ഓണാഘോഷങ്ങളും ശിരോവസ്ത്ര വിവാദങ്ങളും
text_fieldsഓണക്കാലം പൂക്കളുടെയും വള്ളംകളിയുടെയും മാത്രമല്ല, സാമൂഹിക വൈരുദ്ധ്യങ്ങളുടെ കൂടെ വേദിയാണ്. സാധാരണ ദിവസങ്ങളിൽ വിചാരണ ചെയ്യപ്പെടുന്ന മുസ്ലിം സ്ത്രീകളുടെ ശിരോവസ്ത്രം, ഓണാഘോഷ വേളകളിൽ മാത്രം ചില പ്രൊഫൈലുകളിൽ അഭിമാന പ്രതീകമായി മാറാറുണ്ട്.
കർണാടകയിലെ ഹിജാബ് സമരം മുതൽ സ്കൂൾ വസ്ത്രധാരണ വിവാദങ്ങൾ വരെ മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണം വംശീയവാദികൾക്ക് ഒരു വിനോദമായിരുന്നു. വസ്ത്രസ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്നും തട്ടം താഴെയിറക്കണമെന്നും ആക്രോശിക്കുന്നവർ, അതേ വസ്ത്രം ധരിച്ച് പെൺകുട്ടികൾ ഓണത്തിന് നൃത്തം ചെയ്യുമ്പോൾ അഭിമാനത്തോടെ അത് ഷെയർ ചെയ്യുന്നു.
സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ അതിനെ ‘അടിച്ചേൽപ്പിക്കൽ’ എന്ന് വിളിക്കുന്നവർ, ആഘോഷങ്ങളുടെ ഭാഗമാകുമ്പോൾ അത് സ്വന്തം സാംസ്കാരിക ആധിപത്യത്തിന്റെ ഔദാര്യമായി വ്യാഖ്യാനിക്കുന്നു. വസ്ത്രത്തോടല്ല, മറിച്ച് സ്ത്രീകളുടെ സ്വതന്ത്ര നിലപാടുകളോടുള്ള അസഹിഷ്ണുതയാണ് ഇതിന് പിന്നിൽ. തങ്ങളുടെ കപട മതേതരത്വം കാണിക്കാനുള്ള ഒരു ‘ടോക്കൺ’ മാത്രമായി ഇവർ ഈ ദൃശ്യങ്ങളെ മാറ്റുന്നു. ആഘോഷം കഴിയുമ്പോൾ ഇതേ പെൺകുട്ടികൾ സാധാരണ ക്ലാസ് മുറികളിൽ ഹിജാബ് ധരിച്ചെത്തുമ്പോൾ ഇവർ വീണ്ടും എതിർപ്പുമായി രംഗത്തുവരുന്നു. ഇത് അങ്ങേയറ്റത്തെ ഇരട്ടത്താപ്പാണ്. അതേസമയം, സമുദായത്തിലെ പുതിയ തലമുറയും ഈ വിഷയത്തിൽ ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഇസ്ലാമിലെ ആഘോഷങ്ങൾ ആരാധന അധിഷ്ഠിതമാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ പൊതുവേദികളിൽ ഇറങ്ങുമ്പോൾ, മുതിർന്ന പെൺകുട്ടികൾ പൊതുസമൂഹത്തിന് മുന്നിൽ നൃത്തം ചെയ്യുന്നത് മതപരമായ തത്വങ്ങൾക്ക് അനുസൃതമാണോ എന്ന് ചിന്തിക്കണം. വംശീയവാദികളുടെ കപട രാഷ്ട്രീയത്തെ തുറന്നുകാട്ടുമ്പോൾ തന്നെ, ഇത്തരം പ്രവണതകൾ വരുത്തുന്ന മതപരമായ അപകടങ്ങളും തിരിച്ചറിയണം.
ചുരുക്കത്തിൽ, വസ്ത്രധാരണം മൗലികാവകാശമാണെന്ന് തിരിച്ചറിയാനുള്ള പക്വത ഇനിയും വന്നിട്ടില്ലാത്ത ട്രോളന്മാരുടെ ഇരട്ടത്താപ്പും കപടതയുമാണ് ഇത് വ്യക്തമാക്കുന്നത്. മനുഷ്യരെ വസ്ത്രത്തിന്റെയോ മതത്തിന്റെയോ പേരിൽ അളക്കുന്ന സങ്കുചിത രാഷ്ട്രീയത്തെ തിരിച്ചറിയാനും സ്വത്വബോധത്തിന്റെ അതിരുകൾ മനസ്സിലാക്കാനും ഇത്തരം വൈരുധ്യങ്ങൾ വഴികാട്ടിയാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

