പി. കൃഷ്ണപിള്ള നവകേരള ശിൽപികളിലൊരാൾ -റിയാദ് നവോദയ
text_fieldsനവോദയയുടെ 15-ാം വാർഷിക ദിനാചരണ, പി. കൃഷ്ണപിള്ള അുനുസ്മരണ യോഗം സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ യോഗം
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സ്വാതന്ത്ര്യസമര നായകൻ, സാമൂഹിക പരിഷ്കർത്താവ്, കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ തുടങ്ങിയ നിലകളിൽ ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിച്ച വ്യക്തിയായിരുന്നു ‘സഖാക്കളുടെ സഖാവ്’ എന്നറിയപ്പെടുന്ന പി. കൃഷ്ണപിള്ളയെന്ന് റിയാദ് നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. നവോദയയുടെ 15-ാം വാർഷിക ദിനചരണവും ഇതോടൊപ്പം നടന്നു.
ഗാന്ധിജിയുടെ ദണ്ഡിയാത്രയോട് ഐക്യപ്പെട്ട് കേരളത്തിൽ കോഴിക്കോട്ടുനിന്ന് പയ്യന്നൂർ കടപ്പുറത്തേക്ക് നടത്തിയ ഉപ്പ് സത്യാഗ്രഹയാത്രയുടെ പതാകവാഹകൻ പി. കൃഷ്ണപിള്ള ആയിരുന്നു. തുടർന്ന് കോൺഗ്രസിനുള്ളിൽ സോഷ്യലിസ്റ്റ് ഗ്രൂപ് പിറവയെടുത്തപ്പോൾ അതിന്റെ ആദ്യത്തെ സെക്രട്ടറിയായ കൃഷ്ണപിള്ള എ.കെ.ജിയോടൊപ്പം ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിൽ പങ്കെടുത്ത് ക്ഷേത്രത്തിലെ മണിയടിച്ചു ആചാരലംഘനം നടത്തിയത് മൃഗീയ ശാരീരിക മർദനം നേരിട്ടുകൊണ്ടാണ്.
പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിക്ക് രൂപംനൽകിയ കൃഷ്ണപിള്ളയും സംഘവും കേരളത്തിലങ്ങോളമിങ്ങോളം നടന്ന് തൊഴിലാളികളേയും കർഷകരേയും സംഘടിപ്പിക്കുകയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും തിരുവിതാംകൂർ രാജഭരണത്തിനെതിരെയും ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയുണ്ടായി. സ്വാതന്ത്ര്യത്തിന്റെ നാളുകളിൽ പോലും അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.
യോഗം സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ ഉദ്ഘടനം ചെയ്തു. 15 വർഷത്തിനുള്ളിൽ സംഘടന വിവിധ മേഖലകളിൽ നടത്തിയ സംഭാവനകൾ രവീന്ദ്രൻ വിശദീകരിച്ചു. പ്രസിഡന്റ് വിക്രമലാൽ അധ്യക്ഷത വഹിച്ചു. കൃഷ്ണപിള്ളയുടെ ജീവചരിത്രം മനോഹരൻ പയ്യന്നൂർ വിവരിച്ചു. കുമ്മിൾ സുധീർ, ബാബുജി, നാസർ പൂവാർ, ഗോപിനാഥൻ നായർ, ഷൈജു ചെമ്പൂര്, അബ്ദുൽ കലാം, അനിൽ പിരപ്പൻകോട് എന്നിവർ സംസാരിച്ചു. പൂക്കോയ തങ്ങൾ സ്വാഗതവും അജിത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

