ഓർമ കേരളോത്സവം ഡിസംബർ ഒന്നിന് തുടങ്ങും
text_fieldsദുബൈ: യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഓർമ കേരളോത്സവം 2024’ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ദുബൈ ഖുസൈസിലെ അമിറ്റി സ്കൂളിൽ നടക്കും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നയിക്കുന്ന തായമ്പകയിൽ മേളമാണ് ഇത്തവണത്തെ കേരളോത്സവത്തിന്റെ പ്രധാന ആകർഷണം. മേളയുടെ രണ്ടു ദിവസങ്ങളിലും മാരാരുടെ തായമ്പക ഉണ്ടായിരിക്കും.
രണ്ടു ദിവസവും വൈകീട്ട് നാല് മുതലാണ് പരിപാടികൾ ആരംഭിക്കുക. ഡിസംബർ ഒന്നിന് വൈകീട്ട് പ്രശസ്ത നർത്തകിയും ചലച്ചിത്ര താരവുമായ മേതിൽ ദേവിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് യുവഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ, അനന്തു ഗോപി തുടങ്ങിയവർ നേതൃത്വം നൽകുന്ന സംഗീത സദസ്സും അരങ്ങേറും. ഡിസംബർ രണ്ടിന് വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും. 70ൽ പരം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ശിങ്കാരി - പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ ആന, തെയ്യം, കരകാട്ടം, കാവടിയാട്ടം തുടങ്ങിയവ കലാരൂപങ്ങളും അണിനിരക്കും.
തെരുവുനാടകങ്ങൾ, കളരിപ്പയറ്റ്, തിരുവാതിര, ഒപ്പന, മാർഗംകളി തുടങ്ങിയ നൃത്ത - കലാരൂപങ്ങൾ, സംഗീത ശിൽപം എന്നിവക്കൊപ്പം ഒരുക്കുന്ന നാടൻ ഭക്ഷണ ശാലകൾ, തട്ടുകടകൾ, മറ്റു ചെറുകിട വിൽപനശാലകൾ എന്നിവയും പരിപാടിക്ക് ഉത്സവച്ഛായ നൽകും.
പുസ്തകശാല, സാഹിത്യ സദസ്സ്, കവിയരങ്ങ്, എഴുത്തു സംവാദങ്ങൾ, പ്രശ്നോത്തരികൾ, യു.എ.ഇയിലെ പ്രശസ്ത ചിത്രകാരന്മാരുടെ തത്സമയ ചിത്രരചന, ചരിത്ര -പുരാവസ്തു പ്രദർശനങ്ങൾ എന്നിവ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഒ.വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, അനീഷ് മണ്ണാർക്കാട്, പ്രദീപ് തോപ്പിൽ, ഷിഹാബ് പെരിങ്ങോട് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

