ജിദ്ദയിൽ ഒ.ഐ.സി.സി പ്രവാസി സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു
text_fieldsജിദ്ദ: പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്കും പരാതികൾക്കും സഹായഹസ്തവുമായി ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഓഫീസിൽ ‘പ്രവാസി സേവന കേന്ദ്രം @ ജിദ്ദ’ ആരംഭിച്ചു. കേരള സർക്കാർ ജൂൺ 15 മുതൽ ജൂലൈ 15 വരെ സംഘടിപ്പിക്കുന്ന നോർക്ക കാമ്പയിെൻറ ഭാഗമായി കേന്ദ്രത്തിൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ആദ്യ അപേക്ഷ ഷൗക്കത്ത് പുഴക്കാട്ടിരിയിൽ നിന്ന് ഒ.ഐ.സി.സി മുതിർന്ന നേതാവ് ചെമ്പൻ അബ്ബാസ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു.
സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരവും പിന്തുണയും ലഭ്യമാക്കുകയാണ് കേന്ദ്രത്തിെൻറ ലക്ഷ്യമെന്ന് ചെമ്പൻ അബ്ബാസ് പറഞ്ഞു. കൺവീനർ ഗഫൂർ വണ്ടൂർ കേന്ദ്രത്തിെൻറ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ട്രഷറർ യാസിർ നായിഫ്, തലാൽ സ്കൂളിലെ ഇബ്നു ശരീഫ്, ഫൈസൽ മക്കരപ്പറമ്പ്, ഇസ്മാഈയിൽ കൂരിപ്പൊയിൽ, ഉസ്മാൻ കുണ്ടുകാവിൽ, സമീർ പാണ്ടിക്കാട്, അനസ് നീലാഞ്ചേരി, ഷംസുദ്ധീൻ വേങ്ങൂർ എന്നിവർ ആശംസകൾ നേർന്നു. യു.എം ഹുസ്സൈൻ മലപ്പുറം സ്വാഗതവും ഉസ്മാൻ മേലാറ്റൂർ നന്ദിയും പറഞ്ഞു.
തൊഴിൽ, നിയമസഹായം, ആരോഗ്യപരിചരണം, വിദ്യാഭ്യാസം, യാത്രാ രേഖകൾ എന്നിവയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കേന്ദ്രത്തിലൂടെ ലഭിക്കും.
എല്ലാ വെള്ളിയാഴ്ചകളിലും രാത്രി എട്ട് മുതൽ 10 വരെയാണ് പ്രവർത്തന സമയം. രേഖകൾ +966547105698 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ അയക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

