ഒന്നര വര്‍ഷത്തെ ആശുപത്രിവാസം; യു.പി സ്വദേശി നാടണഞ്ഞു
text_fieldsജുബൈർ അഹ്മദ്
റിയാദ്: കെട്ടിടത്തില്‍നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് ഒന്നരവര്‍ഷത്തോളം റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യു.പി സ്വദേശിക്ക് മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ കൈത്താങ്ങ്. ആശുപത്രിയിലടക്കേണ്ട നാലര ലക്ഷം റിയാല്‍ ഒഴിവാക്കിക്കിട്ടിയതിന് പുറമെ ഏറെ സാഹസപ്പെട്ടാണ് ജുബൈര്‍ അഹ്മദിനെ സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചത്.
കമ്പനി താമസസ്ഥലത്തുവെച്ചാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ മുകളിൽനിന്ന് തലചുറ്റി താഴേക്ക് വീണ് നട്ടെല്ലിനടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേൽക്കുകയായിരുന്നു. തുടര്‍ന്ന് റിയാദിലെ ഫാമിലി കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു മാസം ചികിത്സ നല്കി. നാലര ലക്ഷം റിയാല്‍ ബിൽ അടക്കാനുണ്ടായിരുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ബിൽ ജുബൈറിന്റെ ബാധ്യതയായി. ബിൽ അടക്കാതെ റൂമിലേക്ക് കൊണ്ടുവന്നു. വൈകാതെ രോഗം മൂർച്ഛിച്ചു. പിന്നീട് അമീർ മുഹമ്മദ് ആശുപത്രിയില്‍ ആറു മാസം ചികിത്സ നല്കി.
അതിനിടെ രോഗം ഭാഗികമായി ഭേദമായി. ഫാമിലി കെയര്‍ ആശുപത്രി അധികൃതര്‍ നാലര ലക്ഷം റിയാലിന് വേണ്ടി ഇദ്ദേഹത്തിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശിഹാബ് കൊട്ടുകാട് ആശുപത്രി സി.ഇ.ഒയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടു. കേസ് നടത്തി ആശുപത്രി ഈ പണം ഒഴിവാക്കിക്കൊടുത്തു. പിന്നീട് അല്‍ഗാത്ത് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റി. ആകെ ഒന്നര വര്‍ഷം ആശുപത്രി വാസം.
അതിനിടെ പലതവണ നാട്ടില്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും വിമാനത്തിലെ സ്ട്രച്ചര്‍ പ്രശ്നം കാരണം സാധ്യമായില്ല. എയര്‍ ഇന്ത്യ അധികൃതരുമായി ശിഹാബ് കൊട്ടുകാട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ട്രെച്ചറില്‍ കൊണ്ടുപോകാന്‍ സമ്മതിച്ചു. നാട്ടില്‍നിന്ന് രണ്ടു എൻജിനീയര്‍മാരെ കൊണ്ടുവന്നാണ് സ്ട്രച്ചര്‍ പ്രശ്നം പരിഹരിച്ചത്. കമ്പനി എക്സിറ്റ് വിസ നല്കി. ഇന്ത്യന്‍ എംബസി യാത്രയുടെ ചെലവും വഹിച്ചു. ആല്‍ഗാത്ത് ആശുപത്രി അധികൃര്‍ ആംബുലന്‍സ് വിട്ടുനല്‍കി. ന്യൂഡല്‍ഹിയിലെത്തിയ ജുബൈർ അഹമ്മദിനെ ബന്ധുക്കള്‍ സ്വീകരിച്ചു.
ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ വിഭാഗം മേധാവി മുഈന്‍ അക്തര്‍, സഹ ഉദ്യോഗസ്ഥരായ മീന, ആശിഖ്, എയർ ഇന്ത്യ ഉദ്യോഗസ്ഥരായ സക്കി, വിക്രം, സൽമാൻ, നൗഷാദ്, അമീർ മുഹമ്മദ് ആശുപത്രി മാനേജർ അബ്ദുല്ല, അൽഗാത് ആശുപത്രി ഡയറക്ടർ ഖാലിദ് ജാസി, സൂപർവൈസർ തലാൽ മുതൈരി, നഴ്സിങ് ഡയറക്ടർ മിനി, വാർഡ് ഇൻചാർജ് പ്രിൻസ്, നഴ്സ് നോബി തുടങ്ങി നിരവധി പേര് വിവിധ ഘട്ടങ്ങളിൽ സഹായിച്ചു. റിയാദിൽനിന്ന് ലക്നോ വരെ വിമാനയാത്രയിൽ റജാഉദ്ദീൻ റഹ്മാനി അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

