തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsസുനിൽ ശങ്കരൻ
തബൂക്ക്: ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതംമൂലം മരിച്ച തൃശൂർ കുന്നംകുളം കേച്ചേരി സ്വദേശി സുനിൽ ശങ്കരന്റെ (53) മൃതദേഹം നാട്ടിലെത്തിച്ചു. സൗദി എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഈ മാസം ഏഴിന് രാത്രി റൂമിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ തബൂക്ക് അമീർ ഫഹദ് ബിൻ സുൽത്താൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തബൂക്ക് തരീക്ക് മദീനയിലെ കാർപെറ്റ്, ചെയർ ഹയറിങ് കമ്പനിയിൽ 15 വർഷത്തിലേറെയായി ജോലിചെയ്തു വരുകയായിരുന്നു. മാസ് തബൂക്ക് ജീവകാരുണ്യ വിഭാഗം പ്രവർത്തകർ നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലയക്കുന്നതിനായി മേൽനോട്ടം വഹിച്ചു.
ജിദ്ദയിലെ കോൺസുലേറ്റുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാൻ ജിദ്ദ നവോദയ പ്രവർത്തകൻ ജോസഫ് വടശ്ശേരിക്കര നേതൃത്വം നൽകി. ഷീജ സുനിലാണ് മരിച്ച സുനിൽ ശങ്കരന്റെ ഭാര്യ. മക്കൾ: എം.എസ്. സ്നേഹ, എം.എസ്. അമൃത (ഇരുവരും വിദ്യാർഥികൾ).

