‘ചില്ല’യിൽ ഓൺ-ഓഫ് ലൈൻ വായനകൾ
text_fieldsറിയാദിലെ ചില്ല സർഗവേദി ഓൺലൈനിൽ സംഘടിപ്പിച്ച പ്രതിമാസ വായനാസ്വാദന പരിപാടി
റിയാദ്: സൂം പ്ലാറ്റ് ഫോമിൽ നടന്ന ചില്ല സർഗവേദി പ്രതിമാസ വായനക്ക് മദ്രാസ് ഐ.ഐ.ടി വിദ്യാർഥി അഖിൽ ഫൈസൽ തുടക്കം കുറിച്ചു. ‘ഒഥല്ലൊ’യുടെ വായനാനുഭവവും ആ നാടകത്തിൽ വിമർശന വിധേയമാകുന്ന വംശീയതയും പകയും വിദ്വേഷവും കുടിലതയും അവതാരകൻ സദസ്സിന് മുന്നിൽ അവതരിപ്പിച്ചു. കെ.കെ. പ്രകാശം എഴുതി അരനൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിച്ച ‘അച്ഛന്റെ മകൾ’ എന്ന കൃതിയുടെ വായനാനുഭവം അനിത നസീം സദസ്സുമായി പങ്കുവച്ചു. ജാതീയമായ വേലിക്കെട്ടുകൾ ഭേദിച്ചുകൊണ്ട് വിവാഹം ചെയ്യാനുള്ള മകളുടെ ഇഷ്ടത്തിന് കൂടെ നിൽക്കുന്ന അച്ഛനെയാണ് കൃതിയിൽ കാണുന്നത്.
ഡി.സി ബുക്സ് സുവർണ ജൂബിലി നോവൽ മത്സരത്തിൽ പുരസ്കാരം നേടിയ ശംസുദ്ദീൻ കുട്ടോത്തിന്റെ ‘ഇരിച്ചാൽ കാപ്പ്’ എന്ന നോവലിന്റെ വായനാനുഭവം ടി.എ. ഇഖ്ബാൽ പങ്കുവെച്ചു. കഥകളും ഉപകഥകളുമായി വികസിക്കുന്ന നോവലിലെ അലൻ റൂമിയെന്ന നായകന്റെ ജീവിത അന്വേഷണമാണ് നോവൽ.
വിപിൻ കുമാറിന്റെ ആമുഖത്തോടെ തുടങ്ങിയ വായനക്ക് ശേഷം നടന്ന ‘കൺവെഴ്സിങ് ഓൺ ദി എസ്തെറ്റിക്സ് ആൻഡ് എക്സ്പീരിയൻസ് ഓഫ് ഓൺലൈൻ ആൻഡ് ഓഫ്ലൈൻ റീഡിങ്’ എന്ന വിഷയത്തിലെ ചർച്ചക്ക് നൗഷാദ് കോർമത്ത് തുടക്കം കുറിച്ചു.
ജോണി പനംകുളം, ബീന, സുരേഷ് ലാൽ, അഖിൽ ഫൈസൽ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. എം. ഫൈസൽ ചർച്ചകൾ ഉപസംഹരിച്ചു. നൗഷാദ് കോർമത്ത് മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

