സൗദി സമ്പന്നതയുടെ ആദ്യ ഉറവകൾ കണ്ടെത്തിയിട്ട് എൺപതാണ്ട്
text_fieldsറിയാദ്: സൗദി അറേബ്യയിലെ ആദ്യ എണ്ണക്കിണർ കണ്ടെത്തിയിട്ട് എൺപത് വർഷം പൂർത്തിയായി. 1938 മാർച്ച് നാലിനായിരുന്നു രാജ്യത്തെ സമ്പന്നതയിലേക്ക് കൈപിടിച്ചുയർത്തിയ എണ്ണ സമ്പത്തിെൻറ ആദ്യ ഉറവകൾ കണ്ടെത്തിയത്. ‘ദമ്മാം നമ്പർ 7’ എന്ന പേരിലാണ് ഇൗ എണ്ണക്കിണർ അറിയപ്പെടുന്നത്. മരുഭൂമിയുടെ മർമമറിയുന്ന ബിദുനി ഗോത്രത്തിൽപെട്ട ഖമിസ് ബിൻ റിംതാൻ എന്ന ഗ്രാമീണനാണ് ചരിത്രം രേഖപ്പെടുത്തിയ കണ്ടുപിടിത്തത്തിന് മുഖ്യ പങ്കുവഹിച്ചത്. പ്രശസ്ത അമേരിക്കൻ ജിയോളജിസ്റ്റായ മാക്സ് സ്റ്റെയിൻകിയുടെ സഹായിയായാണ് റിംതാൻ പ്രവർത്തിച്ചത്. സൗദിയിലെ എണ്ണക്കിണർ പര്യവേക്ഷണ വിജയത്തിെൻറ കീർത്തി സ്റ്റെയിൻസ്കിക്കാണെങ്കിലും ഇതിൽ മുഖ്യപങ്കുവഹിച്ചത് റിംതാനായിരുന്നു.

മരുഭൂപര്യവേക്ഷണത്തിൽ വിദഗ്ധനായിരുന്ന റിംതാെൻറ സഹായം മാക്സ് സ്റ്റെയിൻകിക്ക് ലഭ്യമാക്കിയത് അന്നത്തെ കിഴക്കൻ പ്രവിശ്യ ഗവർണർ അബ്ദുല്ല ബിൻ ജലവിയുടെ നിർദേശത്തെ തുടർന്നായിരുന്നു. കാലിഫോർണിയ അറേബ്യൻ സ്റ്റാൻഡേർഡ് ഒായിൽ കമ്പനി (ഇന്നത്തെ അരാംകോ) ചീഫ് ജിയോളജിസ്റ്റ് സ്റ്റെയിൻസ്കിയെ സഹായിക്കാൻ ആെള വേണമെന്ന് കമ്പനി സൗദി അറേബ്യയോട് ആവശ്യപ്പെടുകയായിരുന്നു. മരുഭൂമിയിൽ പര്യവേക്ഷണം നടത്തുന്നതിൽ നിപുണനായിരുന്നു റിംതാൻ. ആദ്യ എണ്ണക്കിണർ കൃത്യമായി അടയാളപ്പെടുത്തിക്കൊടുത്തത് റിംതാനായിരുന്നു എന്ന് അമേരിക്കയിലെ ജിയോളജിസ്റ്റ് തോമസ് ബാർഗറിെൻറ ‘ഒൗട്ട് ഇൻ ദ ബ്ലു’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റിംതാെൻറ നൈപുണ്യം അമേരിക്കക്കാരിൽ വലിയ മതിപ്പുളവാക്കിയതായി പുസ്തകം പറയുന്നു. മരുഭൂമിയിലെ മണൽമലകൾ അപ്രത്യക്ഷമായി പകരം രൂപപ്പെടുന്ന വൃത്താകൃതിയിലുള്ള ഗർത്തം എണ്ണക്കിണറിെൻറ അടയാളമാണെന്ന് റിംതാനാണ് ജിയോളജിസ്റ്റുകൾക്ക് പറഞ്ഞുകൊടുത്തത്.
ഇദ്ദേഹം പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ നടത്തിയ ഖനനത്തിലാണ് ആദ്യ എണ്ണക്കിണർ കണ്ടെത്തിയത്. 1959 ൽ അരാംകോ ഹോസ്പിറ്റലിലായിരുന്നു റിംതാെൻറ മരണം.1933 ലാണ് സൗദി അറേബ്യ എണ്ണ പര്യവേക്ഷണത്തിന് അമേരിക്കയിലെ സ്റ്റാൻഡേർഡ് ഒായിൽ ഒാഫ് കാലിഫോർണിയ എന്ന കമ്പനിക്ക് അനുമതി നൽകിയത്. ഇതിെൻറ കീഴിലാണ് കാലിഫോർണിയ അറേബ്യ സ്റ്റാൻഡേർഡ് ഒായിൽ കമ്പനി രൂപവത്കരിച്ചത്. അത് പിന്നീട് അരാംകോ ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
