മക്കയ്ക്കും മദീനയ്ക്കും നേരെയുണ്ടായ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ഒ.ഐ.സി
text_fieldsജിദ്ദ: മക്ക നഗരത്തിനും മദീന മേഖലയ്ക്കും നേരെ ഹൂതി വിഭാഗം നടത്തിയ ക്രൂരമായ ആക്രമണങ്ങളെയും സൗദി അറേബ്യയ്ക്ക് നേരെ തുടരുന്ന അധിനിവേശത്തെയും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒ.ഐ.സി) ജനറൽ സെക്രട്ടറിയേറ്റ് ശക്തമായി അപലപിച്ചു. നിരപരാധികളായ സാധാരണക്കാരിൽ ഭീതി പടർത്തുന്നതും, പുണ്യസ്ഥലങ്ങളുടെയും മസ്ജിദുകളുടെയും പവിത്രതയെ ലംഘിക്കുന്നതും, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണ് ഇത്തരം ആക്രമണങ്ങളെന്ന് ഒ.ഐ.സി വ്യക്തമാക്കി.
പുണ്യസ്ഥലങ്ങൾ, മസ്ജിദുകൾ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെ ഹൂതി ഭീകര മിലിഷ്യ നടത്തുന്ന ഇത്തരം പ്രവൃത്തികൾ ഇസ്‌ലാമിക മൂല്യങ്ങൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും തത്ത്വങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായ ഭീകരവാദമാണെന്ന് ജനറൽ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
പുണ്യസ്ഥലങ്ങളുടെ പവിത്രത ലംഘിക്കുന്നത് അസ്വീകാര്യവും വെച്ചുപൊറുപ്പിക്കാനാവാത്തതുമായ കുറ്റകൃത്യമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ തടയേണ്ടതും ഇത്തരം കേന്ദ്രങ്ങളെ ആക്രമിക്കാൻ മുതിരുന്ന ഏതൊരാളുടെയും ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടതും അത്യന്താപേക്ഷിതമാണെന്ന് സംഘടന ഊന്നിപ്പറഞ്ഞു.
സൗദി അറേബ്യയ്ക്ക് ഒ.ഐ.സി ജനറൽ സെക്രട്ടറിയേറ്റ് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അക്രമികളെ ചെറുക്കുന്നതിനും, പുണ്യസ്ഥലങ്ങളുടെ പവിത്രതയും മുസ്ലീങ്ങളുടെ ജീവനും സംരക്ഷിക്കുന്നതിനും, രാജ്യത്തിെൻറ സുരക്ഷയും പരമാധികാരവും ഉറപ്പുവരുത്തുന്നതിനുമായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സംഘടന പൂർണ പിന്തുണ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

