പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമായി മുഖ്യമന്ത്രിക്ക് ഒ.ഐ.സി.സി നിവേദനം നൽകി
text_fieldsപ്രവാസി നിക്ഷേപ, പുനരധിവാസ, ക്ഷേമ പദ്ധതികൾ ഉന്നയിച്ച് ഒ.ഐ.സി.സി നേതാക്കൾ മുഖ്യമന്ത്രി വി.ഡി സതീശന്
നിവേദനം നൽകുന്നു
ജിദ്ദ: പ്രവാസി നിക്ഷേപ സുരക്ഷ ഉറപ്പാക്കൽ, സമഗ്ര പുനരധിവാസം, ക്ഷേമ പദ്ധതികളുടെ പരിഷ്കരണം എന്നിവ സംബന്ധിച്ച വിവിധ അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനറും ജിദ്ദ കമ്മിറ്റി മുൻ പ്രസിഡൻറുമായ കെ.ടി.എ. മുനീർ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമർപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസിൽ വെച്ചാണ് നിവേദനം കൈമാറിയത്. പ്രവാസികളുടെ നിക്ഷേപങ്ങൾക്ക് പൂർണ സർക്കാർ ഗ്യാരണ്ടിയുള്ള ‘സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ’ രൂപവത്കരിക്കുക, അടിസ്ഥാന സൗകര്യ വികസനം, ഐ.ടി, ടൂറിസം, അഗ്രി-ബിസിനസ്സ് തുടങ്ങിയ ലാഭകരമായ മേഖലകളിൽ പ്രവാസി പങ്കാളിത്തത്തോടെ സംരംഭങ്ങൾ ആരംഭിക്കുകയും സുരക്ഷിതമായ ലാഭവിഹിതം ഉറപ്പാക്കുകയും ചെയ്യുക, മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഇതിൽ തൊഴിൽ മുൻഗണന നൽകുക, നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി കൂടുതൽ ലളിതവും വർഷം മുഴുവൻ എൻറോൾമെൻറ് സൗകര്യമുള്ളതുമാക്കുക, പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, എൻ.ആർ.ഐ കമീഷൻ നിയമം ഭേദഗതി ചെയ്യുകയും വിദേശങ്ങളിൽ നിയമക്കുരുക്കിൽ പെടുന്നവർക്കായി അന്താരാഷ്ട്ര ‘ലീഗൽ എയ്‌ഡ് സെല്ലുകൾ’ രൂപവത്കരിക്കുകയും ചെയ്യുക, പ്രവാസി ക്ഷേമ പെൻഷനായി ഡിജിറ്റൽ ആഗോള പ്രവാസി ലോട്ടറി ആരംഭിക്കുക, പ്രവാസി സഹകരണ സംഘങ്ങളെ ഏകോപിപ്പിച്ച് ‘പ്രവാസി ഫെഡ്’ രൂവത്കരിക്കുക, സാമ്പത്തിക ഭദ്രതയുള്ളവർക്ക് പെൻഷൻ ഒഴിവാക്കാനുള്ള ‘ഓപ്റ്റ്-ഔട്ട്’ സൗകര്യവും സി.എസ്.ആർ ഫണ്ട് വഴി നിർധനർക്ക് പെൻഷൻ സ്പോൺസർഷിപ്പും ഏർപ്പെടുത്തുക തുടങ്ങി നിരവധി നിർദേശങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ള വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും, അടിയന്തര തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളെ ഏൽപ്പിക്കുമെന്നും ഉറപ്പുനൽകിയതായി കെ.ടി.എ. മുനീർ അറിയിച്ചു. ജിദ്ദയിൽ നിന്നുള്ള ഒ.ഐ.സി.സി നേതാക്കളായ സാക്കിർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, നാസിമുദ്ധീൻ മണനാക്, അബ്ദുൽ ഖാദർ കള്ളിവളപ്പിൽ, ജിദ്ദ മുൻ ഭാരവാഹികളായിരുന്ന അബ്ദുൽ റഹീം ഇസ്മാഈൽ, ജോഷി വർഗീസ്, ഷുക്കൂർ വക്കം എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

