142-ാം വയസ്സിൽ ഏറ്റവും പ്രായംകൂടിയ സൗദി പൗരൻ അന്തരിച്ചു
text_fieldsശൈഖ് നാസർ ബിൻ റദ്ദാൻ അൽ റഷീദ് അൽ വാദാഇ
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി അറിയപ്പെടുന്ന ശൈഖ് നാസർ ബിൻ റദ്ദാൻ അൽ റഷീദ് അൽ വാദാഇ (142) അന്തരിച്ചു. ഇന്ന് തലസ്ഥാനമായ റിയാദിലായിരുന്നു അന്ത്യം. സൗദി അറേബ്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമായത്. 40 തവണ ഹജ്ജ് ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ കുടുംബത്തിൽ മക്കളും പേരമക്കളുമായി 134 പേരുണ്ട്. 110ാം വയസ്സിലായിരുന്നു അവസാനത്തെ വിവാഹം. ആ ദാമ്പത്യത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. അതായത് 110ാം വയസ്സിൽ അദ്ദേഹം ഒരിക്കൽ കൂടി പിതാവായി.
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ കിങ് അബ്ദുൽ അസീസ് രാജാവിന്റെ കാലഘട്ടം മുതൽ നിലവിലെ സൽമാൻ രാജാവിന്റെ ഭരണകാലം വരെ നീളുന്ന ദീർഘമായ ഒരു ചരിത്രയാത്രക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു. സൗദി അറേബ്യയുടെ ഏകീകരണവും തുടർന്നുള്ള വികസന കുതിപ്പുകളും നേരിട്ട് കണ്ട വ്യക്തിയായിരുന്നു അദ്ദേഹം.
ധീരതക്കും ശാരീരിക കരുത്തിനും പേരുകേട്ട അദ്ദേഹം, തന്റെ ഉന്നതമായ സ്വഭാവഗുണങ്ങൾ കൊണ്ടും വിവേകം കൊണ്ടും എല്ലാവരുടെയും ബഹുമാനം പിടിച്ചുപറ്റിയിരുന്നു. സമൂഹത്തിലെ തർക്കങ്ങൾ പരിഹരിക്കാനും സമാധാനം കൊണ്ടുവരാനും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. സ്നേഹനിധിയായ ഒരു വലിയ സൗഹൃദവലയത്തിന് ഉടമയായിരുന്നു അദ്ദേഹം. സൗദി അറേബ്യയുടെ വികസന കുതിപ്പുകൾ നേരിട്ട് കണ്ട ആ വലിയ മനുഷ്യൻ ഇനി ഓർമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

