എണ്ണ ഉല്‍പാദന നിയന്ത്രണം നീട്ടിയേക്കും: റഷ്യയുമായി സഹകരണം ശക്തമാക്കും: വിദേശ കാര്യമന്ത്രി
text_fieldsറിയാദ്: റഷ്യയുമായി വിവിധ മേഖലയിലുള്ള സഹകരണം ശക്തമാക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ വ്യക്തമാക്കി. എണ്ണ ഉല്‍പാദന നിയന്ത്രണത്തിന് ഒപെക് കൂട്ടായ്മക്ക് പുറത്ത് സൗദിയുമായി സഹകരിക്കുന്നതില്‍ റഷ്യ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് മാര്‍ച്ചിന് ശേഷം ഉല്‍പാദന നിയന്ത്രണം തുടരാനാവുമെന്നാണ് സൗദിയും ഒപെക് രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്. റഷ്യ ഉള്‍പ്പെടെ ഒപെകിന് പുറത്തുള്ള 11 രാജ്യങ്ങള്‍ ഉല്‍പാദന നിയന്ത്രണത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. റഷ്യയുടെ സഹകരണത്തോടെയാണ് ദിനേന 18 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉല്‍പാദനം കുറക്കാന്‍ കഴിഞ്ഞ വര്‍ഷാവസാനം മുതല്‍ ഒപെക് രാജ്യങ്ങള്‍ക്ക് സാധ്യമായത്.
ജൂലൈയില്‍ അവസാനിച്ച കാലാവധി 2018 വരെ നീട്ടാനും ഇതിലൂടെ സാധിച്ചിരുന്നു. വാണിജ്യം, നിക്ഷേപം, സുരക്ഷ, സാമ്പത്തികം എന്നീ മേഖലയിലെ റഷ്യയുമായുള്ള സഹകരണവും ശക്തമാക്കുമെന്ന് ആദില്‍ജുബൈര്‍ കൂട്ടിച്ചേര്‍ത്തു. മേഖലയിലെ സുരക്ഷക്ക് റഷ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയില്‍ റഷ്യയുടെയും റഷ്യയില്‍ സൗദിയുടെയും നിക്ഷേപം അടുത്ത വര്‍ഷങ്ങളില്‍ വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, സംസ്കാരം, ശാസ്ത്രസാങ്കേതിക വിദ്യ, വ്യവസായം എന്നീ മേഖലയിലെ സഹകരണം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. സൗദി വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റഷ്യയുടെ സ്പുട്നിക് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
