ഓപറേഷൻ സിന്ദൂർ: ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം റിയാദിലെത്തി
text_fieldsബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിൽ റിയാദിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘത്തെ സൗദി ശൂറ കൗൺസിലിലെ സൗദി-ഇന്ത്യ ഫ്രണ്ട്ഷിപ്പ് കമ്മിറ്റി ചെയർമാൻ മേജർ ജനറൽ അബ്ദുൽ റഹ്മാൻ അൽ ഹർബിയും ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജും സ്വീകരിച്ചപ്പോൾ
റിയാദ്: പഹൽഗാം ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഓപറേഷൻ സിന്ദൂറിനെയും ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാടിനെയും കുറിച്ച് വിശദീകരിക്കാൻ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധി സംഘം സൗദി അറേബ്യയിലെത്തി. ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന സംഘം ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. കുവൈത്ത് സന്ദർശനം പൂർത്തിയാക്കിയാണ് സംഘത്തിെൻറ വരവ്.
സംഘത്തിൽ മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് ഉൾപ്പെട്ടിരുന്നെങ്കിലും കുവൈത്തിൽവെച്ച് ശാരീരിക സുഖമില്ലാതായതിനാൽ ഇന്ത്യയിേലക്ക് മടങ്ങി. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെൻററി കമ്മിറ്റി ചെയർമാൻ ഡോ. നിഷികാന്ത് ദുബെ എം.പി (ബി.ജെ.പി), ദേശീയ വനിതാ കമീഷൻ മുൻ ചെയർപേഴ്സൺമാരും രാജ്യസഭ അംഗങ്ങളുമായ ഫാങ്‌നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), ഛാണ്ഡിഗഢ് യൂനിവേഴ്സിറ്റി സ്ഥാപക വൈസ് ചാൻസ്ലറും രാജ്യസഭ അംഗവുമായ സത്നാം സിങ് സന്ധു എം.പി, മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായിലൻഡ് എന്നിവിടങ്ങളിലെ മുൻ ഇന്ത്യൻ അംബാസഡറുമായ ഹർഷ വർദ്ധൻ ശൃംഗള തുടങ്ങിയ സംഘത്തിലെ മറ്റ് അംഗങ്ങളും റിയാദിലെത്തിയിട്ടുണ്ട്.
വിമാനത്താവളത്തിൽ സൗദി ശൂറ കൗൺസിലിലെ സൗദി-ഇന്ത്യ ഫ്രണ്ട്ഷിപ്പ് കമ്മിറ്റി ചെയർമാൻ മേജർ ജനറൽ അബ്ദുൽ റഹ്മാൻ അൽ ഹർബി സംഘത്തെ വരവേറ്റു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജും സ്വീകരിക്കാനെത്തി. ബുധൻ, വ്യാഴം ദിവസങ്ങളിലായി റിയാദിൽ സൗദി രാഷ്ട്രീയ നേതൃത്വങ്ങളും ഗവൺമെൻറ് ഉദ്യോഗസ്ഥരും ചിന്തകരും ബിസിനസ്, മാധ്യമ പ്രതിനിധികളുമായി സംഘം ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും. വ്യാഴാഴ്ച വൈകീട്ട് ആറ് മുതൽ ഏഴ് വരെ റിയാദിലെ ഇന്ത്യൻ എംബസി മൾട്ടിപർപ്പസ് ഹാളിൽ പ്രവാസി ഇന്ത്യക്കാരും മാധ്യമപ്രതിനിധികളുമായും മുഖാമുഖം പരിപാടിയും നിശ്ചയിച്ചിട്ടുണ്ട്.
നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഈ സംഘം കഴിഞ്ഞ വെള്ളിയാഴ്ച ബഹ്‌റൈനിലാണ് സന്ദർശന പരിപാടി തുടങ്ങിയത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ കുവൈത്തിലായിരുന്നു പരിപാടി. സൗദി സന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ച അൾജീരിയയിലേക്ക് പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

