മുഴുവൻ സ്കൂളുകളിലും നാളെ മുതൽ ഓഫ്ലൈൻ ക്ലാസുകൾ
text_fieldsയാംബു: പ്രാഥമിക വിദ്യാലയങ്ങളിൽ കൂടി ഞായറാഴ്ച മുതൽ ക്ലാസ് മുറികളിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നു. ഇതോടെ രാജ്യത്തെ മുഴുവൻ സ്കൂളുകളിലും ഓഫ്ലൈൻ ക്ലാസുകളാവും. കോവിഡ് രോഗവ്യാപനത്തിന് കുറവ് വന്നില്ലെങ്കിലും നഴ്സറി തലം മുതലുള്ള എല്ലാ സ്കൂളുകളും തുറന്നു പ്രവർത്തിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.
മഹാവ്യാധിയുടെ ഭീതി കാരണം ഓൺലൈൻ വിദ്യാഭ്യാസം നീണ്ട കാലം തുടർന്നാൽ വിദ്യാർഥികൾക്ക് അവരുടെ ബഹുമുഖമായ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുകയാണെന്ന 'യൂനിസെഫ്'വിലയിരുത്തൽ കൂടി പരിഗണിച്ചാണ് മുഴുവൻ സ്കൂളുകളും തുറക്കാനുള്ള തീരുമാനം. സ്കൂളുകൾ അടച്ചിട്ട് വിദ്യാഭ്യാസ രംഗം താളം തെറ്റിക്കരുതെന്നും യൂനിസെഫ് നിർദേശത്തിലുണ്ട്. അതേസമയം, എല്ലാവിധ കോവിഡ് പ്രോട്ടോകോൾ പാലനം പൂർത്തിയാക്കി വേണം സ്കൂളുകളിലെ പഠന സംവിധാനം ഒരുക്കേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ ആരോഗ്യ സുരക്ഷക്ക് വേണ്ട മുന്നൊരുക്കങ്ങളിൽ കൂടുതൽ ജാഗ്രത കൈക്കൊള്ളണമെന്ന നിർദേശവും മന്ത്രാലയം നൽകി.
രാവിലെയുള്ള അസംബ്ലി ഒഴിവാക്കണമെന്ന സുപ്രധാന നിർദേശമടക്കമുള്ള ചട്ടങ്ങൾ കഴിഞ്ഞദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മന്ത്രാലയം നൽകിയിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ജാഗ്രത കൈക്കൊള്ളുന്നതിന്റെ ഭാഗമായി അടച്ചിട്ട രാജ്യത്തെ പൊതു, സ്വകാര്യ, വിദേശ സ്കൂളുകളിൽ ഇന്റർമീഡിയറ്റ്, സെക്കൻഡറി, സർവകലാശാല തലങ്ങളിൽ കഴിഞ്ഞ ആഗസ്റ്റ് 29 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചിരുന്നു. ഒക്ടോബർ 31ന് മറ്റു തലങ്ങളിലുള്ള സ്കൂളുകളും തുറന്നു പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുറക്കുന്ന തീയതി നീട്ടി. 'മദ്റസത്തീ'എന്ന പ്ലാറ്റ്ഫോമിലൂടെ പ്രാഥമിക വിഭാഗത്തിന്റെയും 'റൗദത്തീ'പ്ലാറ്റ്ഫോമിലൂടെ നഴ്സറി വിഭാഗത്തിന്റെയും ഓൺലൈൻ പഠനം തുടരുകയായിരുന്നു.
പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) അംഗീകരിച്ച ആരോഗ്യ മുൻകരുതലുകളും സ്കൂളുകളിൽ പാലിക്കേണ്ട ചട്ടങ്ങളും പാലിച്ചാണ് സ്ഥാപനങ്ങൾ മുഴുവനും ഓഫ്ലൈൻ സംവിധാനങ്ങളിലേക്ക് നീങ്ങേണ്ടതെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

