റിയാദ് എക്സ്പോ 2030: പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ഒമാൻ
text_fields: റിയാദ് എക്സ്പോ 2030-െൻറ ഔദ്യോഗിക പങ്കാളിയാകാനുള്ള കരാറിൽ ഒമാൻ ഒപ്പുവെച്ചപ്പോൾ
റിയാദ്: റിയാദ് എക്സ്പോ 2030-ൽ ഔദ്യോഗികമായി പങ്കെടുക്കുന്നതിനുള്ള പങ്കാളിത്ത കരാറിൽ ഒമാൻ ഒപ്പുവെച്ചു. ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രാലയം സാംസ്കാരിക വിഭാഗം അണ്ടർ സെക്രട്ടറിയും ഒമാൻ പവലിയൻ കമീഷണർ ജനറലുമായ സഈദ് അൽ ബുസൈദിയും, റിയാദ് എക്സ്പോ 2030 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തലാൽ അൽ മുർറിയും ചേർന്നാണ് എക്സ്പോ സൈറ്റിൽ വെച്ച് കരാറിൽ ഒപ്പുവെച്ചത്.
ഈ കരാറിലൂടെ 2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 31 വരെ നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര പ്രദർശന മേളയിൽ ഒമാെൻറ സാന്നിധ്യം ഔദ്യോഗികമായി ഉറപ്പായി. കൂടാതെ, ഒമാന് സ്വന്തം മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകാനും സംഘാടനാപരവും പ്രവർത്തനപരവുമായ കാര്യങ്ങൾ പൂർത്തിയാക്കാനും എക്സ്പോയിൽ സന്ദർശകർക്കായി ഒരുക്കുന്ന പവലിയനും പ്രത്യേക പ്രോഗ്രാമുകളും വികസിപ്പിച്ചെടുക്കാനും ഇതിലൂടെ അവസരമൊരുങ്ങും.
ഒപ്പുവെക്കൽ ചടങ്ങിന് ശേഷം ഒമാൻ പവലിയനായി നിശ്ചയിച്ചിട്ടുള്ള സ്ഥലം ഉൾപ്പെടെ, അതിവേഗം പുരോഗമിക്കുന്ന റിയാദ് എക്സ്പോ 2030 നഗരിയിലെ വികസന പ്രവർത്തനങ്ങൾ അവർ നേരിട്ട് വിലയിരുത്തി. റിയാദ് എക്സ്പോയിലെ ഒമാെൻറ തയ്യാറെടുപ്പുകളിലെ സുപ്രധാന നാഴികക്കല്ലാണിത് എന്ന് കരാർ ഒപ്പിട്ടുകൊണ്ട് അൽ ബുസൈദി വിശേഷിപ്പിച്ചു.
ഒമാനും സൗദി അറേബ്യയും തമ്മിലുള്ള അഗാധമായ സാഹോദര്യ ബന്ധവും അടുത്ത സഹകരണവുമാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്നും, ഒമാെൻറ പാരമ്പര്യവും സംസ്കാരവും ജനങ്ങളുടെ നേട്ടങ്ങളും അഭിലാഷങ്ങളും ഇതിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര പങ്കാളിത്തത്തിൽ വർധിച്ചുവരുന്ന ആവേശത്തിന് ലഭിച്ച പുതിയൊരു കൂട്ടിച്ചേർക്കലായാണ് റിയാദ് എക്സ്പോ 2030 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻജി. തലാൽ അൽ മുർറി ഇതിനെ വിശേഷിപ്പിച്ചത്. കൂടുതൽ രാജ്യങ്ങൾ കരാറുകളിൽ ഒപ്പുവെച്ച് തങ്ങളുടെ പവലിയനുകളും അനുഭവങ്ങളും വികസിപ്പിക്കുന്ന ഘട്ടത്തിലേക്ക് കടക്കുമ്പോൾ 2030-ൽ റിയാദ് ആതിഥേയത്വം വഹിക്കുന്ന ഈ ആഗോള ഇവൻറിെൻറ രൂപം കൂടുതൽ വ്യക്തമായി പ്രകടമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒമാെൻറ സംസ്കാരവും കാഴ്ചപ്പാടുകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി ഒമാൻ ടീമുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസ്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഇതിനോടകം പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ ഒമാൻ കൂടി എത്തിയതോടെ, റിയാദ് എക്സ്പോയുടെ അന്താരാഷ്ട്ര തലത്തിലുള്ള തയ്യാറെടുപ്പുകൾക്ക് ആദ്യഘട്ടത്തിൽ തന്നെ ലഭിക്കുന്ന വലിയ പിന്തുണയാണ് വ്യക്തമാകുന്നത്. രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും ഇടയിൽ സഹകരണത്തിെൻറ പാലങ്ങൾ നിർമിച്ച് പുതിയ ആശയങ്ങൾക്കും സാധ്യതകൾക്കും തുടക്കം കുറിക്കാനും, സുസ്ഥിരമായ ഭാവിയിലേക്കുള്ള വളർച്ചയുടെ വേഗത വർധിപ്പിക്കാനുമാണ് റിയാദ് എക്സ്പോ 2030 ലക്ഷ്യമിടുന്നത്.
ആറ് മാസം നീണ്ടുനിൽക്കുന്ന ഈ മേളയിൽ 197 ഔദ്യോഗിക പങ്കാളികൾ പങ്കെടുക്കുമെന്നും 4.2 കോടി സന്ദർശകർ എത്തുമെന്നുമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

