‘ഭൂമിക്ക് വേണ്ടി ഒരു മണിക്കൂർ’ ആചരണം തബൂക്കിലും
text_fields‘ഭൂമിക്ക് വേണ്ടി ഒരു മണിക്കൂർ’ പരിപാടിയുടെ ഭാഗമായി തബൂക്കിൽ സംഘടിപ്പിച്ച മെഴുകുതിരി വെളിച്ചത്തിൽ വായന സാംസ്കാരിക സായാഹ്നം
തബൂക്ക്: ലോകമെമ്പാടും ആചരിക്കുന്ന ‘ഭൂമിക്ക് വേണ്ടി ഒരു മണിക്കൂർ’ (Earth Hour) പരിപാടിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്ക് നഗരത്തിൽ വേറിട്ടൊരു സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു.
സൗദി സാഹിത്യ-പ്രസിദ്ധീകരണ-വിവർത്തന കമീഷെൻറ ലിറ്റററി പാർട്ണറായ ‘കൾച്ചറൽ കഫേ’, തബൂക്ക് നഗരസഭയുമായി സഹകരിച്ചാണ് ‘അഹ്റഖ്തു അഹ്ദാബി’ എന്ന പേരിൽ ഈ വായനാ പരിപാടി ഒരുക്കിയത്.
നഗരത്തിലെ സെൻട്രൽ ഏരിയ വോക്ക്വേയിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് വായനക്കാരാണ് മെഴുകുതിരി വെളിച്ചത്തിൽ പുസ്തകങ്ങൾ വായിക്കാനായി ഒത്തുകൂടിയത്.
കൃത്രിമ വെളിച്ചങ്ങൾ പൂർണമായും അണച്ച്, കേവലം മെഴുകുതിരികളുടെ ശാന്തമായ പ്രകാശത്തിൽ വായനയും ധ്യാനവും സമന്വയിപ്പിച്ചുകൊണ്ടുള്ള തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് സംഘാടകർ വായനക്കാർക്കായി ഒരുക്കിയത്. വായനയുടെ ആദ്യകാല ലാളിത്യത്തെ ഓർമിപ്പിക്കുന്ന ഈ അന്തരീക്ഷം സാഹിത്യപ്രേമികൾക്ക് വായനയിൽ പുതിയൊരു വൈകാരിക തലം നൽകി.
പുസ്തകവും വായനക്കാരനും തമ്മിലുള്ള ബന്ധത്തെ പുനർനിർവചിക്കുന്ന ഈ വേറിട്ട പരീക്ഷണം സാംസ്കാരിക മേഖലയിലുള്ളവരുടെ വലിയ പ്രശംസ പിടിച്ചുപറ്റി.
‘പുസ്തകം നിങ്ങൾ കൊണ്ടുവരൂ... മെഴുകുതിരി ഞങ്ങൾ നൽകാം’ എന്ന സന്ദേശവുമായി നടത്തിയ ഈ പരിപാടി കേവലം ഒരു സാഹിത്യ സംഗമം എന്നതിലുപരി ഊർജ്ജ സംരക്ഷണത്തിെൻറയും പരിസ്ഥിതി അവബോധത്തിെൻറയും വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകിയത്.
തബൂക്കിലെ സാംസ്കാരിക ചലനങ്ങളെ ആഗോള പരിപാടികളുമായി ബന്ധിപ്പിക്കാനും പരിസ്ഥിതി സംരക്ഷണത്തിനായി സാഹിത്യത്തെ ഒരു ഉപകരണമായി ഉപയോഗിക്കാനും ഈ സംരംഭത്തിലൂടെ സാധിച്ചു. ഊർജ്ജ ഉപഭോഗം കുറയ്ക്കേണ്ടതിെൻറയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിെൻറയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഈ സാംസ്കാരിക നിശ സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

