വെടിയേറ്റുവീണിട്ടും ഇന്ത്യൻ പതാക നെഞ്ചോട് ചേർത്ത്...
text_fieldsവൈദേശിക ശക്തികളിൽ നിന്ന് ജന്മനാടിനെ സ്വതന്ത്രയാക്കുന്നതിൽ പുരുഷന്മാർക്കൊപ്പം മുന്നണി പോരാളികളായി സ്ത്രീകളും അണിനിരന്നിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി അടക്കമുള്ള സ്ത്രീ പോരാളികൾ കൊളുത്തിയ വിപ്ലവാഗ്നി സ്വാതന്ത്ര്യം നേടുന്നതുവരെയും അണഞ്ഞില്ല. ബ്രിട്ടീഷുകാരെ എതിരിട്ടതിൻെറ പേരിൽ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നവരും ചൂഷണങ്ങൾ നേരിടേണ്ടി വന്നവരും നിരവധി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ വനിത രക്തസാക്ഷി എന്നറിയപ്പെടുന്ന പ്രീതി ലതാ വഡേദ്കർ, ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച ബംഗാളിലെ മാതംഗിനി ഹസാരയും അസമിലെ കനകലതാ ബറുവ, ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ സമരസേനാനികളെ അഭിസംബോധന ചെയ്യാൻ രംഗത്തുവന്ന കസ്തൂർബ ഗാന്ധി, അണ്ടർഗ്രൗണ്ട് റേഡിയോ സ്ഥാപിച്ച് സമരവാർത്തകൾ ജനങ്ങളിലെത്തിച്ച ഉഷാമേത്ത, വേഷപ്രച്ഛന്നയായി സഞ്ചരിച്ച് പ്രവർത്തകരെ പ്രോത്സാഹിപ്പിച്ച സുചേതാ കൃപലാനി, ബോംബെയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത് ദേശീയപതാക ഉയർത്തിയശേഷം ഒളിവിലിരുന്നുകൊണ്ട് സമരം നയിച്ച അരുണ ആസഫലി, തൊഴിലാളി പണിമുടക്കിന് പിന്തുണ നൽകിയ ഖുർഷദ്‌ബെൻ, പഞ്ചാബിലെ ഉൾപ്രദേശങ്ങളിൽ സമരം ശക്തിപ്പെടുത്തിയ പുഷ്പ ഗുജറാൾ, സിംലയിൽ പ്രതിഷേധപ്രകടനങ്ങൾ നയിച്ച രാജകുമാരി അമൃത് കൗർ തുടങ്ങി അറിയുന്നതും അറിയപ്പെടാത്തതുമായ എത്രയോ ധീരവനിതകൾ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് സർവതും സമര്‍പ്പിച്ച് വെള്ളക്കാരൻെറ വീര്യം കെടുത്താന്‍ ചുടുനിണം കൊണ്ട് ചരിത്ര കാവ്യം എഴുതിയ അവരിൽ പലരുടെയും നാമങ്ങള്‍ ചരിത്രത്തില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. മുന്നണി പോരാളികളായിരുന്നു ആ ധീരവനിതകള്‍ ക്വിറ്റ് ഇന്ത്യ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്നുതവണ വെടിയേറ്റിട്ടും ഇന്ത്യന്‍ പതാക നെഞ്ചോടു ചേര്‍ത്തു പിടിച്ച് 'വന്ദേമാതരം' ചൊല്ലി ജീവൻ വെടിഞ്ഞ മാതംഗിനി ഹസാരയുടെ ചരിത്രം ഏതൊരു ദേശസ്നേഹിക്കും ആവേശം പകരും.
ജനങ്ങൾ സ്നേഹാദരപൂർവം 'ഗാന്ധി മുത്തശ്ശി' എന്നായിരുന്നു മാതംഗിനിയെ വിളിച്ചിരുന്നത്. ബംഗാളിലെ ഹൊഗ്‌ള ഗ്രാമത്തിൽ ഒരു ദരിദ്ര കർഷക കുടുംബത്തിലായിരുന്നു അവരുടെ ജനനം. ഔപചാരിക വിദ്യാഭ്യാസംപോലും ലഭിക്കാതെ ബാല്യത്തിൽ തന്നെ വിവാഹിതയായെങ്കിലും 18ാം വയസ്സിൽ വിധവയായി. ക്വിറ്റ് ഇന്ത്യാസമരത്തിൻെറ ഭാഗമായി മിഡ്‌നാപൂരിലെ സമരഭടന്മാർ പൊലീസ് സ്റ്റേഷനുകളും സർക്കാർ ഓഫിസുകളും പിടിച്ചെടുക്കാൻ തീരുമാനിച്ചു. സ്ത്രീകൾ ഉൾപ്പെടെ ആറായിരത്തോളം പേർ പങ്കെടുത്ത പ്രകടനം താംലുക്ക് പൊലീസ് സ്റ്റേഷനിലേക്ക് നയിച്ചത് 73 വയസ്സുള്ള മാതംഗിനി ആയിരുന്നു. പ്രകടനത്തെ തടഞ്ഞ പൊലീസ് ജനങ്ങളോട് പിരിഞ്ഞുപോകാൻ ഉത്തരവിട്ടു. ധീരയായ മാതംഗിനി കൽപന ലംഘിച്ച് മുന്നോട്ടുനീങ്ങി. കൈക്ക് വെടികൊണ്ടിട്ടും ജനക്കൂട്ടത്തെ വെടിവെക്കരുതെന്ന് അഭ്യർഥിച്ചുകൊണ്ട് സധൈര്യം മുന്നോട്ടുനീങ്ങിയ ആ ധീരവനിതയെ പൊലീസ് രണ്ട് പ്രാവശ്യംകൂടി വെടിവെച്ചു. മുറിവേറ്റിട്ടും കൈയിൽ മുറുകെ പിടിച്ച ദേശീയപതാകയുമായി മുന്നോട്ടുനീങ്ങിയ ആ ധീര ദേശാഭിമാനി വന്ദേമാതരം ഉരുവിട്ടുകൊണ്ടാണ് രക്തസാക്ഷിത്വം വരിച്ചത്. അസമിലെ ശോണിത്പുർ ജില്ലയിൽ ബംരംഗബാരി ഗ്രാമത്തിൽ 1924ൽ കർഷക കുടുംബത്തിൽ ജനിച്ച കനകലത ബറുവയുടെ പോരാട്ട ചരിത്രവും ആവേശജനകമാണ്.
'ക്വിറ്റ് ഇന്ത്യ' സമരത്തിൽ പങ്കാളിയായ അസമിലെ 'മൃത്യുബാഹിനി' എന്ന സംഘത്തിൽ അംഗമായ കനകലത പിന്നീട് അതിൻെറ വനിതാവിഭാഗം നേതാവായി. ദരാങ് ജില്ലയിലെ കോടതിയിലും പൊലീസ് സ്റ്റേഷനിലും ഇന്ത്യൻ പതാക ഉയർത്താൻ നിയോഗിച്ച നേതാക്കളിലൊരാൾ കനകലതയായിരുന്നു. 1942 സെപ്റ്റംബറിൽ നൂറുകണക്കിന് വളൻറിയർമാരെ ഇന്ത്യൻ പതാകയുമേന്തി കനകലത പൊലീസ് സ്റ്റേഷനിലേക്ക് നയിച്ചു. സ്റ്റേഷൻ കവാടത്തിൽ ഇവരെ െപാലീസ് തടഞ്ഞു. മുന്നോട്ടുനീങ്ങിയാൽ വെടിവെക്കുമെന്ന ഭീഷണി അവർ വകവെച്ചുമില്ല. മുന്നോട്ടുനീങ്ങിയ കനകലതയെയും അനുയായികളെയും പൊലീസ് വെടിവെച്ചു.
വെടിയേറ്റ് കനകലത ബറുവ മരിച്ചുവീണു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് അനുകൂലമായി വിദേശത്ത് പൊതുജനാഭിപ്രായം രൂപവത്കരിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച വ്യക്തിയാണ് മാഡം ഭിക്കാജി കാമ. ബോംബെയിലെ പാഴ്സി കുടുംബത്തിലാണ് അവർ ജനിച്ചത്. വിദ്യാഭ്യാസത്തിനുശേഷം പൊതുരംഗത്ത് സജീവമായ അവർ ബോംബെയിലെ പ്ലേഗ് ബാധിതരെ ശുശ്രൂഷിച്ചതുമായി ബന്ധപ്പെട്ടുള്ള ചികിത്സക്കാണ് ഇംഗ്ലണ്ടിലെത്തുന്നത്. അവിടുത്തെ വിപ്ലവ ഗ്രൂപ്പുകളുമായി സഹകരിച്ച് ഭിക്കാജി കാമ ഇന്ത്യയിലെ തീവ്രദേശീയ പ്രവര്‍ത്തനങ്ങളെ സഹായിച്ചു. 1907ല്‍ ജര്‍മനിയില്‍ നടന്ന ഇൻറര്‍നാഷനല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസില്‍ പങ്കെടുത്ത അവര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. ഒരു വിദേശരാജ്യത്തു നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ആദ്യ വ്യക്തി കൂടിയാണ് അവർ. ബ്രിട്ടീഷധികാരികളുടെ ഇടപെടലുകളെ തുടര്‍ന്ന് അവർ പാരീസിലേക്ക് താമസം മാറ്റി. 'വന്ദേമാതരം' എന്ന മാസിക പ്രസിദ്ധീകരിച്ച അവര്‍ യൂറോപ്പിലുള്ള ഇന്ത്യക്കാരോട് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ അഭ്യര്‍ഥിച്ചു. 1936ല്‍ ബോംബെയില്‍വെച്ചായിരുന്നു മരണം.
സ്വാതന്ത്ര്യസമര പോരാളിയായ സ്വര്‍ണകുമാരിദേവിയുടെ പുത്രിയും മഹാകവി രബീന്ദ്രനാഥ ടാഗോറിൻെറ അനന്തരവളുമായ സരളാദേവി ചൗധുരാനി കല്‍ക്കത്തയില്‍ യുവാക്കള്‍ക്ക് മാത്രമായി നടത്തിയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ആദ്യ വനിതയാണ്. ഫ്രഞ്ച്, പേര്‍ഷ്യന്‍, സംസ്‌കൃതം, ഇംഗ്ലീഷ്, ബംഗാളി എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. ദേശീയവാദിയും പഞ്ചാബിലെ ആര്യസമാജാംഗവുമായ രാംഭജദത്തിനെ വിവാഹം കഴിച്ചതോടെ സ്വാതന്ത്ര്യ സമരത്തിൽ ഇവർ ശക്തമായ പങ്കാളിയായി. പ്രക്ഷോഭങ്ങളില്‍കൂടി മാത്രമേ സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുകയുള്ളൂ എന്നുറച്ചു വിശ്വസിച്ച സരളാദേവി തൻെറ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍വേണ്ടി 'ഭാരതസ്ത്രീ മഹാമണ്ഡല്‍' എന്ന പ്രസ്ഥാനം ആരംഭിച്ചു. വംശ-വര്‍ഗ-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകളെയും പൊതുതാൽപര്യത്തിനും രാജ്യതാൽപര്യത്തിനുമായി അണിനിരത്തുന്നതിൽ ഈ പ്രസ്ഥാനം വിജയം കാണുകയും ചെയ്തു. ദേശീയ പ്രസ്ഥാനത്തില്‍ സ്ത്രീകളെ അണിനിരത്താന്‍ സ്ത്രീ വിദ്യാഭ്യാസ പ്രചാരണത്തിന് നേതൃത്വം നൽകിയ ആളാണ് അഗ്യാവതി. അവര്‍ സ്ഥാപിച്ച 'വിധവാ ആശ്രമം' ജാതിവര്‍ഗഭേദമന്യേ വിധവകളും അഗതികളുമായ വനിതകള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തന പരിശീലനം നൽകി.
മധ്യവര്‍ഗക്കാരായ സ്ത്രീകളെ സംഘടിപ്പിച്ച് ദേശീയ പ്രസ്ഥാനത്തിൻെറ മുഖ്യധാരയിലെത്തിച്ച് സ്ത്രീകളെ രാഷ്ട്രീയവത്കരിക്കുന്നതിൽ അഗ്യാവതി വിജയം കാണുകയും ചെയ്തു. തീവ്രദേശീയ പ്രസ്ഥാനത്തിലെ ഊര്‍ജസ്വലയായ മറ്റൊരു വനിതയാണ് ഹര്‍ ദേവി. ഭര്‍ത്താവ് റോഷന്‍ ലാലിൻെറ പിന്തുണയോടെ മുഴു സമയ രാഷ്ട്രീയ പ്രവര്‍ത്തകയായ ദേവി ജനങ്ങളെ ബോധവത്കരിക്കാന്‍ രഹസ്യയോഗങ്ങള്‍ സംഘടിപ്പിച്ചു. വിചാരണയിൽ കഴിയുന്ന തീവ്രദേശീയവാദികളുടെ മോചനത്തിനായി അവര്‍ ഫണ്ട് സ്വരൂപിച്ചു. ഇത്തരം സേവനങ്ങളിലൂടെ ഹര്‍ ദേവി പഞ്ചാബിൻെറ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അവിസ്മരണീയയായി. ഗറില്ലാ യുദ്ധമുറകളിലൂടെ ബ്രിട്ടീഷുകാരെ വിറപ്പിച്ച ബീഗം ഹസ്രത്ത് മഹല്‍ സ്വന്തം നാടിൻെറ വിമോചനത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പോരാടിയ ധീരവനിതകളിൽ തിളങ്ങി നിൽക്കുന്ന പേരാണ് ബീഗം ഹസ്രത്ത് മഹല്‍. യഥാർഥ പേര് മുഹമ്മദീ ഖാനം എന്നായിരുന്നു.
1847ല്‍ ഭർത്താവ് വാജിദ് ആലീശ അവാദിൻെറ ഭരണാധികാരിയായത് മുതലാണ് അവര്‍ ബീഗം ഹസ്രത്ത് മഹല്‍ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. 1856 ഫെബ്രുവരി 18നു അവാദിലെ അധികാരത്തിൽ നിന്ന് വാജിദ് ആലീശ പുറത്തക്കപ്പെടുകയും കൽക്കട്ടയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. അദ്ദേഹത്തെ പിന്നീടു കാരാഗ്രഹത്തിലടച്ചതോടെയാണ് ബീഗം ഹസ്രത്ത് മഹല്‍ അവാദിൻെറ വിമോചനത്തിന് വേണ്ടി പോരാടാൻ തീരുമാനിച്ചത്. രാജാ ജയ്പാല്‍ സിങ്, രഘുനാഥ് സിങ്, മുൻഷിഗ മതാദിന്‍, ബറകത്ത് ഖാന്‍ എന്നിവരുടെ സഹായത്തോടെ പതിനൊന്നു വയസ്സുകാരിയായ മകള്‍ ബിർജീസ് ഖാദറിനെ അവാദിലെ ഭരണാധികാരിയായി ബീഗം പ്രഖ്യാപിച്ചു. ദൽഹിയിലെ രാജാവായിരുന്ന ബഹദൂർ ഷാ സഫറിന് അവര്‍ പിന്തുണയും പ്രഖ്യാപിച്ചു. അവരുടെ നേതൃത്വത്തില്‍ ഏഴു ലക്ഷം വരുന്ന സൈനികര്‍ ബ്രിട്ടീഷുകാർക്കെതിരെ പോരിനിറങ്ങി. ഗറില്ലാ യുദ്ധമുറകളിലൂടെ ബീഗത്തിൻെറ അനുയായികള്‍ ബ്രിട്ടീഷുകാരെ വിറപ്പിച്ചു. പക്ഷേ, പൂർവാധികം ശക്‌തിയോടെ ബ്രിട്ടീഷുകാർ തിരിച്ചടിച്ചതോടെ പരാജയപ്പെട്ട ബീഗം നേപ്പാളിലേക്ക് നാടുകടത്തപ്പെട്ടു. 1874 ഏപ്രില്‍ ഏഴിനു ആ ധീരവനിത മരണപ്പെട്ടു.
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷിയാണ് അസീസന്‍ ബീഗം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ വനിതകളുടെ പട്ടാളം ഉണ്ടാക്കുക എന്ന ദൗത്യം അവർ വിജയകരമാക്കി. ആയിരത്തോളം അംഗങ്ങള്‍ ഉണ്ടായിരുന്നു കാൺപൂരിലെ വനിത െറജിമൻെറില്‍. ബ്രിട്ടീഷ് സൈനിക കോടതി അസീസൻ ബീഗത്തിന് വധശിക്ഷ വിധിച്ചു. ഒടുവിൽ ഫയറിങ് സ്ക്വാഡിൻെറ വെടിയേറ്റ് ആ ധീര വനിത മരണം വരിച്ചു. 1857ല്‍ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ആരംഭം കുറിച്ചപ്പോൾ ബഹദൂർഷാഹ് സഫറിനെ ഇന്ത്യന്‍ ചക്രവർത്തിയായി ഉയർത്തിക്കാട്ടി 'സ്വാതന്ത്ര്യം ജന്മാവകാശമാണ്' എന്ന് വിശ്വസിച്ച ഒരുകൂട്ടം മനുഷ്യര്‍ ബ്രിട്ടീഷുകാർക്കെതിരെ ബഹുജനസമരം ആരംഭിച്ചു. 'ശിപായി ലഹള' എന്ന് ബ്രിട്ടീഷുകാര്‍ പരിഹസിച്ച ഈ സമരത്തില്‍ ആയുധമെടുത്ത് പൊരുതുകയും ജയിലടക്കപ്പെടുകയും ചെയ്ത ഒട്ടേറെ വനിതകളില്‍ പ്രധാനിയാണ് സൈറാബീഗം. അന്നത്തെ ബ്രിട്ടീഷ് പട്ടാള മേധാവി വൈ.ഡബ്ല്യു.ആര്‍ ഹഡ്സാന്‍ തൻെറ റിപ്പോർട്ടുകളിൽ 'സമര യോദ്ധാക്കൾക്കിടയിലെ രത്‌നം' എന്നാണ് സൈറ ബീഗത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവില്‍ ഈ ധീരവനിതയെ ബ്രിട്ടീഷ് പട്ടാളം പിടികൂടി തൂക്കിലേറ്റി. പത്രപ്രവർത്തനത്തിലെ താൽപര്യം സ്വാതന്ത്ര്യസമരത്തിന് വേണ്ടി പ്രയോജനപ്പെടുത്തിയ വ്യക്തിയായിരുന്നു പ്രശസ്ത കോൺഗ്രസ് നേതാവ് ഖാജാ അബ്ദുൽ മജീദിൻെറ ഭാര്യ ഖുർഷിദ ബീഗം. അഹ്മദാബാദില്‍ ഇന്നും പ്രവർത്തിക്കുന്ന ഹമീദിയ കോളജ് സ്ഥാപിച്ചതും ഖുർഷിദ ബീഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
