എണ്ണ ഉല്‍പാദന നിയന്ത്രണത്തിന് 24 രാജ്യങ്ങളുടെ പിന്തുണ: ഊർജ മന്ത്രി
text_fieldsറിയാദ്: എണ്ണ ഉല്‍പാദന നിയന്ത്രണം നീട്ടാന്‍ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമത്തിന് 24 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് സൗദി ഊർജ മന്ത്രി എൻജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി. ഒപെക് കൂട്ടായ്മക്ക് പുറത്തുനിന്നുള്ള എണ്ണ ഉല്‍പാദകരാഷ്ട്രങ്ങളും ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ, ഖസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ എണ്ണ മന്ത്രിമാരുമായി താശ്കൻറില് കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഉസ്ബെക്കിസ്ഥാന്‍ എണ്ണ മന്ത്രിയുമായും ഊർജ മന്ത്രി കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം സൗദി സന്ദര്‍ശിച്ച റഷ്യന്‍ ഊർജ മന്ത്രി അലക്സാണ്ടര്‍ നോവോക് സല്‍മാന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിലും എണ്ണ ഉല്‍പാദന നിയന്ത്രണം 2018 അവസാനം വരെ നീട്ടുന്നതിന് റഷ്യയുടെ പിന്തുണ അറിയിച്ചിരുന്നു. ഈ മാസം അവസാനം നടക്കുന്ന ഒപെക് സമ്മേളനത്തിെൻറയും മുഖ്യ അജണ്ടയായിരിക്കും മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ ഉല്‍പാദന നിയന്ത്രണം നീട്ടാനുള്ള നീക്കം. 24 രാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള നീക്കം ഉല്‍പാദക രാജ്യങ്ങള്‍ക്ക് ഗുണമായിത്തീരുമെന്ന് എൻജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയരാനും വിപണി സന്തുലിതത്വം നിലനിര്‍ത്താനും നിയന്ത്രണം കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
