ഏകപാത്ര നാടകോത്സവത്തിന് ദമ്മാമിൽ തുടക്കം
text_fieldsദമ്മാമിൽ ആരംഭിച്ച ഏകപാത്ര നാടകോത്സവത്തിൽനിന്ന്
ദമ്മാം: സൗദി അറേബ്യയുടെ നാടക പ്രസ്ഥാനങ്ങളെ ശാക്തീകരിക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സൗദി ആർട്സ് ആൻഡ് കൽചറൽ അസോസിയേഷൻ, തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഏകപാത്ര നാടകോത്സവത്തിന് (മോണോഡ്രാമ ഫെസ്റ്റിവൽ) ദമ്മാമിൽ തുടക്കമായി. ഡിസംബർ അഞ്ചിന് ആരംഭിച്ച നാടകമേള ഒമ്പത് വരെ തുടരും.
രാജ്യത്തെ വിവിധ ദേശത്ത് നിന്നെത്തുന്ന 10 നാടക സംഘങ്ങൾ നാടകങ്ങൾ അവതരിപ്പിക്കും. ദമ്മാം, ഖോബാർ, റിയാദ്, ഖത്വീഫ്, ജീസാൻ, ത്വാഇഫ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നുള്ളതാണ് ഈ നാടക സംഘങ്ങൾ. ദമ്മാമിലെ കവാലിസ് തിയറ്ററിലാണ് മേള. പ്രത്യേക പരിശീലന വർക്ക്ഷോപ്പുകൾ, നാടക മേഖലയെ പരിഷ്‍കരിക്കാൻ ലക്ഷ്യം വെച്ചുള്ള വിമർശനാത്മക സെമിനാറുകൾ എന്നിവയും നടക്കുന്നുണ്ട്. പൊതുജനങ്ങൾ, നാടകമേഖലയിലെ നിരൂപകർ, പത്രപ്രവർത്തകർ എന്നിവരെ ലക്ഷ്യം വെച്ചാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.
ത്വാഇഫ് മോഡേൺ തിയേറ്റർ ഗ്രൂപ്പിന്റെ ‘മാൻസ് ലാസ്റ്റ് അമ്നിയഷൻ’ എന്ന നാടകത്തിന്റെ അവതരണത്തോടെയാണ് മേള തുടങ്ങിയത്. ആർട്ട് ഗായകസംഘത്തിന്റെ ‘റൂസ്റ്റർ’, കാർമൽ ഗ്രൂപ്പിന്റെ ‘റഫ്രിജറേറ്റർ എംബ്രിയോസ്’, ഡോ തിയേറ്ററിന്റെ ‘മൂൺ, ജിദ്ദ ആർട്സിെൻറ ‘വൈറ്റ്‌നെസ്’, റിയാദ് ഗ്രൂപ്പിെൻറ ‘ഫാരിസിെൻറ ഹാലുസിനേഷൻസ്’, സ്റ്റേജ് ഗ്രൂപ്പിന്റെ ‘ആൻ എംപ്ലോയീസ് ടെയിൽ’ എന്നിവയാണ് മറ്റ് നാടകങ്ങൾ.
അൽ അഹ്‌സ കൾച്ചർ അസോസിയേഷന്റെ ‘ഫേസസ് ദാറ്റ് നെവർ സ്ലീപ്പ്’, നൗറാസ് ഗ്രൂപ്പിന്റെ ‘ദ ചാമിലിയോൺസ് എക്കോ’, ഖഷബ അൽ ഫാൻ ഗ്രൂപ്പിന്റെ ‘സ്പാർക്ക്’ എന്നീ നാടകങ്ങളുടെ അവതരണങ്ങളോടെ നാടകോത്സവം സമാപിക്കും. ബഹ്‌റൈനി കലാകാരനായ അബ്ദുല്ല സുവൈദ് അവതരിപ്പിക്കുന്ന ‘നാടകാഭിനയത്തിലെ സാങ്കേതിക വിദ്യകൾ’ എന്ന പ്രത്യേക വർക്ക്‌ഷോപ് മേളയിലെ പ്രധാന ഘടകമാണ്.
ഓരോ നാടകാവതരണത്തിന് ശേഷവും അതിനെ അപഗ്രഥനം ചെയ്യുന്ന ചർച്ചകൾ, ‘ദ സോളോ ആക്ടർ: ക്രിയേറ്റിങ് എ തിയറ്ററിക്കൽ പാർട്ണർ’ എന്ന സെമിനാർ, ഏകപാത്ര നാടകങ്ങളുടെ ചരിത്രം വ്യക്തമാക്കുന്ന പ്രദർശനം, ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന നാടക സൃഷ്ടികളുടെ പോസ്റ്ററുകളുടെ പ്രദർശനം എന്നിവയും ഫെസ്റ്റിവലിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

