ഒ.ഐ.സി.സി ‘കാളിങ് ബൂത്ത്’ ശ്രദ്ധേയമായി
text_fieldsഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മറ്റിക്ക് കീഴിൽ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘കാളിങ് ബൂത്ത്’സിദ്ദീഖ് കല്ലുപറമ്പൻ ആദ്യ കാൾ വിളിച്ച് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘കാളിങ് ബൂത്ത് ശ്രദ്ധേയമായി. വെള്ളിയാഴ്ച അതിരാവിലെ അഞ്ചോടെ പ്രവർത്തകരും നേതാക്കളും കോൺഗ്രസ് ആസ്ഥാനമായ സബർമതിയിലെത്തി മണ്ഡലത്തിലെ വോട്ടർമാരെ വിളിച്ചു ഐക്യജനാധിപത്യ മുന്നണിക്ക് വോട്ടഭ്യർഥിച്ചു. നാട്ടിൽ പോളിങ് ബൂത്ത് പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സൗദിയിൽ ഒ.ഐ.സി.സിയുടെ കാളിങ് ബൂത്ത് തുറന്ന് വോട്ടർമാരെ വിളിച്ചു തുടങ്ങി. ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ ആദ്യ കാൾ വിളിച്ച് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ടി.ടി. ഇസ്മായിൽ അധ്യക്ഷനായി. സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ മുഖ്യാതിഥിയായി. സലിം വാഴക്കാട്, മണ്ഡലം നേതാക്കളായ ഇസ്മായിൽ പുത്തൻ പീടിയേക്കൽ, വി.പി ശംസുദ്ദീൻ, റസാക് കുരിക്കൾ, അൻസാർ കുരിക്കൾ തുടങ്ങി റിയാദിലെ മുതിർന്ന യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

