ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ കെ-റെയിൽ നടപ്പാക്കാവൂ -റിഫ സെമിനാർ
text_fieldsറിയാദ്: 'കെ-റെയിൽ; ആശങ്കകളും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചക്ക് റിയാദ് സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചർച്ച റിയാദ് ഇന്ത്യൻ ഫ്രണ്ട്സ്ഷിപ് അസോസിയേഷൻ (റിഫ) ആണ് സംഘടിപ്പിച്ചത്. ആഗോള തലത്തിൽ എങ്ങനെയാണ് അർധ അതിവേഗ ഗതാഗത സൗകര്യം പ്രവർത്തിക്കുന്നത്, എന്തൊക്കെ പാഠങ്ങളാണ് കേരളത്തിന് അതിൽനിന്ന് ഉൾക്കൊള്ളാനുള്ളത് എന്നത് വസ്തുതകളുടെ പിൻബലത്തിൽ വിഷയം അവതരിപ്പിച്ച മാധ്യമ പ്രവർത്തകൻ വി.ജെ. നസിറുദ്ദീൻ വ്യക്തമാക്കി.
അതിവേഗം പുരോഗതി കൈവരിക്കുന്ന ലോകക്രമത്തിൽ സമയത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യമുണ്ടെന്നും ഒരു സമൂഹത്തിന്റെ ആത്യന്തിക പുരോഗതിക്ക് വലിയ മുതൽക്കൂട്ടാവാൻ കെ-റെയിൽ പോലൊരു പദ്ധതിക്ക് കഴിയുമെന്നും കേളി പ്രതിനിധി ഷാജി റസാഖ് അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തെ വികസന വിരോധികൾ എന്ന് ചിത്രീകരിക്കുന്നത് കോൺഗ്രസ് തന്ത്രമാണെന്നും അതിനി വിലപ്പോവില്ലെന്നും നവോദയ പ്രതിനിധി സുധീർ കുമ്മിൾ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറയുടെ വിമർശനത്തിന് മറുപടി പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ ഏതുവിധേനയും പദ്ധതി നടപ്പാക്കുമെന്ന ധാർഷ്ട്യത്തോടെ അവരെ സമീപിക്കുന്നത് ഒരു ജനാധിപത്യ സർക്കാറിന് ഭൂഷണമല്ലെന്ന് കെ.എം.സി.സി പ്രതിനിധി സത്താർ താമരത്ത് അഭിപ്രായപ്പെട്ടു. മതിയായ നഷ്ടപരിഹാരം എന്നത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുമെന്നും ബി.ജെ.പി പാനലിസ്റ്റ് അജേഷ് കുമാർ ആരോപിച്ചു. ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത, മലയോര ഹൈവേ, ജലഗതാഗതം ഉൾപ്പെടെയുള്ള പദ്ധതികൾ ആത്മാർഥതയോടെ നടപ്പാക്കിയ സർക്കാറിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് സാമൂഹിക പ്രവർത്തക ധന്യ ഓസ്റ്റിൻ പ്രത്യാശ പ്രകടിപ്പിച്ചു. ആം ആദ്മി പ്രതിനിധി അസീസ് മാവൂർ, സുരേഷ് ബാബു, അജയൻ, അമീർ, കെ.കെ. തോമസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റിഫ പ്രസിഡന്റ് നിബു വർഗീസ് മോഡറേറ്ററായി ചർച്ച നിയന്ത്രിച്ചു. സെക്രട്ടറി ജിമ്മി പോൾസൺ സ്വാഗതവും വൈസ് പ്രസിഡന്റ് ജയശങ്കർ പ്രസാദ് നന്ദിയും പറഞ്ഞു. നിരഞ്ജന ബിജു, പ്രമോദ് കുമാർ എന്നിവർ ആലപിച്ച കവിതകൾ സദസ്സ് ഹൃദ്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

