മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കണം: ബിജു കല്ലുമല
text_fieldsഒ.ഐ.സി.സി സൗദി കിഴക്കൻ പ്രവിശ്യാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്
ദമ്മാം: ഒ.ഐ.സി.സി സൗദി കിഴക്കൻ പ്രവിശ്യാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ദേശീയപതാക ഉയർത്തിയും മധുരം വിതരണം ചെയ്തും ആവേശപൂർവം ആഘോഷിച്ചു. പ്രസിഡൻറ് ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യസമരത്തിെൻറ മഹത്തായ പാരമ്പര്യത്തെയും അതിലൂടെ ഇന്ത്യ നേടിയ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ ഇന്ത്യക്കാരനും ഏറ്റെടുക്കണമെന്ന് ബിജു കല്ലുമല പറഞ്ഞു.
സ്വാതന്ത്ര്യത്തിെൻറ 80-ാം വർഷത്തിൽ ആഘോഷങ്ങൾക്കൊപ്പം ചില ഗൗരവമായ ചോദ്യങ്ങളും ഉയർത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെൻറ് ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദിയാകണം. ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള അവകാശം പ്രതിപക്ഷത്തിനും ജനങ്ങൾക്കും ഉണ്ടാകണം. വിയോജിപ്പ് രാജ്യവിരുദ്ധതയല്ല, മറിച്ച് ജനാധിപത്യത്തിെൻറ അനിവാര്യ ഘടകമാണ്. അടുത്തിടെ സമാപിച്ച പാർലമെൻറിെൻറ മൺസൂൺ സമ്മേളനത്തിലെ സംഘർഷങ്ങളും തടസ്സങ്ങളും പാർലമെൻററി സംവാദത്തിെൻറ നിലവാരത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.
ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം ശക്തിപ്പെടുത്താനും മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും യുവാക്കൾക്ക് തൊഴിലും അവസരവും ഉറപ്പാക്കാനും പ്രതിജ്ഞ ചെയ്യേണ്ട ദിനമാണ് സ്വാതന്ത്ര്യദിനം. വിദേശത്ത് കഴിയുന്ന പ്രവാസി ഇന്ത്യക്കാരായ നമുക്കും ഈ ജനാധിപത്യ ഉത്തരവാദിത്വത്തിൽ നിന്ന് മാറിനിൽക്കാനാകില്ലെന്നും രാജ്യത്തിെൻറ പുരോഗതിക്കും ജനാധിപത്യത്തിെൻറ സംരക്ഷണത്തിനും ഭരണഘടനാ മൂല്യങ്ങളുടെ നിലനിൽപ്പിനും പ്രവാസി സമൂഹത്തിെൻറ പിന്തുണയും ഇടപെടലും തുടരുമെന്നും ബിജു കല്ലുമല വ്യക്തമാക്കി.
മുൻ ഗ്ലോബൽ വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ്, സൗദി നാഷനൽ വൈസ് പ്രസിഡൻറ് റഫീഖ് കൂട്ടിലങ്ങാടി, പ്രവിശ്യാകമ്മിറ്റി നേതാക്കളായ സക്കീർ പറമ്പിൽ, ജേക്കബ്ബ് പറയ്ക്കൻ, ബിനു പി. ബേബി എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ജനറൽ സെക്രട്ടറി സി.ടി. ശശി നന്ദിയും പറഞ്ഞു. ശ്യം പ്രകാശ്, സുബൈർ പാറയ്ക്കൽ, റഷീദ് പത്തനാപുരം, അസീസ് കുറ്റ്യാടി, അഷ്റഫ് കൊണ്ടോട്ടി, അൻസാർ മലയിൽ, റഫീഖ് അത്തോളി, റഊഫ് കുറ്റ്യാടി, നൗഷാദ് കുറ്റ്യാടി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

