ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവന; ശക്തമായി അപലപിച്ച് ഒ.ഐ.സി
text_fieldsജിദ്ദ: 'സൗദി മണ്ണിൽ ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക' എന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അസ്വീകാര്യവും നിരുത്തരവാദപരവുമായ പ്രസ്താവനയെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (ഒ.ഐ.സി) ശക്തമായി അപലപിച്ചു. ഇത്തരം പ്രസ്താവനകൾ പ്രകോപനപരമാണെന്നും മറ്റൊരു രാജ്യത്തിൻറെ പരമാധികാരം, ദേശീയ സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയിലേക്കുള്ള ഇസ്രായേൽ കടന്നുകയറ്റമാണെന്നും ഒ.ഐ.സി പ്രസ്താവനയിൽ പറഞ്ഞു.
ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ്. അന്താരാഷ്ട്ര നിയമങ്ങളും തത്വങ്ങളും ഇസ്രാഈൽ തുടർച്ചയായി നിഷേധിക്കുകയാണ്. ഫലസ്തീൻ ജനതയുടെ തിരിച്ചുവരവ്, സ്വയം നിർണ്ണയാവകാശം, ദേശീയ മണ്ണിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കൽ എന്നിവയുൾപ്പെടെയുള്ള അവരുടെ ദേശീയ അവകാശങ്ങളെ മറികടക്കാനുള്ള ഇസ്രായേൽ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം വംശീയ പ്രസ്താവനകൾ വരുന്നതെന്നും ഒ.ഐ.സി ഊന്നിപ്പറഞ്ഞു.
വംശീയ ഉന്മൂലനം, കുറ്റകൃത്യം, അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനം എന്നിവയായി കണക്കാക്കി, ഫലസ്തീൻ ജനതയെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കാനുള്ള പദ്ധതികളെയും ശ്രമങ്ങളെയും ഒ.ഐ.സി വീണ്ടും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഫലസ്തീൻ പ്രദേശത്തെ നിയമവിരുദ്ധമായ ഇസ്രായേലി കൊളോണിയൽ അധിനിവേശവും കുടിയേറ്റവും അവസാനിപ്പിക്കുന്നതിനും 1967 മുതൽ അൽഖുദ്‌സ് തലസ്ഥാനമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശത്തിന്മേൽ ഫലസ്തീൻ രാജ്യത്തിന്റെ പരമാധികാരം നടപ്പിലാക്കുന്നതിനുമുള്ള ശ്രമങ്ങൾ ഇരട്ടിയാക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഒ.ഐ.സി വീണ്ടും ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയ്ക്കും അവരുടെ ന്യായമായ ആവശ്യങ്ങൾക്കും എല്ലാത്തരം പിന്തുണയും നൽകുന്നതിലും പ്രസക്തമായ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിന്റെയും അടിസ്ഥാനത്തിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സമാഹരിക്കുന്നതിലും സൗദി അറേബ്യ നടത്തിയ ഉറച്ച ചരിത്രപരമായ നിലപാടുകളെയും അക്ഷീണ ശ്രമങ്ങളെയും ഒ.ഐ.സി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

