പൂർവികർ നേടിയ സ്വാതന്ത്ര്യം ഇന്ന് വർഗീയ ശക്തികളുടെ കൈകളിൽ -ഒ.ഐ.സി.സി റിയാദ്
text_fieldsഒ.ഐ.സി.സി റിയാദ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽനിന്ന്
റിയാദ്: 79ാം സ്വാതന്ത്ര്യദിനം രാജ്യം ആഘോഷിക്കുമ്പോൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് തന്നെ അപകടത്തിലാണെന്നും, സ്വാതന്ത്ര്യം നേടിയ ദിനം വർഗീയ ഫാസിസ്റ്റ് ശക്തികളുടെ കൈകളിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഒ.ഐ.സി.സി റിയാദ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി. സ്വാതന്ത്ര്യ സമര പോരാളികൾ സ്വപ്നം കണ്ടത് എല്ലാ മതങ്ങളും ജാതികളും തുല്യമായി ജീവിക്കുന്ന ഒരു ഇന്ത്യയായിരുന്നു. എന്നാൽ ഇന്നത്തെ ഭരണകൂടം മതവിഭാഗീയതയും ന്യൂനപക്ഷ വേട്ടയും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.നമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യം ജനങ്ങൾക്ക് വേണ്ടിയാണോ, അതോ വർഗീയ രാഷ്ട്രീയത്തിന് വേണ്ടിയാണോ? സമ്പൂർണ ജനാധിപത്യത്തിന്റെ പേരിൽ നടക്കുന്ന ആഘോഷങ്ങൾ വർഗീയ രാഷ്ട്രീയത്തിന്റെ വിജയഗാഥകളായി മാറുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തമെന്നും ഒ.ഐ.സി.സി ഓർമപ്പെടുത്തി.
ബത്ഹ സബർമതിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റിയാദ് ശുമൈസി ആശുപത്രിയിലെ ഡോ. ജോസ് ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷതവഹിച്ചു. സാമൂഹിക പ്രവർത്തകൻ ഇബ്രാഹിം സുബ്ഹാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് മുഖ്യപ്രഭാഷണം നടത്തി.സ്വാതന്ത്ര്യ സമരത്തിൽ രക്തം ചൊരിഞ്ഞവർ കണ്ട സ്വപ്നം മതനിരപേക്ഷവും ജനാധിപത്യവുമായ ഇന്ത്യയാണ്. എന്നാൽ ഇന്ന് രാജ്യം ഒരു വിഭാഗത്തിന്റെ മാത്രം കൈകളിൽ പോകുമ്പോൾ, ഇന്ത്യ വീണ്ടും അടിമത്തത്തിലേക്ക് വഴുതും എന്ന മുന്നറിയിപ്പ് നമ്മെ ഓർമപ്പെടുത്തുന്നതായും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് ആമുഖ പ്രഭാഷണം നടത്തി. തൽഹത്ത് തൃശൂർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. റഷീദ് കൊളത്തറ, അസ്കർ കണ്ണൂർ, അബ്ദുൽ സലീം അർത്തിയിൽ, ബാലുകുട്ടൻ, ഷംനാദ് കരുനാഗപ്പള്ളി, അശ്റഫ് മേച്ചേരി, ഒമർ ഷരീഫ്, ഷിജു വയനാട്, മുനീർ കണ്ണൂർ, സൈനുദ്ദീൻ വല്ലപ്പുഴ, ഹാഷിം ആലപ്പുഴ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ജോൺസൺ മാർക്കോസ് സ്വാഗതവും ജനറൽ സെക്രട്ടറി സക്കീർ ധാനത്ത് നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി കേക്ക് മുറിച്ച് പ്രവർത്തകർ മധുരം പങ്കിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

