ഒ.ഐ.സി.സി ജി. കാർത്തികേയൻ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ജി. കാർത്തികേയൻ അനുസ്മരണ പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.എം. കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ജി. കാർത്തികേയൻ അനുസ്മരണം സംഘടിപ്പിച്ചു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ തീക്കനൽ വഴികൾ താണ്ടി കേരള നിയമസഭ സ്പീക്കർ പദവി വരെ എത്തിയ സമാനതകളില്ലാത്ത രാഷ്ട്രീയ പോരാട്ടത്തിന്റെ നേർക്കാഴ്ചയാണ് ജി. കാർത്തികേയനെന്ന് പരിപാടിയിൽ സംസാരിച്ചവർ അനുസ്മരിച്ചു.
കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവികളും കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷ പദവിയും വഹിച്ച അപൂർവ വ്യക്തിത്വമാണ് അദ്ദേഹം. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ്, ചീഫ് വിപ്പ്, ഭക്ഷ്യ- പൊതുവിതരണം, സാംസ്കാരികം, ദേവസ്വം, വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ മന്ത്രി തുടങ്ങി ഒരു മനുഷ്യായുസ്സിന് അപ്രാപ്യമായ കർമപഥങ്ങളെ തന്റെ വ്യക്തിപ്രഭയിൽ അവിസ്മരണീയമാക്കിയ നേതാവും ഭരണാധികാരിയുമാണ് അദ്ദേഹം.
അനുസ്മരണയോഗത്തിൽ ജില്ല പ്രസിഡൻറ് സജീർ പൂന്തുറ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.എം. കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. അഡ്വ. എൽ.കെ. അജിത് ആമുഖപ്രഭാഷണം നിർവഹിച്ചു. ഗ്ലോബൽ നേതാക്കളായ അസ്കർ കണ്ണൂർ, റസാഖ് പൂക്കോട്ടുപാടം, റഷീദ് കൊളത്തറ, നാഷനൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ സലിം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, യഹ്യ കൊടുങ്ങല്ലൂർ, നവാസ് വെള്ളിമാട്കുന്ന്, റഫീഖ് വെമ്പായം, അൻസർ വടശേരിക്കോണം, അസർ വർക്കല, ജില്ല പ്രസിഡൻറുമാരായ സുരേഷ് ശങ്കർ, അമീർ പട്ടണം, കരിം കൊടുവള്ളി, ബഷീർ കോട്ടയം, ഷാജി മഠത്തിൽ, ജില്ല നേതാക്കളായ സക്കിർ ദാനത്ത്, ജംഷീർ തുവൂർ, അൻസായി ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു. നാസർ കല്ലറ സ്വാഗതവും ഭദ്രൻ വെള്ളനാട് നന്ദിയും പറഞ്ഞു.