ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറ് അബ്ദുൽ മജീദ് നിര്യാതനായി
text_fieldsറിയാദ്: റിയാദ് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറ് അബ്ദുൽ മജീദ് (57) നിര്യാതനായി. അർബുദ ബാധിതനായി നാട്ടിൽ പോയി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെ രോഗം മൂർച്ഛിച്ച് അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെ 7.30ഓടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. ഖബറടക്കം ഉച്ച കഴിഞ്ഞ് മൂന്നിന് കണ്ണൂർ പാപ്പിനശ്ശേരി വെസ്റ്റ് ജുമാമസ്ജിദിൽ നടക്കും.
മൂന്നു പതിറ്റാണ്ടോളം റിയാദിൽ ബിസിനസ് ചെയ്തിരുന്ന അബ്ദുൽ മജീദ് രോഗബാധിതനായി മൂന്നു മാസം മുമ്പാണ് നാട്ടിലേക്ക് ചികിത്സക്കായി പോയത്. കണ്ണൂർ പാപ്പിനശ്ശേരി വെസ്റ്റ് കൊച്ചായി ഒടിയിൽ നഫീസയുടെയും അബ്ദുൽഖാദറിന്റെയും മകനാണ് അബ്ദുൽ മജീദ്. ഭാര്യമാർ: റഷീദ, സറീന, മക്കൾ: അർഷാദ് (റിയാദ്), ഖൈറുന്നിസ, മഹറൂന്നിസ, നിഹാദ്, മിൻഹാ (മിന്നു). സഹോദരങ്ങൾ: ആസിയ (പരേത), മഹ്മൂദ്, അബ്ദുറഹ്മാൻ, ഖദീജ, ശരീഫ, ഇബ്രാഹിം, സുഹറ.
അബ്ദുൽ മജീദിന്റെ വിയോഗത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു. കഴിഞ്ഞ വർഷമാണ് കണ്ണൂർ ജില്ലാ ഒ.ഐ.സി.സി പ്രസിഡൻറ് ആയി തെരഞ്ഞെടുത്തത്. ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 7.30ന് ബത്ഹയിലെ സബർമതി ഹാളിൽ മയ്യിത്ത് നിസ്കാരവും അനുശോചന സമ്മേളനവും നടക്കുമെന്നു ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

