്കിലും ഈ പട്ടികയിലും ഇന്ത്യ ഇല്ല. എന്നാൽ, ഇന്ത്യക്കാർക്ക് നിബന്ധനകളോടെ ഖത്തറിലേക്ക് മടങ്ങാനാകും. https://portal.www.gov.qa/wps/portal/qsports/home എന്ന ലിങ്ക് വഴി അപേക്ഷിച്ച് 'റീ എൻട്രി പെർമിറ്റ്' നേടുകയാണ് ആദ്യം ചെയ്യേണ്ടത്. സർക്കാർ, സ്വകാര്യ മേഖലകളിലെ വ്യക്തികളോ കമ്പനികളോ ആയ തൊഴിലുടമകളാണ് തങ്ങളുെട ജീവനക്കാരൻെറ റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടത്. കുടുംബങ്ങളുടെ സ്പോൺസർ ആയ ഖത്തർ ഐഡിയുള്ളവർക്ക് അവരുടെ സ് പോൺസർഷിപ്പിലുള്ള കുടുംബാംഗങ്ങൾക്കുമായും അപേക്ഷിക്കാം. ഇന്ത്യയടക്കം കോവിഡ് ഭീഷണിയുള്ള രാജ്യക്കാർ അതത് രാജ്യങ്ങളിലെ അക്രഡിറ്റഡ് പരിശോധന കേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണം. നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഹോം ക്വാറൻറീൻ മതി. അല്ലാത്തവർ ഹോട്ടലിൽ സ്വന്തം ചെലവിൽ ക്വാറൻറീനിൽ കഴിയേണ്ടിവരും. നെഗറ്റിവ് സർട്ടിഫിക്കറ്റ് യാത്രയുടെ 48 മണിക്കൂറിനുള്ളിലുള്ളതാകണം. അക്രഡിറ്റഡ് കോവിഡ് പരിശോധന കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യത്തുനിന്നാണ് വരുന്നതെങ്കിൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് Discover Qatar വെബ്സൈറ്റിലൂടെ ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്യുകയാണ് വേണ്ടത്. ഇവർ ഖത്തറിലെത്തി സ്വന്തം ചെലവിൽ ഒരാഴ്ച ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. ഇന്ത്യയിൽനിന്ന് ഖത്തറിലേക്ക് ഖത്തർ എയർവേസ് വിമാനങ്ങളിൽ മടങ്ങുന്നവർക്ക് നാട്ടിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻെറ (ഐ.സി.എം.ആർ) അംഗീകാരമുള്ള ഏത് മെഡിക്കൽ സൻെററിലും കോവിഡ് പരിശോധന നടത്താമെന്ന് ഖത്തർ എയർവേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളത്തിലെ എല്ലാ നഗരങ്ങളിലും ഐ.സി.എം.ആർ അംഗീകാരമുള്ള സർക്കാർ- സ്വകാര്യ പരിശോധന കേന്ദ്രങ്ങളുണ്ട്. സർവിസ് പുനരാരംഭിക്കുന്ന മുറക്ക് ഇന്ത്യ, നേപ്പാൾ, നൈജീരിയ, റഷ്യ രാജ്യക്കാർക്കും ഇൗ നിബന്ധന നിർബന്ധമാകും. hamad airport inside ഹമദ് വിമാനത്താവളം airport helmet ഹമദ് വിമാനത്താവളത്തിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി യാത്രക്കാരുടെ താപനില ദൂരെനിന്നുതന്നെ അറിയാനുള്ള സ്മാർട്ട് ഹെൽമറ്റ് ധരിച്ച ജീവനക്കാർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story