സൗദിയുടെ വനിത ശാക്തീകരണ ശ്രമങ്ങളെ പ്രശംസിച്ച് ഒ.ഐ.സി
text_fieldsകൈറോയിൽ നടന്ന വിമൻ ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡബ്ല്യു.ഡി.ഒ) ഉന്നതതല യോഗം
റിയാദ്: സൗദി അറേബ്യയുടെ വനിത ശാക്തീകരണ ശ്രമങ്ങൾക്ക് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ പ്രശംസ. ഈജിപ്ഷ്യൻ തലസ്ഥാനമായ കൈറോയിൽ നടന്ന വിമൻ ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡബ്ല്യു.ഡി.ഒ) ഉന്നതതല യോഗത്തിൽ ഒ.ഐ.സി സെക്രട്ടറി ഹുസൈൻ ഇബ്രാഹിം താഹക്ക് വേണ്ടി മാനുഷിക, സാമൂഹിക, സാംസ്കാരിക കാര്യങ്ങളുടെ അസി. സെക്രട്ടറി ജനറൽ താരിഖ് അലി ബഖീതാണ് സൗദിയുടെ വനിത ശാക്തീകരണ ശ്രമങ്ങളെ പ്രകീർത്തിച്ചത്.
ഒ.ഐ.സിയുമായി ചേർന്ന് വിദ്യാഭ്യാസ, തൊഴിൽ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ച് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കാമെന്നുള്ള സൗദിയുടെ വാഗ്ദാനത്തെ ബഖീത് സ്വാഗതം ചെയ്തു. സാമ്പത്തിക, വ്യാപാര മേഖലകളിലടക്കം വനിതകൾക്ക് തീരുമാനാധികാരം നൽകണമെന്നും അറബ്, ഇസ്ലാമിക ലോകത്തുടനീളമുള്ള ഡബ്ല്യു.ഡി.ഒയുടെ പ്രവർത്തനങ്ങൾക്ക് ഒ.ഐ.സി പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സ്ത്രീകളുടെ പങ്ക് വർധിപ്പിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളെ ഡബ്ല്യു.ഡി.ഒയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ അഫ്നാൻ അൽ-ശുഐബിയും അഭിനന്ദിച്ചു.
രാജ്യത്തെ സ്ത്രീകൾക്ക് സൗദി ഭരണ നേതൃത്വത്തിൽനിന്ന് ഗണ്യമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. നിരവധി സൗദി വനിതകൾ ഇപ്പോൾതന്നെ രാജ്യത്തിനകത്തും പുറത്തും വിവിധ വ്യവസായങ്ങളിൽ നേതൃത്വം നൽകുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.