ഉംറ സേവന സ്ഥാപനങ്ങളുടെ പ്രവർത്തനം; മൂന്നു മാസത്തിലൊരിക്കൽ പരിശോധിക്കും -ഹജ്ജ് ഉംറ മന്ത്രാലയം
text_fieldsജിദ്ദ: ഉംറ സേവന സ്ഥാപനങ്ങളുടെ (സർവിസ് കമ്പനികൾ) പ്രവർത്തന നിലവാരം മൂന്നു മാസത്തിലൊരിക്കൽ വിലയിരുത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. ഈ ആഴ്ച അവസാനത്തിൽ പുതിയ ഉംറ സീസൺ ആരംഭിക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം. ഓരോ സ്ഥാപനത്തിന്റെയും ഗ്രേഡ് അനുസരിച്ചായിരിക്കും ത്രൈമാസാടിസ്ഥാനത്തിലുള്ള വിലയിരുത്തൽ. കമ്പനി നൽകുന്ന സേവനങ്ങളിൽ തീർഥാടകരുടെ സംതൃപ്തി 90 ശതമാനത്തിൽ കുറയാൻ പാടില്ല. കുറഞ്ഞാൽ അത് ത്രൈമാസ റിപ്പോർട്ടിൽ പ്രതിഫലിക്കും.
നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കുന്ന കാര്യത്തിലും കമ്പനികൾ പുലർത്തുന്ന പ്രതിബദ്ധത 90 ശതമാനത്തിൽ കുറയാൻ പാടില്ല. ഓരോ മൂന്നു മാസവും അവസാന ദിവസം സ്ഥാപനങ്ങളുടെ പ്രകടന നിലവാരം വിലയിരുത്തുകയും നേടുന്ന ഗ്രേഡ് അനുസരിച്ച് അവർക്ക് അനുവദിക്കുന്ന ഉംറ തീർഥാടകരുടെ എണ്ണം ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുകയും ചെയ്യും. കൂടാതെ, ഉംറ സീസണിന്റെ അവസാനത്തിലും കമ്പനികളുടെ പ്രകടന നിലവാരം സീസണിൽ കൈവരിച്ച കണക്കുകൾക്കനുസരിച്ച് വിലയിരുത്തും. അതിനനുസരിച്ചായിരിക്കും വരാനിരിക്കുന്ന ഉംറ സീസണിൽ ഓരോ കമ്പനിക്കും സ്ഥാപനത്തിനും നൽകേണ്ട ഗ്രേഡ് നിർണയിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം ഉദ്ദേശിച്ച ലക്ഷ്യങ്ങളും നേട്ടകളും കൈവരിക്കുന്നതിന് മൂല്യനിർണയ ശതമാനം പരിഷ്കരണത്തിന് വിധേയമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഈയാഴ്ച അവസാനം മുതൽ വിദേശ ഉംറ തീർഥാടകരുടെ വരവ് ആരംഭിക്കുന്നതിനാൽ മക്കയിലും മദീനയിലും തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഉംറ സേവന കമ്പനികൾ. പുതിയ സീസണിൽ തീർഥാടകർക്ക് സേവനം നൽകുന്നതിനായി 350 സ്ഥാപനങ്ങൾക്കാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ലൈസൻസുള്ളത്.
തീർഥാടകരുടെ വരവ്, തിരിച്ചുപോക്ക് എന്നിവക്ക് നിശ്ചയിച്ച സമയപരിധി കമ്പനികൾ കണിശമായും പാലിക്കണം. മക്കയിലും മദീനയിലും പാർപ്പിടം, ഗതാഗതം, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സർവിസ് പാക്കേജുകൾ കൃത്യമായും പാലിക്കണമെന്നും മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

