വനിത സർവകലാശാലകൾ അടച്ചുപൂട്ടുന്നതിനെ ഒ.ഐ.സി അപലപിച്ചു
text_fieldsജിദ്ദ: അഫ്ഗാൻ ഭരണകൂടം വനിത സർവകലാശാലകൾ അടച്ചുപൂട്ടുന്നതിനെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി അപലപിച്ചു. വനിതകൾക്കുള്ള സർവകലാശാലകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള അഫ്ഗാനിസ്താനിലെ ഭരണകൂടത്തിന്റെ തീരുമാനത്തെ അപലപിക്കുന്നതായി ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ പറഞ്ഞു.
തീരുമാനം അസ്വസ്ഥത ഉളവാക്കുന്നതാണ്. അഫ്ഗാൻ ഭരണകൂടമെടുത്ത തീരുമാനം ഒ.ഐ.സിയെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. സെക്രട്ടറി ജനറലും അഫ്ഗാനിസ്താനിലെ പ്രത്യേക ദൂതനും ഇത്തരമൊരു തീരുമാനമെടുക്കുന്നതിനെതിരെ അധികാരികൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇക്കഴിഞ്ഞ നവംബർ മധ്യത്തിൽ കാബൂൾ സന്ദർശന വേളയിൽ അഫ്ഗാനിസ്താനിലെ സെക്രട്ടറി ജനറലിന്റെ പ്രത്യേക ദൂതനാണ് അവസാന മുന്നറിയിപ്പ് സന്ദേശം കൈമാറിയത്. അഫ്ഗാനിസ്താനിലെ സർവകലാശാലകളിലേക്കുള്ള വനിത വിദ്യാർഥികളുടെ പ്രവേശനം താൽക്കാലികമായി നിർത്തിവെക്കുന്നത് നിലവിലുള്ള സർക്കാറിന്റെ വിശ്വാസ്യത തകർക്കുന്നതിന് കാരണമാകുമെന്ന് ഒ.ഐ.സി കരുതുന്നു.
ഇത് അഫ്ഗാൻ സ്ത്രീകൾക്ക് വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക നീതി എന്നിവക്കുള്ള അടിസ്ഥാന അവകാശങ്ങൾ തുല്യമായി നിഷേധിക്കും. അഫ്ഗാൻ ഭരണകൂടവുമായി ആശയവിനിമയം നടത്തുന്നതിൽ ഒ.ഐ.സി പ്രതിജ്ഞാബദ്ധമാണെങ്കിലും ഈ തീരുമാനത്തെ അപലപിക്കാതിരിക്കാൻ കഴിയില്ല. തീരുമാനം പുനഃപരിശോധിക്കണമെന്ന് അഫ്ഗാൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുവെന്നും ഒ.ഐ.സി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

